Wednesday, May 15, 2013

എംജി കോളേജ്: ക്ലാസ്മുറികള്‍ വിട്ടുനല്‍കാന്‍ എബിവിപിക്ക് ഉത്തരവ് കൈമാറി


എം ജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ കൈയടക്കിവച്ചിരിക്കുന്ന ക്ലാസ്മുറികള്‍ വിട്ടുനല്‍കാനും കൊടിമരങ്ങള്‍ നീക്കംചെയ്യാനുമുള്ള ഹൈക്കോടതി ഉത്തരവ് കൈമാറി. എബിവിപി ജില്ലാ കണ്‍വീനര്‍ അനീഷ്, എം ജി കോളേജ് യൂണിറ്റ് ഭാരവാഹികളായ മണികണേ്ഠശ്വരം സ്വദേശി അഭിലാഷ്, കേരളാദിത്യപുരം സ്വദേശി വിപിന്‍കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി പ്രത്യേക ദൂതന്‍വഴി കത്ത് നല്‍കിയിട്ടുള്ളത്.

രണ്ടാം ക്ലാസ് മുറിയാണ് എബിവിപി സംഘം കൈയേറിയിരിക്കുന്നത്. വിദ്യാര്‍ഥികളെ ഈ മുറികളില്‍ എത്തിച്ച് വിചാരണ നടത്തലും മര്‍ദിക്കുകയുമാണ് പതിവ്. കോളേജ് വളപ്പിലെ എബിവിപി കൊടിമരങ്ങളും കൊടിയും ബാനറുകളും പോസ്റ്ററുകളും നീക്കംചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ക്യാമ്പസിന്റെ മതേതരത്വം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തുന്നതായി മാനേജ്മെന്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി എബിവിപി നേതാക്കള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുള്ളത്. കോളേജിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ കോളേജ് പ്രിന്‍സിപ്പലിനുനേരെ ഭീഷണിയും ഉയര്‍ന്നു. എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചാല്‍ ഗുരുതര ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ആര്‍എസ്എസ്-എബിവിപി ക്രിമിനല്‍ സംഘമാണ് ഇതിനുപിന്നില്‍. ഇതേക്കുറിച്ച് പ്രിന്‍സിപ്പല്‍ എഡിജിപിക്ക് പരാതി നല്‍കി. പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്ററുകളും കോളേജില്‍ പതിച്ചു. ഇത് പേരൂര്‍ക്കട പൊലീസ് എത്തി നീക്കംചെയ്തു. ആര്‍എസ്എസുകാരുടെ സഹായത്തോടെ എബിവിപികാര്‍ താലിബാന്‍ മോഡല്‍ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കോളേജിനുള്ളില്‍ നടക്കുന്ന ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളെ മര്‍ദിക്കുന്നു. പ്രവേശന സമയത്തും അല്ലാതെയും വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധ പിരിവ് നടത്തുന്നു. അധ്യാപകരെയും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് സ്വരക്ഷയ്ക്ക് മാനേജ്മെന്റ് രംഗത്തിറങ്ങിയത്.

deshabhimani

No comments:

Post a Comment