Thursday, May 16, 2013

ഫ്രാന്‍സും മാന്ദ്യത്തില്‍; യൂറോപ്പ് പ്രതിസന്ധിയിലേക്ക്


സാമ്പത്തികമാന്ദ്യത്തില്‍ ഉലയുന്ന യൂറോപ്പില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. യൂറോ നാണ്യമായ 17 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോമേഖല തുടര്‍ച്ചയായ ആറാംപാദത്തിലും (ത്രൈമാസം)സാമ്പത്തികമാന്ദ്യത്തിലായി. 2008-09ലെ സമ്പത്തികത്തകര്‍ച്ച സൃഷ്ടിച്ച മാന്ദ്യത്തേക്കാള്‍ ദീര്‍ഘമാണ് ഇപ്പോഴത്തേത്. മേഖലയിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ഫ്രാന്‍സുകൂടി പട്ടികയിലേക്ക് എത്തിയതോടെ ഒമ്പത് യൂറോ രാജ്യങ്ങള്‍ മാന്ദ്യത്തിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസായ യൂറോസ്റ്റാറ്റ് വ്യക്തമാക്കി.

മൊത്തത്തില്‍ യൂറോമേഖലാസമ്പദ്വ്യവസ്ഥ ജനുവരി-മാര്‍ച്ച് ഘട്ടത്തില്‍ 0.2 ശതമാനമാണ് ഇടിഞ്ഞത്. ഇതിനുതൊട്ടുമുമ്പുള്ള ത്രൈമാസത്തില്‍ ഇടിവ് 0.6 ശതമാനമായിരുന്നു. യൂറോ അംഗീകരിക്കാത്ത ബ്രിട്ടന്‍ അടക്കം പത്ത് രാജ്യങ്ങള്‍കൂടി ഉള്‍പ്പെട്ട 27 അംഗ യൂറോപ്യന്‍ യൂണിയന്റെയാകെ സമ്പദ്സ്ഥിതിയും മോശമാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു പാദങ്ങളില്‍ 0.5 ശതമാനവും 0.1 ശതമാനവും ഇടിവ് രേഖപ്പെടുത്തിയ ഇയു സമ്പദ്വ്യവസ്ഥ ഇതോടെ ഔദ്യോഗികമായി മാന്ദ്യത്തിലായി. തുടര്‍ച്ചയായ രണ്ടു ത്രൈമാസ കണക്കെടുപ്പില്‍ വളര്‍ച്ച പിന്നോട്ടടിക്കുന്ന സാഹചര്യത്തെയാണ് സാമ്പത്തികമാന്ദ്യമെന്ന് വിശേഷിപ്പിക്കുന്നത്. 2011ന്റെ അവസാനപാദംമുതല്‍തന്നെ യൂറോമേഖല മാന്ദ്യത്തിലാണ്. ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങി കടക്കെണിയില്‍പ്പെട്ട രാജ്യങ്ങളെയാണ് ആദ്യം മാന്ദ്യംപിടികൂടിയത്. ഇത് ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മനിയും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിച്ചില്ലെന്ന് ബുധനാഴ്ച പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സാമ്പത്തികമാന്ദ്യമാണ് ഇപ്പോള്‍ നേരിടുന്നത്.

ഫ്രാന്‍സുകൂടി മാന്ദ്യത്തിലേക്ക് വീണത് മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഈവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫ്രാന്‍സിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 0.2 ശതമാനം ഇടിഞ്ഞെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജന്‍സിയായ "ഇന്‍സീ" വ്യക്തമാക്കി. കഴിഞ്ഞവര്‍ഷത്തിന്റെ അവസാനപാദത്തിലും ഇതേ ഇടിവാണ് രേഖപ്പെടുത്തിയത്. 2008നുശേഷം ഫ്രാന്‍സ് നേരിടുന്ന മൂന്നാം സാമ്പത്തികമാന്ദ്യമാണിത്. ഫ്രാന്‍സ്വാ ഓളന്ദ് പ്രസിഡന്റായി ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഫ്രാന്‍സ് വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് വീണത്. കഴിഞ്ഞ ഒരുവര്‍ഷക്കാലവും സാമ്പത്തിക പ്രതിസന്ധിയോട് പൊരുതുകയായിരുന്നു ഓളന്ദിന്റെ സര്‍ക്കാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഫ്രാന്‍സിന്റെ സമ്പദ്വ്യവസ്ഥ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. 2012ന്റെ തുടക്കത്തിലാണ് ഇതിനുമുമ്പ് ഫ്രാന്‍സ് മാന്ദ്യത്തിലായത്. 10.6 ശതമാനത്തിലേക്ക് ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്ക് ഫ്രാന്‍സിന്റെ സമ്പദ്വ്യവസ്ഥയുടെ കുഴപ്പം വ്യക്തമാക്കുന്നുവെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കാര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ വിപണി ഈവര്‍ഷം 0.9 ശതമാനം ഇടിഞ്ഞു. യൂറോപ്പിലാകെ നിലനില്‍ക്കുന്ന കുഴപ്പമാണ് തങ്ങളെയും ബാധിച്ചതെന്ന് ഫ്രഞ്ച് ധനമന്ത്രി പിയറി മസ്കോവിസി അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗലിന്റെ ജിഡിപി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.9 ശതമാനവും ഇറ്റലിയുടേത് 0.5 ശതമാനവും ഇടിഞ്ഞു. യൂറോയിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായ ഇറ്റലി തുടര്‍ച്ചയായ ഏഴാം പാദത്തിലും മാന്ദ്യത്തില്‍നിന്ന് കരകയറിയിട്ടില്ല. അതിനിടെ, കടക്കെണിയിലായ സൈപ്രസിന് 1300 കോടി ഡോളറിന്റെ പാക്കേജ് ഇയു പ്രഖ്യാപിച്ചു. ആദ്യഘട്ടമായി 260 കോടി ഡോളര്‍ ബ്രസല്‍സില്‍ചേര്‍ന്ന ഇയു യോഗം അനുവദിച്ചു. ഗ്രീസിനും പോര്‍ച്ചുഗലിനും പുതിയ സഹായഗഡുക്കള്‍ അനുവദിച്ചു. മിക്ക യൂറോ രാജ്യങ്ങളും വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പിടിച്ചുനില്‍ക്കാനായി ഏര്‍പ്പെടുത്തിയ ചെലവുചുരുക്കല്‍ നടപടി വലിയ ജനകീയ പ്രതിഷേധത്തിനും അതുവഴി രാഷ്ട്രീയമാറ്റങ്ങള്‍ക്കുംവരെ വഴിവച്ചു.

deshabhimani

No comments:

Post a Comment