Saturday, May 18, 2013
കരാര്‍ ലംഘനത്തിന്റെ ആഘോഷം
കേരളത്തിന്റെ സ്വപ്നപദ്ധതിയായ സ്മാര്‍ട്ട് സിറ്റി റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനായി വിട്ടുനല്‍കികൊണ്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. മുന്‍ യുഡിഎഫ് കരാറില്‍നിന്നു വിഭിന്നമായി ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ സംരക്ഷിച്ചും ഭൂമിയുടെ സ്വതന്ത്ര കൈമാറ്റത്തിന് അവസരമൊരുക്കാതെയുമാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ടീകോമുമായി കരാറൊപ്പിട്ടത്. കരാറിലെ ഈ വ്യവസ്ഥയായിരുന്നു ആ പദ്ധതിയുടെ മേന്മയും. എന്നാല്‍ ഇതുലംഘിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് കൂടുതല്‍ സാധ്യത നല്‍കിയിരിക്കുകയാണിപ്പോള്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എത്തിയിട്ടും പദ്ധതിപ്രകാരം ഒരു ഇഷ്ടികപോലും സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. സ്മാര്‍ട് സിറ്റി പദ്ധതിയുടെ 70 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും ഐടി ആവശ്യത്തിനാവണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ച കരാറിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ ഒന്നാം ഘട്ടത്തിലെ 15 ലക്ഷം ചതുരശ്ര അടി നിര്‍മാണത്തിലെ 60 ശതമാനം, അതായത് ഒമ്പതു ലക്ഷം ചതുരശ്ര അടി മാത്രമാണ് ഐടിക്കായി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 40 ശതമാനം ഐടി ഇതര ആവശ്യങ്ങള്‍ക്കാകും. കമ്പനിയുടെ പ്രഖ്യാപനം വന്നിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല. ജൂലൈ ഒന്നിന് നിര്‍മാണം ആരംഭിക്കുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ഒടുവില്‍ വ്യക്തമാക്കിയിട്ടുള്ളതെങ്കിലും നീളാനാണ് സാധ്യത.
എണ്‍പതു കോടി രൂപയ്ക്ക് ഇന്‍ഫോപാര്‍ക്ക് കൈമാറ്റം, ബ്രാന്‍ഡ്പേര് മറ്റെങ്ങും ഉപയോഗിക്കാതിരിക്കുക, ജില്ലയില്‍ മറ്റ് ഐടി സംരംഭം പാടില്ല, ഭൂമിയുടെ വില 36 കോടി രൂപ, ഇതില്‍ പൂര്‍ണമായും സ്വതന്ത്രാവകാശം, കെട്ടിടത്തിന്റെ 50 ശതമാനം മാത്രം ഐടി വ്യവസായം, ഇന്‍ഫോപാര്‍ക്ക് വിട്ടുനല്‍കിയാല്‍ 2012ഓടെ 5000 തൊഴില്‍, സ്മാര്‍ട്ട് സിറ്റിയിലുള്‍പ്പെടെ ആകെ തൊഴിലവസരം 33,000, സര്‍ക്കാരിന് ഒമ്പതുശതമാനം മാത്രം ഓഹരി, സര്‍ക്കാരിനും ഡയറക്ടര്‍മാര്‍ക്കും അവകാശമില്ല എന്നിങ്ങനെയായിരുന്നു മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകരാറിലെ നിര്‍ദേശങ്ങള്‍. ഇത് പൊളിച്ചെഴുതുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇന്‍ഫോപാര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ത്തന്നെ നിലനിര്‍ത്തുകയും ബ്രാന്‍ഡ് നെയിം ഉപയോഗിക്കുകയും ചെയ്തതുവഴി ഒഴിവായ നഷ്ടം മാത്രം 1012 കോടി രൂപയാണ്. സര്‍ക്കാര്‍മേഖലയില്‍ നിലനിര്‍ത്തിയ ഇന്‍ഫോപാര്‍ക്കില്‍ ഇപ്പോഴുള്ള ജോലിക്കാരാകട്ടെ 8000ത്തിലേറെയും.
