രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. ഇതോടെ മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലിയുള്ള യുഡിഎഫിലെ പ്രതിസന്ധി കൂടുതല്‍ വഷളായി. കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ മുസ്ലിംലീഗ് നേതൃത്വം ഒന്നടങ്കം കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. വ്യാഴാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്താനാണ് ലീഗ് തീരുമാനം. യുഡിഎഫ് യോഗത്തിനു മുമ്പ് ലീഗിന്റെ സെക്രട്ടറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേരും.
മുസ്ലിംലീഗിന്റെ എതിര്‍പ്പും ഹൈക്കമാന്‍ഡിന്റെ തണുപ്പന്‍ നിലപാടുംമൂലം ചെന്നിത്തല ഉപമുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ലീഗ് നേതാക്കള്‍ ബുധനാഴ്ച പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി മലക്കംമറിഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, ഹൈക്കമാന്‍ഡ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റുസ്ഥാനം എത്രയുംവേഗം ഒഴിയണമെന്നാണ് ചെന്നിത്തലയ്ക്ക് കിട്ടിയ നിര്‍ദേശം. വേണമെങ്കില്‍ മന്ത്രിസഭയില്‍ ചേരാം. എന്നാല്‍, ഏതു വകുപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനത്തിന് ചെന്നിത്തല അവകാശവാദം ഉന്നയിച്ചത്. അത് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രിയും എ ഗ്രൂപ്പും വ്യക്തമാക്കി.
ഒത്തുതീര്‍പ്പു നിര്‍ദേശമെന്ന നിലയ്ക്കാണ് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചത്. ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യൂവും മറ്റൊരു വകുപ്പുമെന്ന നിര്‍ദേശം ചൊവ്വാഴ്ച രാത്രി ചെന്നിത്തല അംