Friday, May 17, 2013

ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തല്‍: വേണ്ടത് പ്രവൃത്തി: സിപിഐ എം


ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമോ എന്നത് കാലം തെളിയിക്കുമെന്ന് സിപിഐ എം. ഇതിനാവശ്യമായ പ്രവൃത്തി നടത്തണമെന്നും പാര്‍ടി മുഖപത്രമായ "പീപ്പിള്‍സ് ഡെമോക്രസി"യിലെ മുഖപ്രസംഗത്തില്‍ വിലയിരുത്തുന്നു. തീവ്രവാദ ശക്തികളുടെ കടുത്ത വെല്ലുവിളികളെ നേരിട്ടാണ് പാകിസ്ഥാന്‍ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയാക്കിയത്. രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് സൈനിക അട്ടിമറിയിലൂടെയാണ് പുറത്തായത്. ആസിഫ് അലി സര്‍ദാരി ഗവണ്‍മെന്റിനെതിരായ ജനവികാരം മുതലെടുത്താണ് ഇപ്പോള്‍ വീണ്ടും ഷെരീഫ് അധികാരത്തിലെത്തുന്നത്.

പാകിസ്ഥാനില്‍ ജനാധിപത്യം ഇനിയും ആഴത്തില്‍ വേരോടാനുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഏറെ മുന്നോട്ടുപോകാനുണ്ട്്. തകര്‍ന്ന സമ്പദ്വ്യവസ്ഥയെ നേരേയാക്കാന്‍ അവര്‍ക്ക് ഐഎംഎഫിനെയും അമേരിക്കയെയും ആശ്രയിക്കേണ്ടിവരും. അഫ്ഗാന്‍ സംഘര്‍ഷം പരിഹരിക്കുന്നതിലും അമേരിക്കന്‍ ആശ്രിത വിദേശനയവുമായി ഒത്തുപോകുന്നതിലും അസാമാന്യ മികവ് കാട്ടേണ്ടിവരും. കര്‍സായി ഗവണ്‍മെന്റുമായി ഒരു ചര്‍ച്ചയുമില്ലെന്ന് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പാക് താലിബാനെയും സ്വാധീനിക്കും. തീവ്രവാദത്തെ ആയുധംകൊണ്ടല്ല, സംഭാഷണംകൊണ്ടാണ് നേരിടുകയെന്ന നവാസ് ഷെരീഫിന്റെ പ്രഖ്യാപനത്തെ ജനാധിപത്യവിരുദ്ധരായ താലിബാന്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു. പുതിയ പാകിസ്ഥാന്‍ സൃഷ്ടിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ കഴിയട്ടെയെന്നും സിപിഐ എം മുഖപ്രസംഗത്തില്‍ ആശംസിച്ചു.

deshabhimani 170513

No comments:

Post a Comment