കേരള രാഷ്ട്രീയത്തില്‍ ചരിത്രപ്രധാനമായ ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ സ്മരണ അയവിറക്കി നേതൃസംഗമം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മുതിര്‍ന്ന സിപിഐ എം നേതാവ് പി കെ ചന്ദ്രാനന്ദന്‍, സുഗതകുമാരി തുടങ്ങി പ്രമുഖരുടെ സംഗമവേദി. റോസമ്മ പുന്നൂസിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഈ സംഗമം. "57ലെ ഇ എം എസ് സര്‍ക്കാരിനു നിര്‍ണായകമായിരുന്നു ദേവികുളം ഉപതെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി റോസമ്മ പുന്നൂസ്, വി എസ് അനുസ്മരിച്ചു:
""സര്‍ക്കാരിന്റെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലായിരുന്നു തെരഞ്ഞെടുപ്പ്. അന്ന് ഇ എം എസിന്റെ വീട്ടില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ പാര്‍ടി അഖിലേന്ത്യ സെക്രട്ടറി അജയഘോഷ് പങ്കെടുത്തിരുന്നു. സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായരോട് അജയഘോഷ് ചോദിച്ചത് "57ലെ സര്‍ക്കാരില്‍ എറ്റവും കൂടുതല്‍ അസംബ്ലി മെമ്പര്‍മാരെ വിജയിപ്പിച്ച ജില്ല ഏതെന്നായിരുന്നു. അത് ആലപ്പുഴയാണെന്നും ജില്ലാ സെക്രട്ടറി വി എസ് അച്യുതാനന്ദന്‍ ഇവിടിരിപ്പുണ്ടെന്നും എം എന്‍ അഖിലേന്ത്യ സെക്രട്ടറിയോട് പറഞ്ഞു. അന്ന് ഒമ്പത് അംഗങ്ങളെയാണ് ആലപ്പുഴയില്‍നിന്ന് വിജയിപ്പിക്കാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ അജയഘോഷ് പറഞ്ഞത് അദ്ദേഹത്തെ എത്രയും വേഗം ദേവികുളത്തേക്ക് അയക്കുക എന്നായിരുന്നു. ദേവികുളം മേഖലയിലെ തമിഴ് നാട്ടുകാരുടെയും മലയാളികളായ നാട്ടുകാരുടെയും പങ്ക് ഫലപ്രദമായി ഉപയോഗിച്ചാണ് റോസമ്മയ്ക്ക് അഭിമാനകരമായ വിജയം നേടിക്കൊടുക്കാനായത്. അന്നത്തെ നേട്ടം അഭിമാനകരമായിരുന്നു. ഇപ്പോഴും ആരോഗ്യവതിയായി റോസമ്മ ഇരിക്കുന്നൂവെന്നറിയുന്നതില്‍ ഏറെ സന്തോഷം ഉണ്ട്. ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിച്ചിരിക്കട്ടെ""
പിറന്നാള്‍ ദിനം മെയ് 13 ആയിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുകളും ശനിയാഴ്ചയാണ് ചടങ്ങു സംഘടിപ്പിച്ചത്. സിപിഐ എം മുതിര്‍ന്ന നേതാവ് പി കെ ചന്ദ്രാനന്ദന്‍ പുഷ്പഹാരം അണിയിച്ചാണ് ജന്മദിനാശംസകള്‍ നേര്‍ന്നത്. നേരത്തെ എത്തിയ സുഗതകുമാരിയും റോസമ്മ പുന്നൂസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മാത്യു ടി തോമസ് എംഎല്‍എ , സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment