Wednesday, May 15, 2013

സമരവീര്യത്തിന്റെ സംഘശക്തിയായി മഹാറാലി

തൃശൂര്‍: നാടിന്റെ ഉന്നതിയിലും ജനപക്ഷവികസനത്തിലും സര്‍ക്കാര്‍ ജീവനക്കാര്‍ സമര്‍പ്പിതസേവനത്തിന്റെ മാതൃകയാകുമെന്ന പ്രഖ്യാപനവുമായി പതിനായിരങ്ങളുടെ മഹാറാലി. ദീപശിഖ ആലേഖനംചെയ്ത ചെമ്പതാകകളുമായി നഗരത്തെ മണിക്കൂറുകളോളം പിടിച്ചുലച്ച ജനമുന്നേറ്റത്തോടെ കേരള എന്‍ജിഒ യൂണിയന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തിന് പ്രൗഢഗംഭീര സമാപനം. കേരളത്തിലെ സിവില്‍ സര്‍വീസിന്റെ ചരിത്രത്തിലെ സുവര്‍ണരേഖയായി മാറി സുവര്‍ണജൂബിലി സമ്മേളനവും. സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വീസ് സംഘടനയുടെ സമാപന റാലി പ്രഖ്യാപിച്ചതിനേക്കാള്‍ വിപുലമായ ജനപങ്കാളിത്തംകൊണ്ട് സമ്പന്നമായി. അമ്പതാണ്ടിന്റെ സമരവീര്യം കൈവരിച്ച അംഗീകാരത്തിന്റെ വിളംബരംകൂടിയായി അത് മാറി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജീവനക്കാരേയും കുടുംബാംഗങ്ങളേയുംകൊണ്ട് ചെങ്കൊടി കെട്ടിയ വാഹനങ്ങള്‍ ഉച്ചയോടെ നഗരത്തിലേക്ക് പ്രവഹിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലോടെ ശക്തന്‍ നഗരി കേന്ദ്രീകരിച്ചാണ് മഹാമുന്നേറ്റത്തിന് തുടക്കമായത്. മുന്നില്‍ സംസ്ഥാന ഭാരവാഹികള്‍, തൊട്ടു പിന്നില്‍ അമ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രതീകമായി 25 വനിതകളും 25 പുരുഷന്മാരും. തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട്വരെയുള്ള ജില്ലകളില്‍നിന്നുള്ളവര്‍. ഏറ്റവും പുറകില്‍ ആതിഥേയ ജില്ലയും അണിനിരന്നു. റാലി പ്രദക്ഷിണവഴി ചുറ്റി മണികണ്ഠനാല്‍കൂടി പൊതുസമ്മേളന വേദിയായ വിദ്യാര്‍ഥികോര്‍ണറിലെ സി ഒ പൗലോസ് നഗറില്‍ സംഗമിച്ചു. നാടന്‍കലാരൂപങ്ങളും വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും പ്രകടനത്തിന് കൊഴുപ്പേകി. "പെന്‍ഷന്‍ സുരക്ഷ, ജനപക്ഷ സിവില്‍ സര്‍വീസ്" എന്ന മുദ്രാവാക്യമുയര്‍ത്തുന്ന സുവര്‍ണജൂബിലി സമ്മേളനം പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിലും ഗൗരവമായി ഇടപെടുമെന്ന് ജീവനക്കാര്‍ പ്രഖ്യാപിച്ചു. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എ എ അസീസ് എംഎല്‍എ, മാത്യു ടി തോമസ് എംഎല്‍എ, എ കെ ശശീന്ദ്രന്‍ എംഎല്‍എ, പി സി തോമസ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ എ സി മൊയ്തീന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം പ്രൗഢഗംഭീരം

തൃശൂര്‍: കേരള എന്‍ജിഒ യൂണിയന്‍ സുവര്‍ണജൂബിലി സമ്മേളനത്തിന്റെ സമാപനറാലി ചരിത്രത്തില്‍ ഇടം നേടും മഹാമുന്നേറ്റമായി. ചരിത്രപ്രസിദ്ധമായ തേക്കിന്‍കാടു മൈതാനി ജീവനക്കാരുടെ സംഘശക്തിയില്‍ പ്രകമ്പനംകൊണ്ടു. സമീപകാലത്ത് തൃശൂര്‍ കണ്ട ഏറ്റവും വലിയ സമ്മേളനമായി അതു മാറി. ട്രേഡ്യൂണിയന്‍-സര്‍വീസ്സംഘടനാ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യംകൊണ്ട് സമാപനസമ്മേളനവും പ്രൗഢമായി ആതിഥേയജില്ലയിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച "വരവേല്‍ക്കുന്നൂ സഖാക്കളേ" എന്ന സ്വാഗതഗാനത്തോടെയാണ് പൊതുസമ്മേളനം തുടങ്ങിയത്. സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ട്രേഡ്യൂണിയന്‍ ഇന്റര്‍നാഷണല്‍ ഫോര്‍ പബ്ലിക് എംപ്ലോയീസ് പ്രസിഡന്റ് ലുലാമിലെ സൊതാക്ക, സുകോമള്‍ സെന്‍, കെ രാധാകൃഷ്ണന്‍ എംഎല്‍എ, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വര്‍ഗീസ്, സിഐടിയു മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പി ആര്‍ കൃഷ്ണന്‍, സുനില്‍ജോഷി, യു പി ജോസഫ്, പി കെ ഷാജന്‍ എന്നിവര്‍ സംബന്ധിച്ചു. സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച പ്രദര്‍ശനം ഒരുക്കിയ യൂണിയന്‍ നേതാക്കളായ ബി ആനന്ദക്കുട്ടന്‍, എല്‍ ശെല്‍വരാജ് എന്നിവര്‍ക്ക് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉപഹാരം നല്‍കി.

