Tuesday, May 14, 2013
കുനിയില്‍ ഇരട്ടക്കൊലപാതകം; ശബ്ദം ലീഗ് നേതാവിന്റേതെന്ന് സ്ഥിരീകരിച്ചു
അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുടെ പങ്കിന് ശാസ്ത്രീയ തെളിവ്. കൊലപാതകത്തിന് മുമ്പ് അഹമ്മദ്കുട്ടി നടത്തിയ വിവാദ പ്രസംഗത്തിലെ ശബ്ദം അദ്ദേഹത്തിന്റേതു തന്നെയാണെന്ന് ഗുജറാത്തിലെ ഗാന്ധിഗനഗര് സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.
പരിശോധനാഫലം കേസിന്റെ വിചാരണ നടക്കുന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസേ്ട്രട്ട് കോടതിക്ക് സമര്‍പ്പിച്ചു. ഇതോടെ നാടിനെ നടുക്കിയ കൊലപാതകം ലീഗ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നെന്ന് തെളിഞ്ഞു.
ലീഗ് പ്രവര്ത്തകന് അത്തീഖ് റഹ്മാന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് 2012 ഫെബ്രുവരി 20ന് യൂത്ത് ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അഹമ്മദ്കുട്ടി വിവാദ പ്രസംഗം നടത്തിയത്. അത്തീഖിന്റെ കൊലപാതകികളെ വകവരുത്താന്‍ തീരുമാനിച്ചതായും ലീഗ് പ്രവര്ത്തകന് മുജീബിനെ ആ ദൗത്യം ഏല്‍പ്പിച്ചതായും പ്രസംഗത്തിലുണ്ട്. മുജീബിന് ദീര്‍ഘായുസ്സ് നേരാമെന്ന് ആശംസിക്കുന്ന 50 മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഹമ്മദ്കുട്ടിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രസംഗം കൃത്രിമമായി ചമച്ചതാണെന്നും അതിലെ ശബ്ദം തന്റേതല്ലെന്നും അഹമ്മദ്കുട്ടി മൊഴി നല്കി. പ്രസംഗം കേട്ട നിരവധി പേരില്‍നിന്നും പൊലീസ് മൊഴി ശേഖരിച്ചിരുന്നു. എന്നാല്‍, വിചാരണ വേളയില്‍ ഇവര്‍ കൂറുമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഓഡിയോ ടേപ്പ് ഫോറന്‍സിക് പരിശോധനക്ക് അയക്കുകയായിരുന്നു.
ശബ്ദപരിശോധനക്കായി മഞ്ചേരിയിലെ ആകാശവാണിയില്‍വച്ച് അഹമ്മദ്കുട്ടിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തു. ആദ്യം ഛത്തീസ്ഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചെങ്കിലും അവര്‍ ശബ്ദ പരിശോധനക്ക് കൂടുതല്‍ സമയമെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ ലാബിലേക്ക് അയച്ചത്. ഇതിന്റെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. 2012 ജൂണ്‍ 10-നാണ് കുനിയില്‍ അങ്ങാടിയില്‍വച്ച് സഹോദരങ്ങളായ കൊളക്കാടന്‍ ആസാദ്, അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 19-ാം പ്രതിയാണ് അഹമ്മദ്കുട്ടി.
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതോടെ കേസന്വേഷണത്തിന് നേതൃത്വം നല്കിയ ഡിവൈഎസ്പി എം പി മോഹനചന്ദ്രനെ ലീഗ് നേതൃത്വം ഇടപെട്ട് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി. കേസ് അട്ടിമറിക്കാനുള്ള ലീഗ് ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സാക്ഷികള്‍ കൂറുമാറിയാലും ടേപ്പ് അഹമ്മദ്കുട്ടിക്കെതിരായ പ്രധാന തെളിവാകും. കേസില്‍ 800 പേജടങ്ങുന്ന കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കും.
deshabhimani 140513
Labels:
മുസ്ലീം ലീഗ്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment