Sunday, May 19, 2013

മാധ്യമങ്ങള്‍ ബൗദ്ധിക ബലപ്രയോഗം നടത്തുന്നു: എം ബി രാജേഷ്


ആലപ്പുഴ: രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗവ്യവസ്ഥയ്ക്ക് അനുകൂലമായ സമ്മതമോ സമവായമോ നിര്‍മിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരചത്വരത്തില്‍ നടന്ന "മാധ്യമങ്ങളും നവമാധ്യങ്ങളും" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്.

ഓരോവിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നിലവിലുള്ള വ്യവസ്ഥയ്ക്ക് ഒരുവിധ പരിക്കും ഏല്‍ക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നു. മാധ്യമങ്ങള്‍ സ്വത്തുടമാവര്‍ഗത്തിന്റെ നിയന്ത്രണത്തിലാണ്. ആശയരൂപീകരണങ്ങളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അഭിപ്രായങ്ങളും നിലപാടുകളും വീക്ഷണങ്ങളും രൂപപ്പെടുത്തുന്നത് കുത്തകകളാണ്. ബൗദ്ധികമായ ബലപ്രയോഗമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അഴിമതികളെക്കുറിച്ച് വളരെ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും അഴിമതിക്ക് കാരണമായ വ്യവസ്ഥിതിയിലേക്ക് ചര്‍ച്ചയെ നയിക്കാന്‍ തയ്യാറാകുന്നില്ല. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന അഴിമതികളുടെ അടിസ്ഥാനം. 2ജി സ്പെക്ട്രം, കല്‍ക്കരി, പ്രകൃതിവാതകം എല്ലാത്തിലെയും അഴിമതി ചര്‍ച്ചയാക്കുന്നുവെങ്കിലും യഥാര്‍ഥ ഉറവിടത്തിലേക്ക് ചര്‍ച്ച എത്താതിരിക്കാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രദ്ധിക്കുന്നു. സമരങ്ങള്‍ എല്ലാം അനാവശ്യമാണെന്ന നിലപാടും അതിനാവശ്യമായ അഭിപ്രായരൂപീകരണവുമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അട്ടപ്പാടിയിലെ പട്ടിണിമരണവും രോഗവും ചര്‍ച്ചയാക്കുന്ന മാധ്യമങ്ങള്‍ അതിന്റെ യഥാര്‍ഥകാരണമായ ഉദാരവല്‍ക്കരണവും സബ്സിഡി വെട്ടിക്കുറയ്ക്കലുമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. ദൃശ്യമാധ്യമങ്ങള്‍ക്ക് വായനക്കാരനും കാഴ്ചക്കാരനും കാര്യമായ പങ്കാളിത്തം നല്‍കാന്‍ കഴിയുന്നില്ല. എന്നാല്‍ നവമാധ്യമങ്ങളാകട്ടെ എല്ലാവര്‍ക്കും പങ്കാളിത്തം നല്‍കുന്നു. അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നു. എല്ലാവര്‍ക്കും പങ്കാളിത്തവും വിമര്‍ശിക്കാനുള്ള അവകാശവും നല്‍കുന്നുവെന്നതും നവമാധ്യമങ്ങളുടെ പ്രത്യേകതയാണ്. രാഷ്ട്രീയഗതി നിയന്ത്രിക്കാന്‍പോലും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് കഴിയുന്ന കാലമാണ് വരാനിരിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

അടച്ചിട്ട മുറിയുടെ സ്വകാര്യതയില്‍ ഇരുന്ന് ആരെയും ആക്രമിക്കാന്‍ കഴിയുന്ന മാധ്യമമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് മാറിയതായി തുടര്‍ന്ന് സംസാരിച്ച മനോരമ ചാനല്‍ ന്യൂസ് എഡിറ്റര്‍ ജോണി ലൂക്കോസ് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ പിണറായി വിജയന്റെ വീടെന്ന പേരില്‍ ഒരുകെട്ടിടത്തിന്റെ ചിത്രം പ്രചരിപ്പിച്ചുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയല്ല. വ്യക്തികളെ ലക്ഷ്യംവച്ചാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയവാദികളാണ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ഉപയോഗിക്കുന്നതില്‍ നല്ലൊരുഭാഗവും. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പകരമാകാന്‍ ഒരിക്കലും സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്ക് കഴിയില്ലെന്നും ജോണി ലൂക്കോസ് പറഞ്ഞു. ഒറ്റപ്പെടുത്തിയുള്ള കുറ്റാരോപണങ്ങളില്‍ ശരിയേതെന്ന് തിരിച്ചറിയുവാനും നവമാധ്യമങ്ങള്‍ സഹായകരമാണെന്ന് മാധ്യമപ്രവര്‍ത്തകനായ ഭാസുരേന്ദ്രബാബു പറഞ്ഞു. നവമാധ്യമങ്ങളിലൂടെ അറിവിന്റെ പുതിയൊരു വാതായനം തുറന്നിരിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു. സെമിനാറില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു അധ്യക്ഷനായി. പി പി ചിത്തരഞ്ജന്‍ സ്വാഗതംപറഞ്ഞു. വി കെ ആദര്‍ശ്, കെ വി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment