മാഫിയ- ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിന് കൊണ്ടുവന്നതാണ് "ഗുണ്ടാനിയമം" എന്ന് വിളിക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തന നിരോധനനിയമം. അതിനെ രാഷ്ട്രീയപ്രതിയോഗികളെ കടന്നാക്രമിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ദുരുപയോഗംചെയ്യുകയാണ്. രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പും മുന്‍കരുതലും ഈ നിയമത്തിന്റെ നിര്‍മാണവേളയില്‍ ഉണ്ടായതും ഇന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അതിനോട് യോജിപ്പ് പ്രകടിപ്പിച്ചതുമാണ്. അതെല്ലാം മറന്ന്, നഗ്നമായി അധികാരം ദുര്‍വിനിയോഗിച്ച് ഗുണ്ടാനിയമമെടുത്ത് പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുനേരെ ചുഴറ്റാന്‍ പൊലീസിനെ കയറൂരിവിട്ടിരിക്കയാണിപ്പോള്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ഷാജറിനെ കേസുകളില്‍ കുടുക്കിയത്. വരാനിരിക്കുന്ന ദേശീയ ഗെയിംസില്‍ അഴിമതി നടത്താനായി ഭരണപക്ഷത്തെ ഒരു ജനപ്രതിനിധിയുടെ താല്‍പ്പര്യപ്രകാരം ഒ കെ വിനീഷിനെ, കണ്ണൂരില്‍നിന്ന് മാറ്റിനിര്‍ത്താനാണ് പൊലീസ് വഴിവിട്ട നീക്കങ്ങളില്‍ ഏര്‍പ്പെടുന്നത്.
മറുഭാഗത്ത് യൂത്ത് ലീഗിന്റെയും ഭരണകക്ഷി അനുഭാവമുള്ള ഇതര സംഘടനകളുടെയും പ്രവര്‍ത്തകരെ കേസുകളില്‍നിന്ന് രക്ഷപ്പെടുത്താനുള്ള വഴിവിട്ട നീക്കം തകൃതിയായി നടക്കുന്നു. അവര്‍ക്ക് ഗുണ്ടാലിസ്റ്റുമില്ല; കേസുമില്ല; നാടുകടത്തലുമില്ല. ഉള്ള കേസുകള്‍ പിന്‍വലിക്കുകയുമാണ്. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരോട് ഭീകരവാദികളോടും തീവ്രവാദികളോടുമെന്നപോലെ പൊലീസ് പെരുമാറുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ കാലത്താണ് നാടുകടത്തല്‍ ഉണ്ടായിരുന്നത്. അന്ന് ഔപചാരികമായി കേസും വിചാരണയും വിധിപ്രസ്താവവുമൊക്കെ പൂര്‍ത്തിയാക്കിയാണ് ഈ ശിക്ഷ നടപ്പാക്കിയതെങ്കില്‍, ഇന്ന് അത്തരത്തിലൊന്നും ആവശ്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത്. നാട്ടില്‍ വേണ്ടെന്ന് തങ്ങള്‍ക്ക് തോന്നുന്ന ആരെയും കള്ളക്കേസില്‍പ്പെടുത്തി നാടുകടത്താമെന്നായിരിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മണല്‍മാഫിയയെയും ഗുണ്ടാമാഫിയയെയും നിയന്ത്രിക്കുന്നത് ഭരണകക്ഷിയിലെ ഉന്നതരാണ്. മണല്‍മാഫിയക്കുവേണ്ടി പൊലീസ്സ്റ്റേഷന്‍ കൈയേറിയ മാന്യനാണ് ജില്ലയിലെ ഏറ്റവും പ്രബലനായ കോണ്‍ഗ്രസ് നേതാവ്. അത്തരക്കാര്‍ക്കുമുന്നില്‍ നട്ടെല്ലുവളച്ച് നിത്യവും ഓച്ഛാനിക്കുന്ന കാക്കിവേഷക്കാരാണ്, നിയമത്തെയും ജനാധിപത്യത്തെയും കാറ്റില്‍പ്പറത്തി ഈ തെറ്റായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ക്രിമിനല്‍സ്വഭാവം സ്ഥിരമായി കാണിക്കുന്നവരെ വിചാരണയൊന്നും കൂടാതെ കരുതല്‍തടങ്കലില്‍ വയ്ക്കുന്നതിനും അതത് ജില്ലയില്‍നിന്ന് നാടുകടത്തുന്നതിനും നിയമത്തില്‍ പൊലീസിന് അധികാരം നല്‍കുന്നുണ്ട്. അത് പക്ഷഭേദമില്ലാതെ പ്രയോഗിക്കപ്പെട്ടാല്‍, കണ്ണൂര്‍ ജില്ലയില്‍നിന്ന് ആദ്യം പുറത്തുപോകേണ്ടിവരിക, കോണ്‍ഗ്രസിന്റെ അവിടത്തെ പരമോന്നത നേതാവായ "ജനപ്രതിനിധി" ആയിരിക്കുമെന്ന് മനസ്സിലാക്കാന്‍ ദിവ്യത്വമൊന്നും വേണ്ടാ. ആ നേതാവിന്റെ ക്രിമിനല്‍പ്രവൃത്തികളുടെ സമാഹാരംതന്നെ പഴയ അനുയായി പുറത്തുവിട്ടിട്ടും, ഒരു രാഷ്ട്രീയപ്രതിയോഗിയെ വധിക്കാന്‍ ആയുധവും പണവും നല്‍കി ആളെ വിട്ട മഹാനാണ് അതെന്ന് സംശയരഹിതമായി തിരിച്ചറിയപ്പെട്ടിട്ടും നേരെ ചൊവ്വേ അന്വേഷണം നടത്താനുള്ള ചങ്കൂറ്റം പൊലീസിനില്ല. ക്രിമിനല്‍ നേതാവിന് രക്ഷാവലയം തീര്‍ക്കുന്ന വിശ്വസ്ത വളര്‍ത്തുമൃഗങ്ങളുടെ വേഷത്തിലാണിന്നവര്‍. ഭരണകക്ഷി നേതൃത്വത്തിന്റെ അടുക്കളപ്പുറത്ത് നട്ടെല്ല് കാണിക്കവച്ച കാക്കിയിട്ട അടിമകളുടെ കോപ്രായമാണ് ഗുണ്ടാനിയമത്തിന്റെ പേരില്‍ അരങ്ങേറുന്നത്.
വിലക്കയറ്റത്തിനും ഫീസ് വര്‍ധനയ്ക്കും ജനാധിപത്യധ്വംസനങ്ങള്‍ക്കും എതിരായി ജനകീയസമരങ്ങള്‍ സംഘടിപ്പിക്കുന്നവരെ വിചാരണയും വിധിയുമില്ലാതെ ഗുണ്ടാനിയമം അനുസരിച്ച് ശിക്ഷിക്കാനാണ് ഭാവമെങ്കില്‍, അതിന് തയ്യാറാകുന്ന പൊലീസ് മേധാവികള്‍ക്ക് വിവരവും വിവേകവുമില്ല എന്നുതന്നെ പറയേണ്ടിവരും. ജനാധിപത്യത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ അമിതാധികാര- സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങള്‍ ലജ്ജാശൂന്യമായി ഏറ്റെടുക്കുന്നവര്‍ പൊലീസിന്റെ മുഖം അറപ്പുളവാക്കുംവിധം വികൃതമാക്കുകയാണ്. ഭീകരതയുടെ മുദ്രചാര്‍ത്തി പാവപ്പെട്ട ന്യൂനപക്ഷ യുവാക്കളെ വിവിധ ജയിലുകളില്‍ തടവില്‍വയ്ക്കുന്ന ഫാസിസ്റ്റ് രീതിയുടെ മറ്റൊരു മുഖമാണിത്. ജനങ്ങളുടെ മൗലികാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഹനിക്കുന്ന ഈ പ്രവണത തടയപ്പെട്ടേ തീരൂ. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഈ നിയമവിരുദ്ധപ്രയോഗമെങ്കില്‍, നാളെ സംസ്ഥാനത്താകെ അത് നടപ്പാക്കാന്‍ മടിക്കുന്നവരല്ല യുഡിഎഫ്. അതുകൊണ്ടുതന്നെ, കണ്ണൂരില്‍ ആരംഭിക്കുന്ന പ്രക്ഷോഭം കേരളത്തിലെ ജനാധിപത്യവിശ്വാസികളുടെയാകെ പിന്തുണ അര്‍ഹിക്കുന്നു
deshabhimani editorial 310513
No comments:
Post a Comment