കൊരട്ടി, ചേര്‍ത്തല, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ഇന്‍ഫോപാര്‍ക്കുകളും സ്ഥാപിക്കാനായി. ഭൂമിയുടെ വില 36 കോടിയില്‍നിന്ന് 104 കോടിയാക്കി. ഒരുസെന്റ്പോലും വില്‍ക്കാനോ കൈമാറാനോ ആവില്ലെന്നും വ്യവസ്ഥചെയ്തു. ഒരുലക്ഷം പ്രത്യക്ഷ തൊഴിലവസരം സൃഷ്ടിക്കണമെന്നും എല്‍ഡിഎഫ് വ്യവസ്ഥചെയ്തു. സര്‍ക്കാര്‍ ഓഹരി ഒമ്പതില്‍നിന്ന് 26 ശതമാനമാക്കി. ചെയര്‍മാനു പുറമെ രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സര്‍ക്കാരിന്റേതായി. സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തില്ലെങ്കില്‍ യോഗത്തില്‍ ക്വാറം തികയാത്ത രീതിയില്‍ വ്യവസ്ഥചെയ്തു. ഇത്തരത്തില്‍ പഴുതടച്ച കരാറില്‍പ്പോലും കമ്പനിക്ക് തട്ടിപ്പിന് അവസരമൊരുക്കുകയാണ് സര്‍ക്കാരിപ്പോള്‍. പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിട്ടിട്ടും നിര്‍മാണത്തിലെ അനിശ്ചിതത്വവും കണ്ടില്ലെന്നു നടിക്കുന്നു. അടിസ്ഥാനകരാര്‍ ലംഘിക്കാന്‍ ടീകോം കാണിച്ച ധൈര്യം ഇതിന്റെ സൂചനയാണ്. ഇത്തരത്തില്‍ കരാര്‍ലംഘനങ്ങള്‍ ഇനിയെത്ര ഉണ്ടാകുമെന്നേ കണ്ടറിയേണ്ടതുള്ളൂ. അടിസ്ഥാനസൗകര്യങ്ങള്‍ മുഴുവന്‍ ഒരുക്കിയാല്‍ ഓരോ ഘട്ട നിര്‍മാണവും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് 2007 മെയ് 13ന് ഒപ്പിട്ട കരാറില്‍ പറയുന്നത്. 2011 സെപ്തംബറോടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി. ഈ ഘട്ടംമുതല്‍ കരാര്‍വ്യവസ്ഥകള്‍ പാലിച്ച് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതിനു പകരം ഓരോ തടസ്സവാദങ്ങള്‍ ഉന്നയിക്കയാണ് ടീകോം ചെയ്തത്. തങ്ങളുടെ വിഹിതം കൃത്യമായി നല്‍കാതെയും നിര്‍മാണത്തിനായി സമ്മര്‍ദം ചെലുത്താതെയും സര്‍ക്കാരും ഈ തട്ടിപ്പിന് കൂട്ടുനിന്നു. കച്ചവടാര്‍ഥം കരാറില്‍ എങ്ങനെ വെള്ളംചേര്‍ക്കാമെന്നാണ് ഇരുകൂട്ടരുടെയും ഇപ്പോഴത്തെ ആലോചന.
