ലുലു മാളിന്റെ ഭൂമി കൈയേറ്റത്തിനെതിരായ കെഎംആര്‍എലിന്റെ പരാതി പുറത്തുവന്നതോടെ എം എ യൂസഫലിയെ ഓടിക്കാന്‍ സിപിഐ എം തന്ത്രം മെനയുന്നു എന്ന വാദം പൊളിയുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി ഇതുസംബന്ധിച്ച പരാതി ഉന്നയിക്കുന്നതിന് ഏതാണ്ട് ഒരുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ സംവിധാനമായ കെഎംആര്‍എല്‍ പരാതി നല്‍കിയത്. എന്നാല്‍, കോര്‍പറേഷന്‍ അധികൃതര്‍ ഉള്‍പ്പെടെ ഇത് പൂഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് ഇതുസംബന്ധിച്ച ആക്ഷേപം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രംഗത്തുവന്നപ്പോള്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് കള്ളക്കഥ പ്രചരിപ്പിക്കുന്നതായും യൂസഫലിയെ ഓടിക്കാനാണ് ശ്രമമെന്നുമായിരുന്നു ഭരണനേതൃത്വമുള്‍പ്പെടെ എതിര്‍ഭാഗത്തിന്റെ പ്രധാന ആക്ഷേപം. ഇതാണ് കെഎംആര്‍എലിന്റെ പരാതി പുറത്തുവന്നതോടെ പൊളിഞ്ഞത്. കൈയേറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുക, ഇടപ്പള്ളിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയത് ലുലു മാളിന്റെ വരവോടെയായതിനാല്‍ ഇവരില്‍നിന്നുള്‍പ്പെടെ തുക ഈടാക്കി ഇടപ്പള്ളി മേല്‍പ്പാലം പണിയുക എന്നിങ്ങനെ രണ്ട് ആവശ്യങ്ങളാണ് സിപിഐ എം ഉന്നയിച്ചത്. ഇത് കൈയേറ്റത്തിനു പകരമായി മേല്‍പ്പാലത്തിന് പണം ഈടാക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടതായി തെറ്റിദ്ധരിപ്പിക്കാനും ചില കേന്ദ്രങ്ങളില്‍നിന്നും ശ്രമവും നടന്നു.
ലുലു മാളിനോടു ചേര്‍ന്ന മെട്രോ പ്രദേശത്ത് വീണ്ടും സര്‍വേ
കൊച്ചി: ലുലു മാളിനായി ഇടപ്പള്ളിത്തോടിന്റെ പുറമ്പോക്ക് അടക്കമുള്ള ഭൂമി കൈയേറിയതായി ആക്ഷേപം രൂക്ഷമായിരിക്കെ, ലുലു ഭൂമിയുമായി ചേര്‍ന്നുള്ള മെട്രോ റെയില്‍ പദ്ധതി പ്രദേശത്ത് റീസര്‍വേ നടത്താന്‍ തീരുമാനം. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മോഹന്‍ദാസ് പിള്ളയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. അതിനിടെ, ലുലുമാള്‍ പുറമ്പോക്ക് കൈയേറിയെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി മെട്രോ റെയില്‍ കമ്പനി (കെഎംആര്‍എല്‍) നേരത്തെ കളമശ്ശേരി, കൊച്ചി നഗരസഭകള്‍ക്കു പരാതി നല്‍കിയിരുന്നുവെന്ന വിവരം പുറത്തായി. പരാതിയില്‍ കളമശേരി മുനിസിപ്പാലിറ്റി മറുപടി നല്‍കിയെങ്കിലും ഒരുവര്‍ഷം പിന്നിട്ടിട്ടും മറുപടി നല്‍കാന്‍പോലും കൊച്ചി കോര്‍പറേഷന്‍ തയ്യാറായില്ല. കൈയേറ്റവിവാദം ചൂടുപിടിച്ച സാഹചര്യത്തിലാണ് റീസര്‍വേക്ക് ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടത്. താലൂക്ക് സര്‍വേയര്‍ക്കും ഡെപ്യൂട്ടി സര്‍വേയര്‍ക്കുമാണ് ഇതുസംബന്ധിച്ച ചുമതല. സര്‍വേയര്‍മാരുടെ സമയലഭ്യതയ്ക്കനുസരിച്ചാകും തീയതി നിശ്ചയിക്കുക.
മുനിസിപ്പല്‍ പ്രദേശത്ത് തോടരികില്‍നിന്ന് മൂന്നു മീറ്ററും കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ എട്ടു മീറ്ററും വിട്ടേ നിര്‍മാണം പാടുള്ളുവെന്നാണ് ചട്ടമെങ്കിലും ലുലു മാള്‍ ഇതു ലംഘിച്ചുവെന്നാണ് പ്രധാന ആക്ഷേപം. സിപിഐ എമ്മാണ് പരാതി പരസ്യമായി ആദ്യം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് കെഎംആര്‍എല്‍ നേരത്തെ നല്‍കിയ പരാതി പുറത്തുവന്നത്. കൊച്ചി മെട്രോ പദ്ധതിയുടെ സ്ഥലംകൂടി ഉള്‍പ്പെടുന്നിടത്തെ ലുലു മാളിന്റെ കൈയേറ്റം തടയണമെന്നും ഇടപ്പള്ളി കനാലിന്റെ ഇരുവശത്തെയും പുറമ്പോക്കിലെ അനധികൃതനിര്‍മാണം അടിയന്തരമായി നിര്‍ത്താന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് 2012 മെയ് 19നാണ് കെഎംആര്‍എല്‍ കൊച്ചി കോര്‍പറേഷന്റെയും കളമശേരി മുനിസിപ്പാലിറ്റിയുടെയും സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കിയത്. മെയ് 11നു ചേര്‍ന്ന കെഎംആര്‍എല്‍ യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു പരാതി. കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് മെയ് 29ന് കളമശേരി മുനിസിപ്പാലിറ്റി മറുപടി നല്‍കി. കോര്‍പറേഷനാകട്ടെ ഇക്കാര്യം പരിശോധിക്കാനോ മറുപടി നല്‍കാനോ ഇതുവരെ തയ്യാറായതുമില്ല. നിലവില്‍ ലുലു മാളിന്റെ കൈയേറ്റം ഇവിടെ മെട്രോ പദ്ധതിയെപ്പോലും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഇവിടുത്തെ മെട്രോ സ്റ്റേഷനായി ആദ്യം കണ്ടെത്തിയ സ്ഥലവും ഇവര്‍ കൈയേറിയതായി ആക്ഷേപമുണ്ട്. ഇടപ്പള്ളിത്തോടിന് അടിസ്ഥാനരേഖയില്‍ ഉള്ളതിന്റെ പകുതിയില്‍താഴെ വീതി മാത്രമാണ് ഇപ്പോഴുള്ളതെന്നും ആക്ഷേപം നിലനില്‍ക്കുന്നു.
deshabhimani
No comments:
Post a Comment