സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇ-ഫയലിങ് സമ്പ്രദായം നടപ്പാക്കുന്നതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്‍ഐസിയെ തീരുമാനിച്ച ഉന്നതതല യോഗത്തില്‍ ടെക്നോപാര്‍ക്കിലെ സ്വകാര്യകമ്പനി എം ഡി പങ്കെടുത്തില്‍ ദുരൂഹത. ടെക്നോപര്‍ക്കിലെ ഓസ്പെയന്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ എംഡി പങ്കെടുത്ത ഈ യോഗത്തിലാണ് ഓസ്പെയന്റെ ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ ഫ്ളോ സിസ്റ്റത്തിന് (ഡിഡിഎഫ്എസ്) പകരം എന്‍ഐസിയുടെ ഇ-ഓഫീസ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. തീരുമാനയായെങ്കിലും ഐടി വകുപ്പ് ഫയല്‍ പിടിച്ചുവയ്ക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി ജോസ് സിറിയക് വിരമിച്ചശേഷം വീണ്ടും സ്വകാര്യകമ്പനിയായ ഓസ്പെയന്‍ രംഗത്തെത്തുകയായിരുന്നു. അവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഐടി വകുപ്പ് മുന്നോട്ടുവച്ച ഫയലിന് പിന്നീട് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. ജനുവരി 25നാണ് ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്. ഇ-ഓഫീസ്, ഡിഡിഎഫ്എസ് സോഫ്റ്റ്വെയര്‍ സംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ മാത്രമായിരുന്നു യോഗം. സര്‍ക്കാരിനുവേണ്ടി പദ്ധതി നടപ്പാക്കുന്ന കെല്‍ട്രോണിന്റെ എംഡിയും പങ്കെടുത്ത യോഗത്തിലെ ഓസ്പെയന്‍ ടെക്നോളജീസിന്റെ എംഡി പ്രസാദ് വര്‍ഗീസിന്റെ സാന്നിധ്യമാണ് ദുരൂഹത ഉയര്‍ത്തുന്നത്. പങ്കെടുത്ത പതിനൊന്ന് ഉന്നത ഉദ്യോഗസ്ഥരില്‍ രണ്ടുപേര്‍ മാത്രമാണ് ഡിഡിഎഫ്എസിനായി വാദിച്ചത്. ചീഫ് സെക്രട്ടറി ജോസ് സിറിയക് ഇ-ഓഫീസില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയെന്ന് യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു.
സെക്രട്ടറിയറ്റ് ഓഫീസ് മാന്വവലിന് വിധേയമായി നിലവിലുള്ള ഇ-ഫയലിങ് സംവിധാനത്തിനുപകരം ഇ-ഓഫീസ് നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഏറ്റവും ചെലവ് കുറഞ്ഞതും നടപ്പാക്കാന്‍ എളുപ്പമുള്ളതുമാണ് ഇ-ഓഫീസ് എന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തല്‍. നിലവിലുള്ള ഫയല്‍ ട്രാക്കിങ് സംവിധാനമായ "ഐഡിയാ"സും ജീവനക്കാരുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന "സ്പാര്‍ക്കും" എന്‍ഐസിയുടെ തന്നെ ഉല്‍പ്പന്നമായതിനാല്‍, ഇ-ഓഫീസുമായി സംയോജിപ്പിക്കുന്നതിന് അനായാസം കഴിയുമെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്ത ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയി അഭിപ്രായപ്പെട്ടത്. വിവര സാങ്കേതിക സെക്രട്ടറി പി എച്ച് കുര്യനും ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ എം എബ്രഹാമുമാണ് ഡിഡിഎഫ്എസിനുവേണ്ടി വാദിച്ചത്. ഇ-ഓഫീസ് നടപ്പാക്കുന്നതിന് കാലതാമസമെടുക്കുമെന്നായിരുന്നു എബ്രഹാമിന്റെ വാദം. മുന്ന് വകുപ്പുകളില്‍ ഡിഡിഎഫ്എസ് നടപ്പാക്കിയത് ചുണ്ടിക്കാട്ടിയാണ് കുര്യന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇവ അംഗീകരിക്കാതെയാണ് ഇ-ഓഫീസ് നടപ്പാക്കാന്‍ യോഗം തീരുമാനിച്ചത്.
ജി രാജേഷ്കുമാര്‍ deshabhimani
No comments:
Post a Comment