കേരളത്തില്‍ മൂലധന നിക്ഷേപത്തിന് സിപിഐ എം എതിരല്ലെന്നും നിക്ഷേപസൗഹൃദ സമീപനമാണ് എക്കാലവും പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി പ്രസ്താവനയില്‍ പറഞ്ഞു. എം എ യൂസഫലിക്കും സിപിഐ എം എതിരല്ല. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നിക്ഷേപം കൊണ്ടുവരുന്നതിന് ആത്മാര്‍ഥമായി പരിശ്രമിക്കുകയും ഒട്ടേറെ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്തു. നിക്ഷേപം ചരടുകള്‍ ഉള്ളതാകാനോ നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാകാനോ പാടില്ലെന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. കൊച്ചി തുറമുഖത്തിന്റെ അധീനതയിലുള്ള ബോള്‍ഗാട്ടി ദ്വീപിലെ 26 ഏക്കര്‍ സര്‍ക്കാര്‍ഭൂമി വ്യവസായി എം എ യൂസഫലിക്ക് പാട്ടത്തിന് നല്‍കിയതുസംബന്ധിച്ച് ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തുന്നതാണ്. സ്ഥലത്തിന്റെ വിലതന്നെയാണ് മുഖ്യമായ തര്‍ക്കവിഷയം. അതു കൊണ്ടാണ് പാട്ടക്കരാര്‍ റദ്ദ്ചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്. കരാര്‍ വ്യവസ്ഥകള്‍ വിശദമായി പരിശോധിച്ചാല്‍ സര്‍ക്കാരിന് ഉണ്ടാവുന്ന നഷ്ടം എത്രയെന്ന് ബോധ്യമാകും.
ബോള്‍ഗാട്ടിയിലെ ഭൂമിക്ക് താരിഫ് അതോറിറ്റി ഫോര്‍ മേജര്‍ പോര്‍ട്സ് (ടിഎഎംപി) അംഗീകരിച്ച മതിപ്പുവില സെന്റിന് 2.10 ലക്ഷം മാത്രമാണ്. കോടികള്‍ വിലമതിക്കുന്ന ഭൂമി പൊതുതാല്‍പ്പര്യത്തിനു വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കരാറിലൂടെയാണ് യൂസഫലിക്ക് കൈമാറിയിട്ടുള്ളത്. 30 വര്‍ഷത്തെ പാട്ടത്തിനു നല്‍കിയ ഭൂമി സംരംഭകന്റെ താല്‍പ്പര്യപ്രകാരം പുതുക്കി കൈവശംവയ്ക്കാന്‍ കഴിയും. അത് തടയാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഭൂമി എന്നന്നേക്കുമായി സ്വകാര്യ സംരംഭകന്റെ ഉടമസ്ഥതയിലാകും. 2004ല്‍ ഗോശ്രീ പാലം നിര്‍മിക്കുന്നതിനായി നികത്തിയ സ്ഥലം വിറ്റപ്പോള്‍ സെന്റിന് ഒമ്പതുലക്ഷം രൂപ വരെ സര്‍ക്കാരിന് ലഭിച്ചിരുന്നു. ഇവിടെനിന്ന് 500 മീറ്റര്‍ അകലം മാത്രമാണ് ബോള്‍ഗാട്ടിയിലെ 26 ഏക്കര്‍ സ്ഥലത്തേക്കുള്ളത്. വസ്തുത ഇതായിരിക്കെ ആറുവര്‍ഷത്തിനുശേഷം 2010ല്‍ 2.10 ലക്ഷമേ ലഭിക്കൂ എന്ന കണക്ക് അംഗീകരിക്കാനാവില്ല. കൊച്ചി തുറമുഖത്തിന്റെ അധീനതയിലുള്ള സര്‍ക്കാര്‍ ഭൂമിയുടെ വില നിര്‍ണയിച്ചപ്പോള്‍ വീഴ്ച സംഭവിച്ചതിന്റെ മുഖ്യ കാരണക്കാര്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും കേന്ദ്രസര്‍ക്കാരുമാണ്. നിക്ഷേപത്തിന് എതിരല്ലാത്തതും പൊതുജനങ്ങളുടെ സ്വത്ത് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതുമായ പരമപ്രധാനമായ വസ്തുതയാണ് സിപിഐ എം ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് സി എം ദിനേശ്മണി വ്യക്തമാക്കി.
deshabhimani
No comments:
Post a Comment