Wednesday, May 15, 2013

കേരളത്തില്‍ മൂന്നിലൊരാള്‍ക്ക് വീട്


3.35 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 1.2 കോടി വീടുകളുണ്ടെന്ന് സെന്‍സസ് രേഖകള്‍. സംസ്ഥാനത്തെ അണുകുടുംബങ്ങളുടെ ചിത്രമാണ് സര്‍വേയില്‍ വ്യക്തമാവുന്നത്. ശരാശരിമൂന്നുപേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ വീടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 58.58 ലക്ഷം വീടുകള്‍ ഗ്രാമപ്രദേശങ്ങളിലാണ്. എറണാകുളം ജില്ലയിലെ 11.74 ലക്ഷം വീടുകളില്‍ 1.37 ലക്ഷത്തിലും താമസക്കാരില്ലെന്നും 2011ലെ സെന്‍സസ് രേഖകള്‍ പറയുന്നു. സംസ്ഥാനത്ത് ഏതാണ്ട് പത്തു ശതമാനത്തിനടുത്ത് വീടുകളില്‍ താമസക്കാരില്ലെന്നതാണ് സ്ഥിതി. ഒരു കുടുംബത്തിന് ഒന്നിലേറെ വീടുള്ളതും മറുനാടുകളില്‍ ജോലി ചെയ്യുന്നതും അനന്തരാവകാശികള്‍ കുറഞ്ഞതുമാണ് ഇതിനു കാരണം. 77 ശതമാനം വീടുകള്‍ താമസത്തിനും പത്തു ശതമാനം വാണിജ്യാവശ്യത്തിനും ഉപയോഗിക്കുന്നതാണെന്നും സര്‍വേ സൂചിപ്പിക്കുന്നു.

30 ശതമാനം വീടുകളില്‍ നാല് അംഗങ്ങള്‍വരെയാണ് താമസം. ഒമ്പത് അംഗങ്ങളിലധികം താമസിക്കുന്ന വീടുകളില്‍ മലപ്പുറമാണ് മുന്നില്‍. 9.7 ശതമാനം. 90 ശതമാനം വീടുകള്‍ സ്വന്തം ഉടമസ്ഥതയിലുള്ളവയാണ്. വാടകവീടുകള്‍ ഏറ്റവും കൂടുതല്‍ വ്യാവസായിക നഗരമായ എറണാകുളത്താണ്- 11.2 ശതമാനം. കേരളത്തില്‍ 89.7 ശതമാനം പേര്‍ ടെലിഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2001-ല്‍ കേവലം 19.1 ശതമാനമായിരുന്നു ടെലിഫോണ്‍ ഉപയോക്താക്കള്‍. ഇന്ത്യയില്‍ ടെലിഫോണ്‍ ഉപയോഗിക്കുന്നവര്‍ ജനസംഖ്യയുടെ 63.2 ശതമാനമാണ്. സംസ്ഥാനത്ത് 11.6 ശതമാനമേ ലാന്‍ഡ്ഫോണ്‍ മാത്രം ഉപയോഗിക്കുന്നുള്ളൂ. 46.8 ശതമാനം പേര്‍ മൊബൈല്‍ ഫോണും 31.3 ശതമാനം പേര്‍ രണ്ടും ഉപയോഗിക്കുന്നവരുമാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 47.4 ശതമാനവും നഗരവാസികളാണ്. ഗ്രാമീണ മേഖലയില്‍പോലും ജനസംഖ്യയുടെ 88 ശതമാനവും ടെലിഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2001-ല്‍ ഗ്രാമങ്ങളില്‍ 15.7 ശതമാനം പേര്‍ക്കാണ് ടെലിഫോണ്‍ സേവനം ലഭ്യമായിരുന്നതെങ്കില്‍ നഗരമേഖലയില്‍ ഇത് 29.3 ശതമാനമാനമായിരുന്നു. നഗരങ്ങളില്‍ ഇപ്പോള്‍ 91.5 ശതമാനം പേരും ടെലിഫോണ്‍ ഉപയോഗിക്കുന്നു.

ജനസംഖ്യയുടെ കാര്യത്തില്‍ പിന്നിലുള്ള വയനാട് ജില്ലയാണ് ടെലിഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും പിറകില്‍- 83.7 ശതമാനം. കോട്ടയമാണ് പട്ടികയില്‍ ഒന്നാമത്- 93.9 ശതമാനം. രണ്ടാംസ്ഥാനത്ത് എറണാകുളവും- 93.6, മൂന്നാമത് കണ്ണൂരുമാണ്- 92.6. 2001-ല്‍ 11.5 പേര്‍ ടെലിഫോണ്‍ ഉപയോഗിച്ചിരുന്ന മലപ്പുറത്ത് ഇപ്പോഴത് 93 ശതമാനം കവിഞ്ഞു. ടെലിവിഷന്‍ കാണുന്നവരുടെ എണ്ണത്തിലുമുണ്ട് സമാനമായ കുതിപ്പ്. 76.8 ശതമാനം കുടുംബങ്ങള്‍ക്കും ടെലിവിഷന്‍ ഉണ്ട്. ഇന്ത്യയില്‍ ടെലിവിഷന്‍ ഉള്ള കുടുംബങ്ങളുടെ ശതമാനം 47.2 ആണ്. പത്തുവര്‍ഷത്തിനിടെ രാജ്യത്ത് ടെലിവിഷന്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ 30 ശതമാനത്തിനടുത്താണ് വര്‍ധന. കഴിഞ്ഞ സെന്‍സസില്‍ 38.8 ശതമാനം കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ടെലിവിഷന്‍ ഉണ്ടായിരുന്നത്. ടെലിവിഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ എറണാകുളമാണ് മുന്നില്‍- 87.9 ശതമാനം. കുടിവെള്ളത്തിന് കിണര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് പത്ത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയത്. 2001-ല്‍ 71.9 ശതമാനം കിണര്‍വെള്ളം ഉപയോഗിച്ചിരുന്നത്. പുതിയ സെന്‍സസില്‍ ഇത് 62 ശതമാനമാണ്. ടാപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം 20.4 ശതമാനത്തില്‍നിന്ന് 29.3 ആയി ഉയര്‍ന്നു. കിണര്‍ വെള്ളം ഉപയോഗിക്കുന്നവരില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയും( 81.3 ശതമാനം) പൈപ്പ് വെള്ളം ഉപയോഗിക്കുന്നവരില്‍ എറണാകുളവുമാണ് (57.2 ശതമാനം) മുന്നില്‍.

deshabhimani

No comments:

Post a Comment