Saturday, May 18, 2013
നാണം കെടുത്തി മൂന്നാം വര്‍ഷത്തിലേക്ക്
ജനദ്രോഹത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകകൂടി ചെയ്താണ് രണ്ടാം വാര്‍ഷികമാഘോഷിക്കുന്നത്. പട്ടിണിമൂലം ആദിവാസികോളനികളില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴും നേട്ടങ്ങളുടെ പെരുമ്പറ മുഴക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആയിരം കോടിയോളം രൂപ പിടിച്ചുപറിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധനയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പിറന്നാള്‍ സമ്മാനം. കേരളത്തെ മണിക്കൂറുകള്‍ ഇരുട്ടിലേക്ക് തള്ളിയ സര്‍ക്കാര്‍ കുടിവെള്ളത്തിന് ഭീമമായ നിരക്ക് ചുമത്താനും പോകുന്നു. വിപണി കരിഞ്ചന്തക്കാര്‍ക്ക് വിട്ടുകൊടുത്ത് അനങ്ങാതിരിക്കുന്നു. വ്യവസായങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കാര്‍ഷികമേഖല വന്‍തിരിച്ചടി നേരിട്ടു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് കൃഷിക്കാരെ ദുരിതത്തിലാഴ്ത്തി. പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലാണ് സംസ്ഥാനം. മാലിന്യനിര്‍മാര്‍ജനത്തിന് ദേശീയപുരസ്കാരങ്ങള്‍ നേടിയ സംസ്ഥാനം മാലിന്യക്കൂമ്പാരമായി ചീഞ്ഞഴുകുന്നു. മാലിന്യസംസ്കരണത്തിന് നടപടിയെടുക്കാതെ ഒളിച്ചുകളിച്ച സര്‍ക്കാരിന് സുപ്രീംകോടതിയുടെ ശകാരം കേള്‍ക്കേണ്ടിവന്നതും രണ്ടാം പിറന്നാളാഘോഷത്തിന്റെ ഒരുക്കത്തിനിടയിലാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം സംസ്ഥാനത്തിനുമേല്‍ തെല്ലൊന്നുമല്ല അപമാനം വിതറിയത്. ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് യുഡിഎഫ് നേതാക്കളെയടക്കം വെല്ലുവിളിച്ചും തെറിപറഞ്ഞും നാടിനെ നാണം കെടുത്തി. പരസ്ത്രീബന്ധം മന്ത്രിപത്നി തന്നെ ചൂണ്ടിക്കാണിക്കുകയും ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയും ചെയ്തതുമൂലം മന്ത്രിസഭയില്‍ ഒരംഗത്തിന്റെ കുറവോടെയാണ് ഉമ്മന്‍ ചാണ്ടി തന്റെ മന്ത്രിസഭയുടെ രണ്ടാം പിറന്നാള്‍ വട്ടമൊരുക്കുന്നത്. കെ ആര്‍ ഗൗരിയമ്മയെ ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ പി സി ജോര്‍ജ് ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചു. ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട ഗൗരിയമ്മയ്ക്ക് പിന്നെയും അപമാനം ഏറ്റുവാങ്ങേണ്ടിവന്നു. ജെഎസ്എസ് മുന്നണി വിടുമെന്ന് പ്രഖ്യാപിച്ചതിനൊപ്പം സിഎംപിയും പിണങ്ങിനില്‍ക്കുന്നു. ജനകീയപ്രശ്നങ്ങളോട് മുഖംതിരിഞ്ഞുനിന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളെ പ്രത്യേകിച്ച് സിപിഐ എമ്മിനെ വേട്ടയാടി. അധികാരഭ്രാന്തും ഉപജാപങ്ങളും അടിയന്തരാവസ്ഥയെ വെല്ലുന്ന അധികാരദുര്‍വിനിയോഗവുമാണ് സര്‍ക്കാരിന്റെ രണ്ടാം വര്‍ഷവും നിറഞ്ഞുനിന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ കേസുകള്‍ സൃഷ്ടിച്ചും പഴയത് കുത്തിപ്പൊക്കിയും ജയിലിലടച്ചു. പൊലീസ് സംവിധാനം രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ആയുധമായി അധഃപതിച്ചപ്പോള്‍ മാഫിയാസംഘങ്ങളും കവര്‍ച്ചക്കാരും പിടിച്ചുപറിക്കാരും സംസ്ഥാനം കൈയടക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധൈര്യമായി പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍.
കര്‍മപരിപാടികളും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും പാഴ്വാക്കായി. ക്രമസമാധാനത്തകര്‍ച്ചക്കൊപ്പം സാമുദായികപ്രീണനം ഗുരുതരമായ സാമുദായിക-വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ചു. പലയിടത്തും മതതീവ്രവാദികള്‍ ആയുധസംഭരണവും പരിശീലനവും നടത്തുന്നു. വന്‍തോതിലാണ് ഇവര്‍ക്ക് പണമെത്തുന്നത്. രണ്ടുവര്‍ഷത്തെ യുഡിഎഫ് ഭരണം കേരളത്തെ എവിടെയെത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ പറയും:
""സുരക്ഷിതത്വത്തിന് പേരുകേട്ട കേരളത്തില്‍ അതിനു മാറ്റം വന്നിരിക്കുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലാതാകുന്ന സന്ദര്‍ഭം വര്‍ധിച്ചുവരുന്നു. പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു. സാമുദായികമായ അകല്‍ച്ച മുമ്പില്ലാത്ത വിധം സംജാതമായി. അക്രമം, കൊലപാതകം, കൊള്ള, പിടിച്ചുപറി, മാഫിയാപ്രവര്‍ത്തനം എന്നിവ പെരുകുന്നു. വന്‍കിട ഭൂമാഫിയകള്‍ വ്യാപകമായി ഭൂമി കൈവശപ്പെടുത്തി കൃത്രിമമായി വില ഉയര്‍ത്തുന്നു. കേരളമോഡലിന്റെ നിറം മങ്ങി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ മുന്നേറാനായില്ല. സാംക്രമികരോഗങ്ങള്‍ പെരുകി. കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലെ തകര്‍ച്ച ഭീമമാണ്. മദ്യപാനം, ആത്മഹത്യ എന്നിവ വര്‍ധിക്കുന്നു. കേരളീയ സമൂഹത്തിന്റെ മുഖഛായ അടുത്തകാലത്തായി പാടേ മാറി. മൂല്യങ്ങള്‍ കൈമോശം വന്നു. വികസനവും സുരക്ഷിതത്വവുമാണ് കേരളം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍.""(കേരള യാത്രയുടെ മുന്നോടിയായി ചെന്നിത്തല പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്)-രണ്ടാം പിറന്നാളാഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇനിയുമൊരു കീര്‍ത്തിപത്രമെന്തിന്.
(കെ എം മോഹന്‍ദാസ്)
deshabhimani
Labels:
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment