Tuesday, May 14, 2013

ഭക്ഷ്യസുരക്ഷാബില്‍: ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രനീക്കം


: ഭക്ഷ്യസുരക്ഷാ ബില്ലിന് പകരം ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബന്‍സലിന്റെയും അശ്വനികുമാറിന്റെയും രാജി ആവശ്യം പ്രക്ഷുബ്ധമാക്കിയ ബജറ്റ്സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഓര്‍ഡിനന്‍സിലൂടെ ബില്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമിക്കരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സിനുള്ള നിയമസാധുത പരിശോധിക്കുന്നതായി ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസ് അറിയിച്ചു. ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മറ്റ് രണ്ടുമാര്‍ഗങ്ങളാണുള്ളത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടുക, എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ബില്ലിലെ പ്രധാനവ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുക എന്നിവയാണിവ. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കരുതെന്ന പ്രതിപക്ഷത്തിന്റെ കര്‍ക്കശ നിലപാടാണ് പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ആലോചനയ്ക്കുപിന്നില്‍. സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുള്ള ബില്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നത് നേരത്തെ കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ചില വ്യവസ്ഥകളെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നതിനാല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിയുംമുമ്പ് ബില്‍ പാസാവുമോയെന്നതും അനിശ്ചിതത്വം സൃഷ്ടിച്ചു. നിലവില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ ഓര്‍ഡിനന്‍സ് വഴി ഇറക്കുന്നതില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുന്നു.

2011 ഡിസംബറിലാണ് ഭക്ഷ്യസുരക്ഷാബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഏതുവിധേനയും ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. മന്ത്രിമാര്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ബഹളത്തിന്റെ മറവില്‍ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇടതുപക്ഷം നിര്‍ദേശിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിലൂടെ എല്ലാവര്‍ക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം വിതരണംചെയ്യണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ സാര്‍വത്രിക ഭക്ഷ്യ ധാന്യ വിതരണത്തിനുള്ളതല്ല. ഗ്രാമീണ ജനസംഖ്യയിലെ 25 ശതമാനവും നഗര ജനസംഖ്യയിലെ പകുതിയും ബില്ലിന് പുറത്താണ്. നിലവിലുള്ള രൂപത്തില്‍ ബില്‍ അംഗീകരിക്കില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

deshabhimani

No comments:

Post a Comment