(ഷഫീഖ് അമരാവതി)
ഹൈടെക് വീവിങ്മില്‍ തുറന്നില്ല; ട്രാക്കോ കേബിളില്‍ നിയമനവുമില്ല
തലശേരി: ഉത്തര കേരളത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ വ്യവസായശാലകള്‍ക്ക് ഇനിയും ശാപമോക്ഷമായില്ല. യുഡിഎഫ് ഭരണത്തിന്റെ രണ്ടാം വാര്‍ഷികത്തിലും പിണറായി കിഴക്കുംഭാഗം ഹൈടെക് വീവിങ് മില്‍ അടഞ്ഞുതന്നെ. പിണറായി പടന്നക്കരയിലെ ട്രാക്കോ കേബിള്‍ യൂണിറ്റില്‍ പേരിന് ഉല്‍പാദനം തുടങ്ങിയിട്ടുണ്ടെങ്കിലും ആരെയും പുതുതായി നിയമിച്ചില്ല. ഡെപ്യൂട്ടേഷനില്‍ ഏതാനും തൊഴിലാളികളെ കൊണ്ടുവന്നാണ് ട്രാക്കോ കേബിള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
എല്‍ഡിഎഫ് ഭരണകാലത്ത് റെക്കോഡ് വേഗത്തില്‍ നിര്‍മാണംപൂര്‍ത്തിയാക്കിയ കമ്പനികളാണ് ട്രാക്കോ കേബിളും ഹൈടെക് വീവിങ് മില്ലും. ഭരണമാറ്റത്തോടെയാണ് ഈ വ്യവസായശാലകളുടെ ദുര്‍ഗതി തുടങ്ങിയത്. 2010 ആഗസ്ത് 31ന് വ്യവസായ മന്ത്രി എളമരം കരീം ശിലയിട്ട വീവിങ് മില്ലിന്റെ സ്ഥിതി പരിതാപകരമാണിപ്പോള്‍. ചാര്‍ജിനത്തില്‍ 17 ലക്ഷത്തോളം രൂപ കുടിശ്ശികയായതോടെ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. 2012 ഫെബ്രുവരിയിലാണ് കമ്പനിക്ക് താല്‍ക്കാലിക കണക്ഷന്‍ ലഭിച്ചത്. മിനിമം ചാര്‍ജായി മാസം 1,50,000 രൂപയായിരുന്നു ബില്‍. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരും മൂന്ന് സെക്യൂരിറ്റിക്കാരും ഇനിയും തുറക്കാത്ത ഈ സ്ഥാപനത്തില്‍ ജോലിചെയ്യുന്നുണ്ട്. മില്ലിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പട്ടിക എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയതായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഇത് റദ്ദാക്കി. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 26 കോടി രൂപ മുടക്കിസ്ഥാപിച്ച കമ്പനിയില്‍ നൂറ്റമ്പതോളം പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു. സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ എല്ലാപ്രതീക്ഷയും തകിടംമറിയുകയാണ്. പ്രവര്‍ത്തനം വൈകുന്നതോടെ യന്ത്രസാമഗ്രികള്‍ തുരുമ്പെടുക്കുമെന്നും ആശങ്കയുണ്ട്.
വയറിങ് കേബിളുകള്‍ നിര്‍മിക്കുന്ന ട്രാക്കോ കേബിള്‍ യൂണിറ്റ് 2010 ഫെബ്രുവരി 19നാണ് വ്യവസായ മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്തത്. തൊഴില്‍ നിയമനത്തിന് വിവിധ തസ്തികയിലേക്ക് പരീക്ഷയും അഭിമുഖവും നടത്തി ഷോര്‍ട്ട് ലിസ്റ്റ് ഉള്‍പ്പെടെ തയ്യാറാക്കിയിരുന്നു. ഭരണമാറ്റത്തോടെ എല്ലാം തകിടം മറിഞ്ഞു. നിയമനത്തിന് തയ്യാറാക്കിയ ലിസ്റ്റുതന്നെ റദ്ദാക്കി. ഇതിനെതിരായ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്. 120 സ്ഥിരം ജീവനക്കാര്‍ ആവശ്യമായ കമ്പനിയില്‍ ഇപ്പോള്‍ അപ്രന്റീസ് ഉള്‍പ്പെടെ 35 പേരാണുള്ളത്. ഇവരാകട്ടെ ട്രാക്കോകേബിളിന്റെ മറ്റു യൂണിറ്റുകളില്‍നിന്ന് വര്‍ക്ക് അറേഞ്ചുമെന്റില്‍ എത്തിയവരാണ്. വയര്‍ കേബിളുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിന് എട്ടര കോടി രൂപ മുടക്കിയാണ് 1.17 ഏക്കറില്‍ ട്രാക്കോ കേബിള്‍ യൂണിറ്റ് ആരംഭിച്ചത്. വയറുകളുടെ ഉല്‍പ്പാദനം തുടങ്ങിയിട്ടുണ്ടെങ്കിലും പുതിയ തൊഴില്‍സാധ്യതയെന്ന നാടിന്റെ പ്രതീക്ഷ സഫലമാക്കാന്‍ സര്‍ക്കാരിന് ഇനിയും സാധിച്ചിട്ടില്ല.
