തിരു: ഡിസിസി ഓഫീസില്‍ ആദരിക്കാന്‍ ക്ഷണിച്ചുവരുത്തിയ സ്വാതന്ത്ര്യസമരസേനാനികളും കുടുംബാംഗങ്ങളും കോണ്‍ഗ്രസുകാരുടെ ഉന്തിലും തള്ളിലും കുടുങ്ങി വലഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ ഭാഗമായി ആദരിക്കാന്‍ ക്ഷണിച്ചുവരുത്തിയവരാണ് ചാനല്‍-പത്ര ക്യാമറകളില്‍ മുഖം കാണിക്കാന്‍ ഇടിച്ചുകയറിയ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടയില്‍പ്പെട്ടത്. സ്വാതന്ത്ര്യസമരകാലത്തെ അനുഭവം ഇത്ര കഠിനമായിരുന്നില്ലെന്ന് അവരില്‍ ചിലര്‍ പറയാതെ പറഞ്ഞു.
വ്യാഴാഴ്ച കാലത്ത് എട്ടരയ്ക്കായിരുന്നു ആദരിക്കല്‍. സ്വാതന്ത്ര്യസമരസേനാനികള്‍ എത്തുമ്പോഴേക്ക് കസേരകളെല്ലാം രണ്ടാം നിരനേതാക്കള്‍ കൈയടക്കി. ചില പ്രമുഖ നേതാക്കള്‍ പാടുപെട്ട് ഏതാനും കസേരകള്‍ ഒഴിപ്പിച്ച് സ്വാതന്ത്ര്യസമരസേനാനികളെ ഇരുത്തി. ഇവരുടെ പ്രായാധിക്യമൊന്നും കസേര പിടിച്ച നേതാക്കളെ അലട്ടിയില്ല. ഇതിനിടെ ചില കോണ്‍ഗ്രസുകാര്‍ ക്യാമറയില്‍ പതിയാന്‍ പറ്റിയ ഇടം നോക്കി കസേര സഹിതം സ്ഥലം മാറിക്കൊണ്ടിരുന്നു. ആദരിക്കല്‍ ചടങ്ങിനെത്തിയവരും മാധ്യമപ്രവര്‍ത്തകരും ഒഴികെയുള്ളവര്‍ പുറത്തു പോകണമെന്ന ദയനീയ അഭ്യര്‍ഥന മുഴങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒമ്പതു മണിയോടെ ചെന്നിത്തല എത്തിയതോടെ ഇടിക്ക് ശക്തിയേറി. പ്രസിഡന്റിനെ മുഖം കാണിക്കാന്‍ ഒരു കൂട്ടര്‍ തിക്കിത്തിരക്കി. തള്ളിക്കയറിയ ഒരു സംഘം പ്രസിഡന്റിന്റെ കസേരയ്ക്ക് പിന്നില്‍ ചുവടുറപ്പിച്ചു. മാറാന്‍ നിര്‍ദേശം വന്നെങ്കിലും അനങ്ങാന്‍ കൂട്ടാക്കാതെ ബലം പിടിച്ചുനിന്നു. മുന്‍നിരയില്‍ തള്ളിക്കയറിയവരോട് മാറിനില്‍ക്കാന്‍ ചാനല്‍ ക്യാമറാമാന്മാര്‍ ഒച്ചവച്ചു. ഉന്തിനും തള്ളിനും ബഹളത്തിനുമിടയില്‍ ഒരുവിധം ആദരിച്ചെന്നു വരുത്തി ക്ഷണിതാക്കളെ പണിപ്പെട്ട് അകത്തെ മുറിയിലേക്ക് കൊണ്ടുപോയി. ഖദര്‍ ഷാളും കേരളവികസനയാത്രയെന്ന് രേഖപ്പെടുത്തിയ ഫലകവുമായിരുന്നു ഉപഹാരം.
കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രി വി എസ് ശിവകുമാര്‍ തുടങ്ങിയവരും ചെന്നിത്തലക്ക് പുറമെ ഷാളണിയിക്കാനുണ്ടായിരുന്നു. ഗ്രൂപ്പ് ഫോട്ടോ എടുത്തതോടെ ആദരിക്കല്‍ ചടങ്ങ് അവസാനിച്ചു.
deshabhimani 170513
No comments:
Post a Comment