Friday, May 31, 2013

സ്കൂള്‍ ഉച്ചഭക്ഷണവും മുടങ്ങും

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞവര്‍ഷം വികലമാക്കിയ പദ്ധതിയുടെ അപാകത പരിഹരിക്കാനോ കൂടുതല്‍ ഫണ്ട് അനുവദിക്കാനോ പുതിയ വിദ്യാലയവര്‍ഷം തുടങ്ങുമ്പോഴും നടപടിയില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് രണ്ടുമാസം മുമ്പ് ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചെങ്കിലും തുടര്‍നടപടികളില്ല. ഇതോടെ സ്കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി ലഭിക്കില്ലെന്ന് ഉറപ്പായി.

പദ്ധതി നിര്‍വഹണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം പിന്മാറിയ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം അനുവദിക്കുന്ന അരി വിതരണംചെയ്യുന്ന ഏജന്‍സി മാത്രമായി മാറിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പോഷകാഹാര പദ്ധതിയുടെ ഭാഗമായി നല്‍കിയ പാല്‍, മുട്ട, പഴം എന്നിവയുടെ വിതരണവും യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഫണ്ട് നിരവധി വിദ്യാലയങ്ങള്‍ക്ക് ഇനിയും കിട്ടിയിട്ടില്ല. സമയത്തിന് ഫണ്ട് കിട്ടാത്തതിനാല്‍ സാധനവിലയും പാചകക്കൂലിയും കടം വാങ്ങിയാണ് അധ്യാപകര്‍ നല്‍കിയത്. എറണാകുളം ജില്ലയിലെ ഒരു സ്കൂളില്‍ ഉച്ചഭക്ഷണംനല്‍കിയ വകയില്‍ നവംബര്‍ മുതല്‍ കിട്ടാനുള്ളത് 1.62 ലക്ഷം രൂപ. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബിന്റെ നാട്ടിലെ 31 സ്കൂളുകള്‍ക്ക് 15 ലക്ഷംരൂപ കിട്ടാനുണ്ട്.

1987ല്‍ നായനാര്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുകയും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പോഷകാഹാരപദ്ധതിയായി വിപുലപ്പെടുത്തുകയും ചെയ്ത ഉച്ചഭക്ഷണ പദ്ധതി 20 ലക്ഷത്തോളം കുട്ടികള്‍ക്ക് ആശ്വാസമായതാണ്. പ്രഭാതഭക്ഷണം തുടങ്ങി പാലും മുട്ടയും നേന്ത്രപ്പഴവുമെല്ലാമായി വികസിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ പദ്ധതിയായി ഇത് മാറിയിരുന്നു. എന്നാല്‍ യുഡിഎഫ് പദ്ധതി പരിമിതപ്പെടുത്തിയതോടെ ഇതിന്റെ ഗുണഭോക്താക്കള്‍ രണ്ടുലക്ഷമായി കുറഞ്ഞു. മാവേലി സ്റ്റോറില്‍നിന്ന് സുഗമമായികിട്ടിയ പയറും പലവ്യഞ്ജനവും മില്‍മയില്‍നിന്ന് സര്‍ക്കാര്‍ നിരക്കില്‍ കിട്ടിയ പാലും നിര്‍ത്തി. പകരം അരി മാത്രം കിട്ടി. പച്ചക്കറിയും പലവ്യഞ്ജനവുമെല്ലാം പുറമെനിന്നു വാങ്ങേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണംകൊണ്ടാണ് ചോറും ഒരു കറിയെങ്കിലുമായി പദ്ധതി ഒരു വിധം മുന്നോട്ടു നീങ്ങിയത്. 100 കുട്ടികള്‍വരെയുള്ള സ്കൂളില്‍ ആറ് രൂപവീതവും അതിനു മുകളിലുള്ളവര്‍ക്ക് 5 രൂപ വീതവും നല്‍കേണ്ട തുകയും സമയത്തിനു നല്‍കിയില്ല. കറിവയ്ക്കാനുള്ള സാധനങ്ങളും പാചകക്കൂലിയുമടക്കം ഈ സംഖ്യയില്‍നിന്നാണ് നല്‍കേണ്ടത്. പദ്ധതിക്ക് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണവും ഇല്ലാതാക്കി. ഈ അവസ്ഥയില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു. എല്‍ഡിഎഫ് ഭരണകാലത്തുണ്ടായിരുന്നതുപോലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഉത്തരവാദിത്തം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

deshabhimani

No comments:

Post a Comment