പാക്കേജ് അട്ടിമറിച്ചു; കുട്ടനാട് വറുതിയില്‍
ആലപ്പുഴ: സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പാക്കേജ് അട്ടിമറിച്ചതോടെ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങള്‍ പരിസ്ഥിതി തകര്‍ച്ചയുടെ ദുരന്തഭൂമിയായി. പ്രത്യേക പരിരക്ഷ നല്‍കണമെന്ന് നിര്‍ദേശിക്കുന്ന പ്രദേശങ്ങളില്‍ കോളറയും ജലജന്യ രോഗങ്ങളും പടര്‍ന്നു. ആറുകളും തോടുകളും ആഴംകുറഞ്ഞ് പോളയും ജലസസ്യങ്ങളും വളര്‍ന്ന് നീരൊഴുക്ക് നിലച്ചു. ജലാശയങ്ങള്‍ മലിനമായി. കുളിക്കാനും കുടിക്കാനും വെള്ളമില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം തികയ്ക്കുമ്പോഴാണ് ഈ ദുരവസ്ഥ.
കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളായ പുളിങ്കുന്ന്, കാവാലം, വെളിയനാട് പഞ്ചായത്തുകളിലാണ് കോളറയുള്‍പ്പെടെ മാരക ജലജന്യ രോഗങ്ങള്‍ പടര്‍ന്നത്. വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് പതിന്മടങ്ങായി. അനിയന്ത്രിതമായ രാസവള- കീടനാശിനി പ്രയോഗവും കുട്ടനാടിനെ രോഗഗ്രസ്തമാക്കി. കുട്ടനാടിന്റെ ജൈവ വൈവിധ്യവും ആവാസവ്യവസ്ഥയും സംരക്ഷിക്കാനും നീരൊഴുക്ക് പുനഃസ്ഥാപിക്കാനുമായി ആവിഷ്കരിച്ച പദ്ധതികള്‍ യഥാസമയം നടപ്പാക്കാതെ അട്ടിമറിച്ചതാണ് ഈ അവസ്ഥയിലെത്തിച്ചത്. കുട്ടനാട് പാക്കേജില്‍ നിര്‍ദേശിച്ച ഒരു പദ്ധതിയും നടക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കേണ്ട പദ്ധതിയാണ് ഇരുസര്‍ക്കാരും ഒരേകക്ഷിതന്നെ ഭരിച്ചിട്ടും അട്ടിമറിക്കപ്പെട്ടത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും 100 കോടിയില്‍ താഴെ മാത്രമാണ് ചെലവിട്ടത്. ഇതിലേറെയും അഴിമതിയിലൂടെ നടത്തിപ്പുകാരുടെ കീശയിലുമായി.
ഡോ. എം എസ് സ്വാമിനാഥന്‍ തയ്യാറാക്കിയ 1840 കോടിയുടെ പദ്ധതി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അഴിമതിയുംമൂലം കടലാസിലൊതുങ്ങി. മുമ്പ് പലവകുപ്പുകള്‍ നടപ്പാക്കി അഴിമതിയാണെന്ന് തെളിഞ്ഞ പദ്ധതികള്‍ വരെ പാക്കേജിലേക്ക് തിരുകിക്കയറ്റി. ഇതോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ 4000 കോടി വേണമെന്നായി. അഴിമതിക്കു സാധ്യതയുള്ള പദ്ധതികള്‍ ആദ്യമാദ്യം എന്ന ക്രമത്തില്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കി. സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതികളെ യുഡിഎഫും കൂട്ടാളികളും ശാസ്ത്രീയമായി എങ്ങനെ അട്ടിമറിക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് കുട്ടനാട് പാക്കേജ്. വേമ്പനാട്ടു കായല്‍കൂടി ഉള്‍പ്പെടുന്ന കുട്ടനാടിന്റെ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കാമെന്ന ജനങ്ങളുടെ അവസാന പ്രതീക്ഷയും സ്വപ്നങ്ങളുമാണ് ചവിട്ടിമെതിയ്ക്കപ്പെട്ടത്.