പെന്‍ഷന്‍ സംരക്ഷണത്തിനും ജനപക്ഷ സിവില്‍ സര്‍വീസിനും പോരാടുക

തൃശൂര്‍: കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിക്കാനും സേവനമേഖല ജനസൗഹൃദമാക്കാനും മുഴുവന്‍ ജീവനക്കാരോടും കേരള എന്‍ജിഒ യൂണിയന്‍ അഭ്യര്‍ഥിച്ചു. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി തൊഴില്‍ നിഷേധിച്ച് വേതനവും പെന്‍ഷനും സബ്സിഡികളും സാമൂഹ്യക്ഷേമ പദ്ധതികളും വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. 2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍വീസില്‍ വരുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സ്വകാര്യവല്‍ക്കരണം, കരാര്‍വല്‍ക്കരണം, ദിവസക്കൂലി നിയമനം എന്നിവ വഴി സ്ഥിരം സര്‍വീസ് എന്ന സങ്കല്‍പ്പം ഇല്ലാതാകുന്നു. നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ ഇല്ലാതാക്കി രാജ്യത്തെ ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. എംപവേര്‍ഡ് കമ്മിറ്റി ശുപാര്‍ശകളുടെ മറവില്‍ സിവില്‍ സര്‍വീസിനെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. വെള്ളക്കരവും വൈദ്യുതിനിരക്കും കൂട്ടിയതിനോടൊപ്പം ജല അതോറിറ്റിയും കെഎസ്ഇബിയും സ്വകാര്യമേഖലക്ക് കൈമാറാനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു. വിലക്കയറ്റം അതിരൂക്ഷമാകുമ്പോഴും പൊതുവിതരണരംഗത്ത് ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഭരണനേതൃത്വം ജാതിമതസംഘടനകള്‍ക്ക് വിധേയരാവുന്നു. ക്രമസമാധാനം ഗുരുതരമായ തകര്‍ച്ചയിലും. ക്രിമിനലുകളും മാഫിയകളുമാണ് സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യവളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കിയ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ വര്‍ഗീയശക്തികള്‍ കൈയടക്കാന്‍ ശ്രമിക്കുകയുമാണ്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം.

സംസ്ഥാന സെക്രട്ടറി ടി സി മാത്തുക്കുട്ടി അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വി പി സിന്ധു (കാസര്‍കോട്), കെ കെ ഇന്ദിരാഭായ് (കണ്ണൂര്‍), പി വി മാത്യു (വയനാട്), കെ സി ഗിരിജ (കോഴിക്കോട്), വി കെ രാജേഷ് (മലപ്പുറം), ആര്‍ സാജന്‍ (പാലക്കാട്), പി കെ മോഹനന്‍ (തൃശൂര്‍), കെ എന്‍ ബേബിവനജ (എറണാകുളം), കെ കെ കരുണാകരന്‍ (ഇടുക്കി), വി പി രജനി (കോട്ടയം), എം ഡി തമ്പാന്‍ (ആലപ്പുഴ), പ്രസാദ് മാത്യു (പത്തനംതിട്ട), പി ജോസഫ് മെന്‍ഡസ് (കൊല്ലം), എം എസ് ശ്രീവത്സന്‍ (തിരുവനന്തപുരം നോര്‍ത്ത്), എം കെ ഷീജ (തിരുവനന്തപുരം സൗത്ത്) എന്നിവര്‍ പങ്കെടുത്തു. മറുപടിക്കുശേഷം പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.

വി കെ ഷീജ വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍

തൃശൂര്‍: കേരള എന്‍ജിഒ യൂണിയന്‍ വനിതാ സബ്കമ്മിറ്റി കണ്‍വീനറായി വി കെ ഷീജയെ തെരഞ്ഞെടുത്തു. രഹ്ന പി ആനന്ദും പി സരളയുമാണ് ജോയിന്റ് കണ്‍വീനര്‍മാര്‍ കമ്മിറ്റി അംഗങ്ങള്‍: ടി പി ഉഷ, എം പി ശ്രീമണി, വി പി സിന്ധു, എം കെ സൈബുന്നിസ, വി വി വനജാക്ഷി, കെ കെ ഇന്ദിരാഭായി, പി വി ഏലിയാമ്മ, എ എന്‍ ഗീത, കെ സൈനബ സിന്ധു രാജന്‍, കെ വി ഗീതാജ്ഞലി, എം കെ വസന്ത, സോഫിയ ബി ജെയിന്‍സ്, ടി കേസരിദേവി എം പി കൈരളി, മേരി സില്‍വസ്റ്റര്‍, പി ജെ രമണി എ ജി രാധാമണി, എം രാഗിണി എ എന്‍ ബേബി വനജ, എന്‍ ജി തിലകം, കെ എസ് ബിന്ദു, രാജമ്മ രഘു, എം വി സുഭദ്ര, ജെ ജയപ്രഭ, സീമ എസ് നായര്‍, വി പി രജനി, രമ്യ എസ് നമ്പൂതിരി, എസ് ഉഷാകുമാരി, ബിന്ദു ചിദംബരം, പി എം ചന്ദ്രലേഖ, എസ് സുഷമ, ആര്‍ ഉമാ വര്‍മ, എസ് ജയശ്രീ, എസ് സുശീല, എസ് ശ്രീദേവി, ആര്‍ അനിത, എല്‍ രാജി, ജി ധന്യ, സി എന്‍ ഹേമലതാ ദേവി, വി ഗിരിജാമണി, എം അജിത, ടി അജിത, പി വി താര, ടി കെ കുമാരി സതി, പി ആര്‍ ആശാലത, എം ജെ ഷീജ, എസ് എസ് ബിജി.

deshabhimani

No comments:

Post a Comment