Sunday, May 19, 2013

മതനിരപേക്ഷബോധം കാക്കാതെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാനാകില്ല: പി രാജീവ്


 രാജ്യത്തിന്റെ മതനിരപേക്ഷബോധത്തെ സംരക്ഷിച്ചല്ലാതെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കാക്കാന്‍ കഴിയില്ലെന്ന് പി രാജീവ് എംപി പറഞ്ഞു. മതനിരപേക്ഷ ബോധത്തെ തകര്‍ത്തുകൊണ്ടല്ലാതെ തങ്ങളുടെ സാന്നിധ്യം പോലും അറിയിക്കാനാവില്ലെന്ന് മനസിലാക്കിയാണ് മതവര്‍ഗീയ സംഘടനകള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വീണുകിട്ടുന്ന അവസരങ്ങളില്‍ കോലാഹലം ഉണ്ടാക്കുന്നതെന്നും രാജീവ് പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ത്തല എസ്എന്‍എം എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആവിഷ്കരണ സ്വാതന്ത്ര്യം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമുദായിക പരിഷ്കരണത്തിന് വേണ്ടി ഒരുകാലത്ത് രൂപം കൊണ്ട സംഘടനകള്‍ അതാത് ജാതികളുടെ മേധാവിത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മൗലികസംഘടനകളായി മാറി. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഭരണകൂടവും ബോധപൂര്‍വം ശ്രമിക്കുകയാണ്. പത്രമാധ്യമങ്ങളിലെ ആവിഷ്കാര സ്വാതന്ത്ര്യം പോലും ഇന്ന് നവമാധ്യമങ്ങളില്‍ അനുവദിക്കുന്നില്ല. നവമാധ്യമങ്ങളെ വിപ്ലവകാരികള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കിയാണ് ഈ കടുത്ത കാടന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഇന്ത്യയിലെ ഐടി ആക്ട് 62 എ വകുപ്പ് ഇത്തരത്തില്‍ കാടന്‍ വ്യവസ്ഥയാണ് അടിച്ചേല്‍പ്പിക്കുന്നത്. സോണിയാഗാന്ധിക്കെതിരെ ചില വിമര്‍ശനങ്ങള്‍ നവമാധ്യമങ്ങളില്‍ വന്നതോടെയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഫേസ്ബുക്കും ട്വിറ്ററും പോലുള്ള കൂട്ടായ്മകളുടെ ഉടമസ്ഥത സ്വന്തമാക്കിയും ഇവയില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നു. സെല്ലുലോയ്ഡ് എന്ന സിനിമയ്ക്കെതിരെ സിനിമ കാണാതെ വിമര്‍ശിച്ച സാംസ്കാരികമന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് രാജീവ് പറഞ്ഞു.

എന്ത് ആവിഷ്കരണമെന്ന് ഇന്ന് തീരുമാനിക്കുന്നത് മത വര്‍ഗീയശക്തികളാണെന്ന നില കേരളത്തിന് അപമാനമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഫ്രാന്‍സിസ് ടി മാവേലിക്കര പറഞ്ഞു. എന്നാല്‍ ആവിഷ്കാരസ്വാതന്ത്ര്യം അതിരുവിടുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എതിര്‍പ്പ് മുന്‍കൂട്ടി കണ്ട് രാമന്റെ മക്കളെക്കൊണ്ട് തന്നെ രാമകഥ പാടിച്ച വാല്‍മീകിയുടെ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. എതിര്‍പ്പുകളെ ചെറുക്കാനല്ല, അതിനോട് സമരസപ്പെടാനാണ് ഇന്ന് എല്ലാവര്‍ക്കും താല്‍പര്യമെന്ന് സെമിനാറില്‍ സംസാരിച്ച പ്രശസ്ത സിനിമാസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. മോഡി വര്‍ക്കലയില്‍ വന്നപ്പോഴും പത്മനാഭക്ഷേത്രത്തിലെ സ്വത്തിന്റെ കാര്യത്തിലും വേണ്ടത്ര ഗൗരവപൂര്‍ണമായ ചര്‍ച്ച നടക്കാതിരുന്നത് അതുകൊണ്ടാണ്. ഇത് രാഷ്ട്രീയനേതൃത്വങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നവമാധ്യമരംഗത്ത് നിലനില്‍ക്കുന്നതെന്ന് പ്രശസ്ത തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ പറഞ്ഞു. അച്ഛന്‍, അമ്മ കഥാപാത്രങ്ങളില്ലാത്ത നവസിനിമകള്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ ലംഘിക്കുകയാണെന്ന് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ പറഞ്ഞു. ചടങ്ങില്‍ എ എം ആരിഫ് എംഎല്‍എ, മനു സി പുളിക്കല്‍, കെ വി ദേവദാസ് എന്നിവര്‍ പങ്കെടുത്തു. എ എസ് സാബു സ്വാഗതവും വി എം അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 

No comments:

Post a Comment