ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട പ്രതികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു എന്ന സാക്ഷിമൊഴി കളവാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ 134-ാംസാക്ഷി കാക്കൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജീവിനെ വിസ്തരിക്കുന്നതിനിടെയാണ് പ്രതിഭാഗം തെളിവുകള്‍ നിരത്തിയത്. കേസില്‍ പ്രതിചേര്‍ത്ത അഭിനേഷ് എന്ന അഭിയെ 2012 ജൂണ്‍ ഏഴിന് തെളിവെടുപ്പിന് തലശേരിയില്‍ കൊണ്ടുപോയതിനും സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിരീക്ഷണ മഹസര്‍ തയാറാക്കുന്നതിനും സാക്ഷിയായി ഒപ്പിട്ടുവെന്നാണ് പ്രോസിക്യൂഷന്റെ പ്രഥമ വിസ്താരത്തില്‍ രാജീവിന്റെ മൊഴി. എന്നാല്‍ 2012 മെയ് 25ന് അഭിനേഷിനെ വടകര ഡിവൈഎസ്പി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായി രേഖയുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതേപ്പറ്റി അറിയില്ലെന്നായിരുന്നു സാക്ഷിയുടെ മറുപടി. അഭിനേഷിന്റെ കുറ്റസമ്മതമൊഴി താന്‍ തയാറാക്കിയിട്ടില്ലെന്നും ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ രാജീവ് ബോധിപ്പിച്ചു.
കേസില്‍ പ്രതി ചേര്‍ത്ത ജിജേഷ്കുമാറിനെ 2012 ജൂണ്‍ 14ന് വടകര ഡിവൈഎസ്പി പന്ന്യന്നൂര്‍ ഭാഗത്ത് തെളിവെടുപ്പിന് കൊണ്ടുപോകുമ്പോള്‍ കൂടെയുണ്ടായിരുന്നുവെന്ന മൊഴിയും പ്രതിഭാഗം ഖണ്ഡിച്ചു. ജിജേഷ്കുമാറിനെ 2012 ജൂണ്‍ 13ന് വൈകിട്ട് അഞ്ചിന് ഡിവൈഎസ്പി ജോസി ചെറിയാന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതിന് രേഖയുണ്ടെന്ന് പ്രതിഭാഗം വ്യക്തമാക്കി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വടകര പൊലീസ് സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയിരുന്നതായി 135-ാം സാക്ഷി സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അശോകന്‍ മൊഴി നല്‍കി. അന്ന് വടകര സ്റ്റേഷനില്‍ രാത്രിഡ്യൂട്ടിയായിരുന്നു. രാത്രി 10.25ന് ആരോ ഫോണില്‍ വിളിച്ച് വള്ളിക്കാട്ട് അക്രമം നടന്നതായി പറഞ്ഞു. അപ്പോള്‍ &ൗൗാഹ;സ്റ്റേഷനിലെത്തിയ എസ്ഐയോട് വിവരം പറഞ്ഞു. എസ്ഐ സ്ഥലത്തുപോയി 11.20ന് തിരിച്ചുവന്ന് എഫ്ഐആര്‍ തയാറാക്കിയെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ അശോകന്‍ ബോധിപ്പിച്ചു. സ്റ്റേഷനിലെ ഫോണില്‍ കോളര്‍ ഐഡി സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ സാക്ഷി ബോധിപ്പിച്ചു. അക്രമം നടന്നുവെന്ന ഫോണ്‍ വന്നത് 9.25നാണ് എന്നത് തെളിയുമെന്നുകണ്ടാണ് കോളര്‍ ഐഡി സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറയുന്നതെന്ന് പ്രതിഭാഗം വാദിച്ചു. ചന്ദ്രശേഖരനാണ് കൊല്ലപ്പെട്ടത് എന്നറിയുന്നത് എസ്ഐ തിരിച്ചുവന്നശേഷമാണ്. വടകര സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ ഓര്‍മയില്ലെന്നും അശോകന്‍ മൊഴിനല്‍കി.
സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ കൃത്രിമം നടത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സംഭവ ദിവസമാണെന്നു പറയുന്നതെന്നും കേസാവശ്യാര്‍ഥം കളവായി മൊഴി നല്‍കുകയാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ബി രാമന്‍പിള്ള, പി വി ഹരി, കെ ഗോപാലകൃഷ്ണക്കുറുപ്പ്, കെ വിശ്വന്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു. കേസ് ഡയറിയിലെ 208, 214 സാക്ഷികളെ വ്യാഴാഴ്ച വിസ്തരിക്കും.
റിമാന്‍ഡിലുള്ളവരെ മാറ്റണമെന്ന അപേക്ഷ പിന്‍വലിച്ചു
കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചുപേരെ ജില്ലാ ജയിലില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ജില്ലാ ജയില്‍ സൂപ്രണ്ട് കെ ബാബുരാജന്‍ പിന്‍വലിച്ചു. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. ഇതേത്തുടര്‍ന്ന് ജയില്‍മാറ്റം ആവശ്യപ്പെട്ട് ആദ്യം നല്‍കിയ അപേക്ഷ തള്ളുന്നതായി ജഡ്ജി ആര്‍ നാരായണ പിഷാരടി അറിയിച്ചു. റിമാന്‍ഡില്‍ കഴിയുന്ന എന്‍ കെ സുനില്‍കുമാര്‍ എന്ന കൊടി സുനി, സി രജിത്ത്, സിജിത്ത് എന്ന അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ കെ മുഹമ്മദ്ഷാഫി എന്നിവര്‍ 11ന് ഉച്ചയ്ക്ക് സഹതടവുകാരന്‍ ഷാജഹാനുമായി വാക്കേറ്റം നടത്തുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രണ്ട് 13ന് ജയില്‍മാറ്റത്തിന് അപേക്ഷ നല്‍കിയത്. കോഴിക്കോട് കോടതിയില്‍ വിചാരണ നേരിടുന്ന പ്രതികളായതിനാല്‍ ഈ ജയിലിലെ സുരക്ഷിതത്വം വര്‍ധിപ്പിച്ച് ഇവിടെത്തന്നെ പാര്‍പ്പിക്കാനാണ് വകുപ്പ് അധ്യക്ഷന്‍ നിര്‍ദേശിച്ചതെന്നും അതിനാല്‍ ജയില്‍മാറ്റ അപേക്ഷ പിന്‍വലിക്കുകയാണെന്നും സൂപ്രണ്ട് അപേക്ഷയില്‍ പറഞ്ഞു.
deshabhimani 160513
No comments:
Post a Comment