Wednesday, May 15, 2013

സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാത്ത ഭരണം അപമാനം: വൃന്ദ കാരാട്ട്


ചെറുതോണി: പെണ്‍കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതത്വം നല്‍കാത്ത കേന്ദ്ര-സംസ്ഥാനഭരണം രാജ്യത്തിന് അപമാനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീകളെ പൂര്‍ണമായും സംരക്ഷിക്കാനുള്ള നിയമം ഇനിയും ഉണ്ടാകണം. ലൈംഗികാതിക്രമങ്ങളിലും പീഡനങ്ങളിലും ഭരണതലത്തിലെ ഉന്നതര്‍ ഉള്‍പ്പെടുന്നതിനാല്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. രാജ്യസഭാ ഉപാധ്യക്ഷന്‍ സൂര്യനെല്ലിക്കേസില്‍ പ്രതിയാണെന്ന് പെണ്‍കുട്ടി 17 വര്‍ഷമായി ആവര്‍ത്തിക്കുമ്പോഴും നീതി ലഭിക്കുന്നില്ല. ഈ കേസിലേതുള്‍പ്പെടെയുള്ള പ്രതികളെ കോണ്‍ഗ്രസും യുഡിഎഫും സംരക്ഷിക്കുകയാണ്. രാജ്യതലസ്ഥാനത്ത് പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ക്കുപോലും രക്ഷയില്ല. രാജ്യത്ത് മൂന്നുമണിക്കൂറിനുള്ളില്‍ 6,000 കേസുകള്‍ ഉണ്ടാകുമ്പോള്‍ 22 ശതമാനം കേസുകളാണ് ശിക്ഷിക്കപ്പെടുന്നത്. തൊഴിലിടങ്ങളിലും ഏറെ ചൂഷണത്തിന് വിധേയമാകുന്നു. സ്ത്രീവിരുദ്ധ സര്‍ക്കാര്‍ സാമൂഹിക സുരക്ഷാ പദ്ധതികളെല്ലാം അട്ടിമറിക്കുകയാണ്.

നാടിനെ അഴിമതി ഭരിച്ച ഒരുകാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പൊതുഖജനാവിലെ കോടികളാണ് അഴിമതിയിലൂടെ വന്‍കിടക്കാരിലെത്തുന്നത്. 1,86,000 കോടിയുടെ ടെലികോം അഴിമതിയും രണ്ട് ലക്ഷം കോടിയുടെ ഖനി അഴിമതിയും ചെറു ഉദാഹരണം മാത്രം. സാമ്പത്തിക ശാസ്ത്രജ്ഞരെന്ന് വീമ്പിളക്കുന്ന ഭരണാധികാരികള്‍ ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള ജനതയുടെ അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കുകയാണ്. കേരളത്തില്‍ എല്‍ഡിഎഫ് ശക്തിപ്പെടുത്തിയിരുന്ന പൊതുവിതരണമേഖലയെ തകര്‍ത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കസേരയ്ക്കുവേണ്ടിയുള്ള മത്സരത്തിലും പരക്കംപാച്ചിലിലുമാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് 25കിലോയും എപിഎല്‍ വിഭാഗങ്ങള്‍ക്ക് 14കിലോ വീതവും അരി നല്‍കിയിരുന്നത് യുഡിഎഫ് മൂന്നിലൊന്നായി വെട്ടിക്കുറച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നല്‍കിയിരുന്ന മുന്‍ഗണനയും ആനുകൂല്യങ്ങളും യുഡിഎഫ് അട്ടിമറിച്ചതായും വൃന്ദാ കാരാട്ട് പറഞ്ഞു. വിലനിലവാരം നേരിട്ട് മനസ്സിലാക്കാന്‍ പൊതുയോഗത്തിനുമുമ്പ് വൃന്ദാകാരാട്ട് ചെറുതോണിയിലെ റേഷന്‍കട സന്ദര്‍ശിച്ചിരുന്നു. രക്തസാക്ഷി കുടുംബാംഗങ്ങളെയും യോഗത്തില്‍ ആദരിച്ചു.

deshabhimani

No comments:

Post a Comment