Sunday, May 19, 2013

ഒഞ്ചിയത്ത് ആര്‍എംപി-യുഡിഎഫ് സഖ്യമുണ്ടായിരുന്നെന്ന് ഇന്റലിജന്‍സ് രേഖകള്‍


ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപിയും യുഡിഎഫുമായി തന്ത്രപരമായ സഖ്യം (ടാക്ടിക്കല്‍ അലയന്‍സ്) ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് രേഖകള്‍. ചന്ദ്രശേഖരന്‍ കേസ് വിചാരണയ്ക്കിടെ 141-ാം സാക്ഷി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലാണ് പ്രതിഭാഗം ക്രോസില്‍ യുഡിഎഫ്-ആര്‍എംപി സഖ്യത്തെപ്പറ്റി തന്റെ റിപ്പോര്‍ട്ടിലുള്ള കാര്യം സമ്മതിച്ചത്. ആര്‍എംപി മത്സരിച്ചത് യുഡിഎഫ് പിന്തുണയോടെയാണോ എന്ന ചോദ്യത്തിന് തന്ത്രപരമായ സഖ്യമുള്ളതായി മനസ്സിലായിട്ടുണ്ടെന്നായിരുന്നു മറുപടി. ഇത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ചോമ്പാല, എടച്ചേരി, വടകര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആര്‍എംപിക്കാര്‍ക്കെതിരെ കേസുകളുണ്ട്. ആര്‍എംപിക്കാര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും മൊഴി നല്‍കി. ആര്‍എംപി-യുഡിഎഫ് സഖ്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ കോടതിയില്‍ മൊഴി നല്‍കിയത്. ആര്‍എംപിക്കാരായ മറ്റു സാക്ഷികളും സഖ്യമുണ്ടെന്ന പ്രതിഭാഗം വാദം നിഷേധിച്ചിരുന്നു.

ചന്ദ്രശേഖരന്‍ കേസ്: രാഷ്ട്രീയനേതാവിന് ഭീഷണി ഉണ്ടായാല്‍ സംരക്ഷണം കൊടുക്കണമെന്ന് സാക്ഷികള്‍

കോഴിക്കോട്: രാഷ്ട്രീയ നേതാവിന്റെ ജീവന് ഭീഷണി ഉണ്ടായാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന്പൊലീസ് ഉദ്യോഗസ്ഥന്റെ സാക്ഷിമൊഴി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 139-ാം സാക്ഷിയും മുന്‍ റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ പി സുനില്‍ബാബുവാണ് മൊഴിനല്‍കിയത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുമ്പോള്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നറിയാമെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ സുനില്‍ബാബു ബോധിപ്പിച്ചു. ഭീഷണിയുണ്ടെന്ന് കാട്ടി അഞ്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എഡിജിപിക്ക് അയച്ചിരുന്നുവെന്ന് സ്ഥാപിക്കാനാണ് സുനില്‍ബാബുവിനെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. ഭീഷണി വിവരം എവിടെനിന്ന് കിട്ടിയെന്നത് കോടതിയില്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ സാക്ഷി പറഞ്ഞു.

സിപിഐ എമ്മിനെയും പ്രവര്‍ത്തകരെയും കുറ്റക്കാരാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യുഡിഎഫ് നേതാക്കളുടെ അറിവോടെ തയാറാക്കിയതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെന്ന് പ്രതിഭാഗം വാദിച്ചു. കേസിനായി മുന്‍ തീയതികള്‍ വച്ച് റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നുവെന്നും വിവരങ്ങള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ടുകളില്‍നിന്ന് മനസ്സിലാവില്ലെന്നും വാദമുയര്‍ന്നു. ചന്ദ്രശേഖരന് ഭീഷണിയുണ്ടെന്നുകാണിച്ച് 2012 മാര്‍ച്ച് 17നയച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രിയോ എഡിജിപിയോ നടപടി സ്വീകരിച്ചതായി അറിയില്ലെന്ന് കോഴിക്കോട് റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന 140-ാം സാക്ഷി പ്രജീഷ് തോട്ടത്തില്‍ മൊഴി നല്‍കി. സിപിഐ എം, ആര്‍എംപി പ്രവര്‍ത്തകരെ ചോദ്യം ചെയ്തിട്ടില്ല. റിപ്പോര്‍ട്ട് അയച്ചതും എഡിജിപിക്ക് കിട്ടിയതും സംബന്ധിച്ച രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ലെന്നും പ്രജീഷ് പറഞ്ഞു.

ആഭ്യന്തര മന്ത്രിയുടെ താല്‍പ്പര്യാര്‍ഥം കൃത്രിമമായി ഉണ്ടാക്കിയതാണ് രേഖയെന്ന് പ്രതിഭാഗം വാദിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ രേഖയായി ഉപയോഗിക്കുന്നത്് തെളിവുനിയമ പ്രകാരം ശരിയല്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതില്‍ തെറ്റില്ലെന്ന് 141-ാം സാക്ഷി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി കെ അബ്ദുള്‍ഖാദര്‍ പറഞ്ഞു. നിര്‍ദേശ പ്രകാരം കൃത്രിമമായി ഉണ്ടാക്കിയതാണ് റിപ്പോര്‍ട്ടുകളെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, കെ വിശ്വന്‍, കെ എം രാമദാസ് എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു.

 മൊബൈല്‍ ടവറുകളുടെ പേരും ഹാജരാക്കണമെന്ന് കോടതി

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷികളുടെ ഫോണ്‍ വിളി രേഖകള്‍ക്കൊപ്പം ടവറുകളുടെ പേരും ഹാജരാക്കാന്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി ഉത്തരവിട്ടു. വോഡാഫോണ്‍ കമ്പനിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ 28നുമുമ്പ് ഇത് ഹാജരാക്കണം.

ഒന്ന്, രണ്ട്, മൂന്ന്, 48 സാക്ഷികളായ കെ കെ പ്രസീത്, ടി പി രമേശന്‍, ടി പി മനീഷ്കുമാര്‍, പ്രകാശന്‍ എന്നിവരുടെ ഫോണ്‍ വിളി രേഖകളും ടവര്‍ ലൊക്കേഷനും ഈ 15നകം ഹാജരാക്കാന്‍ വൊഡഫോണ്‍, ബിഎസ്എന്‍എല്‍ കമ്പനികളോട് കഴിഞ്ഞ 29ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ വോഡാഫോണ്‍, ടവര്‍ നമ്പറുകളും സെല്‍ ഐഡി നമ്പറുകളും മാത്രമാണ് നല്‍കിയത്. സ്ഥലം വ്യക്തമാക്കുന്ന രേഖ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിന്റെ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്്. മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് തെളിയിക്കാനാണ് ഫോണ്‍ വിളികളുടെ വിശദാംശം പ്രതിഭാഗം തേടിയത്. വോഡഫോണ്‍, ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍മാരെ 31ന് വിസ്തരിക്കും.

deshabhimani

No comments:

Post a Comment