Saturday, May 18, 2013
യുഡിഎഫ് രണ്ടാംവാര്‍ഷികം: പ്രഖ്യാപിച്ച ആരോഗ്യപദ്ധതി 4 വര്‍ഷംമുമ്പ് നടപ്പാക്കിയത്
യുഡിഎഫ് സര്‍ക്കാര്‍ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായി പ്രഖ്യാപിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ തുടങ്ങിയ താലോലം പദ്ധതി. 18 വയസ്സുവരെയുള്ളവര്‍ക്കായി എല്‍ഡിഎഫ് നടപ്പാക്കിയ സൗജന്യ ചികിത്സാപദ്ധതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിനുകീഴിലുള്ള പുതിയ പദ്ധതിയെന്ന വ്യാജേന അവതരിപ്പിച്ചത്. ഈ പദ്ധതി ഇന്ത്യയിലാദ്യമാണെന്നും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ അവകാശപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോഗ്യമന്ത്രി വി എസ് ശിവകുമാറും പരിഹാസ്യരായി.
സാമൂഹ്യനീതിവകുപ്പിനുകീഴില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേനയാണ് ആരോഗ്യവകുപ്പ് പദ്ധതി തുടങ്ങിയത്. 2009ല്‍ അര്‍ബുദരോഗികള്‍ക്കുവേണ്ടി തുടങ്ങിയ പദ്ധതി 2010ലാണ് "താലോലം" എന്ന പേരില്‍ വിപുലപ്പെടുത്തിയത്. വൃക്കരോഗം, കരള്‍രോഗം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ഭീമമായ ചെലവുവരുന്ന രോഗങ്ങളെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 2009ല്‍മാത്രം 850 കുട്ടികള്‍ക്കായി 2.05 കോടി രൂപ നല്‍കിയിരുന്നു. പദ്ധതിക്ക് ഏറെ അംഗീകാരം കിട്ടിയതിനെതുടര്‍ന്നാണ് മറ്റ് രോഗങ്ങള്‍ക്കുകൂടി സഹായം നല്‍കാന്‍ തീരുമാനിച്ചത്. ശ്രീ ചിത്ര, ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ഗവ. മെഡിക്കല്‍ കോളേജുകള്‍, പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ശസ്ത്രക്രിയക്കുമാത്രമല്ല, ഡയാലിസിസിനും വിധേയരാകുന്നവരും ജനറല്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുമായ 18 വയസ്സിനുതാഴെയുള്ള രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യചികിത്സ നല്‍കിത്തുടങ്ങി. 2010, 11 വര്‍ഷങ്ങളിലായി 15 കോടിയോളം രൂപ നല്‍കി. തെരഞ്ഞെടുത്ത ഓരോ ആശുപത്രിയിലും മുന്‍കൂറായി സുരക്ഷാമിഷന്‍ ഫണ്ട് അനുവദിച്ചിരുന്നു. അതിനാല്‍ രോഗി ആശുപത്രിയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു രൂപപോലും ചെലവഴിക്കേണ്ടി വന്നിരുന്നില്ല. ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ഥന പരിഗണിച്ച് പിന്നീട് ശ്രവണസഹായ ഉപകരണം ഘടിപ്പിക്കാന്‍ ഉള്‍പ്പെടെ സഹായം അനുവദിച്ചു.
യുഡിഎഫ് ഭരണകാലത്തും കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ പദ്ധതി തുടരുന്നുണ്ടെങ്കിലും ആശുപത്രികള്‍ക്ക് യഥാസമയം ഫണ്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ ആരോഗ്യകിരണം എന്ന പേരില്‍ പുതിയ പദ്ധതിയായി പ്രഖ്യാപിച്ചത്. മാതൃ-ശിശു സംരക്ഷണത്തിനായുള്ള അമ്മയും കുഞ്ഞും പദ്ധതിയാണ് ഈ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കിവരുന്ന മറ്റൊരു പദ്ധതിയായി വാര്‍ഷികാഘോഷവേളയില്‍ ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ജനനി സുരക്ഷായോജന എന്ന കേന്ദ്രാവിഷ്കൃതപദ്ധതിയാണിത്. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഈ പദ്ധതി മുഖേനയുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ കേന്ദ്ര ആരോഗ്യമന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം പദ്ധതി കാര്യക്ഷമമാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഈ പദ്ധതിയാണ് ഇപ്പോള്‍ പേരു മാറ്റി പുതിയ പദ്ധതിയായി പ്രചരിപ്പിക്കുന്നത്. സാന്ത്വന ചികിത്സാപദ്ധതി, ജീവിതശൈലീരോഗ നിയന്ത്രണപദ്ധതി, വയോജനപരിപാലന പദ്ധതി തുടങ്ങിയ മിക്ക പദ്ധതികളും എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയതാണ്.
(എം രഘുനാഥ്)
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment