Friday, May 17, 2013

മരുമകള്‍ വേലക്കാരിയല്ലെന്ന് സുപ്രീംകോടതി


മരുമകള്‍ ഭര്‍തൃവീട്ടിലെ കുടുംബാംഗം തന്നെയാണെന്നും വീട്ടുവേലക്കാരിയല്ലെന്നും സുപ്രീംകോടതി. കല്യാണം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീയെ വീട്ടിലെ അംഗമായി തന്നെ കണക്കാക്കണം. ഭര്‍തൃവീട്ടില്‍നിന്ന് തോന്നിയപോലെ ഇറക്കിവിടാനാകില്ല. രാജ്യത്തെ പല ഭര്‍തൃവീടുകളിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും ദീപക് മിശ്രയും അടങ്ങിയ ബെഞ്ച് പറഞ്ഞു.

ഭര്‍തൃവീട്ടില്‍ എത്തുന്ന വധു സംസ്കാരസമ്പന്നമായ പെരുമാറ്റം അര്‍ഹിക്കുന്നു. സ്നേഹത്തോടെയും പരിഗണനയോടെയുമാകണം പെണ്‍കുട്ടിയോടുള്ള ഇടപെടല്‍. അപരിചിതയോടെന്ന പോലെ നിസ്സംഗസമീപനമാകരുത്. വധുവിനോട് ബഹുമാനപൂര്‍ണമായ സമീപനം വിവാഹത്തിന്റെ സാധുതയും പാവനതയും ഉറപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, പല കുടുംബത്തിലും സമീപനം ഇത്തരത്തിലുള്ളതല്ല. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മോശമായ പെരുമാറ്റത്തിന് നിരവധി സ്ത്രീകള്‍ ഇരയാകുന്നു. തീര്‍ത്തും ക്രൂരമായാണ് പലപ്പോഴും സ്ത്രീകള്‍ ഭര്‍തൃവീടുകളില്‍ പരിഗണിക്കപ്പെടുന്നത്. ആശങ്കാജനകമാണിത്. സ്ത്രീധനം, മറ്റേതെങ്കിലും അത്യാഗ്രഹം ഒക്കെയാണ് സ്ത്രീകളെ പീഡിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍. ആത്മഹത്യ ചെയ്യാന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായും കോടതി പറഞ്ഞു. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് സ്ത്രീ ആത്മഹത്യ ചെയ്ത കേസ് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഏഴു വര്‍ഷം തടവിന് വിധിക്കപ്പെട്ട ഭര്‍ത്താവിന്റെ ശിക്ഷ കോടതി ശരിവച്ചു.

deshabhimani 160513

No comments:

Post a Comment