Friday, May 17, 2013

മേല്‍ത്തട്ടുപരിധി 6 ലക്ഷം


മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിലെ മേല്‍ത്തട്ട് വരുമാനപരിധി ആറുലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ നാലരലക്ഷം രൂപയായിരുന്നു. സര്‍ക്കാര്‍ ജോലികള്‍ക്കും കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനത്തിനും ഈ മേല്‍ത്തട്ടുപരിധി ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഉപഭോക്തൃ വിലസൂചികയിലെ വര്‍ധന കണക്കിലെടുത്ത് സംവരണാനുകൂല്യം കൂടുതല്‍ ജനങ്ങള്‍ക്ക് ലഭിക്കാനാണ് തീരുമാനം. പലതവണ കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്തിട്ടും തീരുമാനമെടുക്കാന്‍ കഴിയാതായപ്പോള്‍ പ്രശ്നം പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാസമിതിക്ക് വിട്ടിരുന്നു. മേല്‍ത്തട്ടുപരിധി ആറുലക്ഷമായി ഉയര്‍ത്താന്‍ സമിതി കഴിഞ്ഞദിവസം ശുപാര്‍ശ നല്‍കി. ഈ ശുപാര്‍ശയാണ് മന്ത്രിസഭായോഗം വ്യാഴാഴ്ച അംഗീകരിച്ചത്. പരിധി ഏഴുലക്ഷം രൂപയെങ്കിലുമാക്കണമെന്ന് മന്ത്രിതലസമിതിയില്‍ ആവശ്യമുയര്‍ന്നിരുന്നു.

പേഴ്സണല്‍മന്ത്രി വി നാരായണസ്വാമി, പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി, പ്രവാസിമന്ത്രി വയലാര്‍ രവി എന്നിവര്‍ പരിധി ഉയര്‍ത്തണമെന്ന് വാദിച്ചു. നഗരങ്ങളില്‍ 12 ലക്ഷവും ഗ്രാമങ്ങളില്‍ ഒമ്പതുലക്ഷവുമായിരിക്കണമെന്ന് ദേശീയ പിന്നോക്കവിഭാഗ കമീഷനും ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, മേല്‍ത്തട്ടുപരിധി ഉയര്‍ത്തുന്നത് യഥാര്‍ഥ പിന്നോക്കക്കാര്‍ക്ക് സംവരണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നായിരുന്നു ധനമന്ത്രി പി ചിദംബരത്തിന്റെ വാദം. മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ സാമൂഹ്യമായി മുന്നില്‍ നില്‍ക്കുന്നവരെ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കാന്‍ 1993ലാണ് ആദ്യമായി മേല്‍ത്തട്ടുപരിധി ഏര്‍പ്പെടുത്തിയത്. ഒരുലക്ഷം രൂപയായിരുന്നു അന്നു പരിധി. പിന്നീട് 2004ല്‍ രണ്ടരലക്ഷം രൂപയായും 2008ല്‍ നാലരലക്ഷമായും ഉയര്‍ത്തി

deshabhimani 170513

No comments:

Post a Comment