(ജി അനില്‍കുമാര്‍)
ജനസമ്പര്‍ക്ക പരിപാടി: ആയിരക്കണക്കിന് അപേക്ഷകള്‍ക്ക് ചരമഗീതം
ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച ആയിരക്കണക്കിന് അപേക്ഷ ചവറ്റുകൊട്ടയിലേക്ക്. മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാത്ത അപേക്ഷകളില്‍ ഇനി തുടര്‍ നടപടികള്‍ വേണ്ടെന്ന് രഹസ്യ നിര്‍ദേശം. പരിഹാരം കാണാത്ത 1.42 ലക്ഷം അപേക്ഷകളാണ് ചവിറ്റുകൊട്ടയിലേക്ക് മാറ്റുന്നത്. ജില്ലാ കലക്ടറേറ്റുകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഈ അപേക്ഷകള്‍ തുടര്‍ന്ന് നശിപ്പിക്കും. കോടികള്‍ ധൂര്‍ത്തടിച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകള്‍ക്കാണ് ഈ ഗതികേട്. അപേക്ഷകള്‍ തീര്‍പ്പാക്കാനും തുടര്‍ച്ചയായി നിരീക്ഷിക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഏര്‍പ്പെടുത്തിയെന്നും മറ്റുമുള്ള പ്രചാരണങ്ങളാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തിയിരുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ളത് തൃശൂര്‍ ജില്ലയിലാണ്. 39,999 എണ്ണം. പത്തനംതിട്ടയില്‍ 32,197 ഉം തിരുവനന്തപുരത്ത് 12,308 ഉം ഇടുക്കിയില്‍ 21,357 ഉം അപേക്ഷകളില്‍ ഒരു നടപടിയും ഉണ്ടായില്ല. സര്‍ക്കാരിന്റെയും ഭരണകക്ഷി നേതാക്കളുടെയും വാക്ക് വിശ്വസിച്ച് അപേക്ഷനല്‍കിയവരാണ് വഞ്ചനയ്ക്ക് ഇരയായത്.
ജനസമ്പര്‍ക്ക പരിപാടിയുടെ സംഘാടനത്തിനുമാത്രം ഖജനാവില്‍നിന്ന് കോടികളാണ് ധൂര്‍ത്തടിച്ചത്. സംഘാടനത്തിനുമാത്രം മൂന്നര കോടിയിലധികം ചെലവഴിച്ചു. വിവിധ ജില്ലകളിലായി താല്‍ക്കാലിക പന്തല്‍ നിര്‍മാണത്തിനും രണ്ടു കോടിയിലധികം ചെലവിട്ടു. സംഘാടനത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ആലപ്പുഴയിലാണ്. 53,61,672 രൂപ. തൊട്ടടുത്ത് കണ്ണൂര്‍- 51,10,250 രൂപ. കോട്ടയത്ത് 48.42 ലക്ഷവും കോഴിക്കോട്ട് 25.74 ലക്ഷവും മലപ്പുറത്ത് 22.97 ലക്ഷവും കൊല്ലത്ത് 22.30 ലക്ഷവും പത്തനംതിട്ടയില്‍ 19.48 ലക്ഷവും വയനാട്ടില്‍ 16.11 ലക്ഷവും. പരസ്യ ഇനത്തിലും ലക്ഷങ്ങള്‍ പൊടിച്ചു. സമീപകാലത്ത് ഗള്‍ഫ് മേഖലയില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളും നിവേദനങ്ങളും അവിടെത്തന്നെ ഉപേക്ഷിച്ചതും വിവാദമായിരുന്നു
deshabhimani 180513
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment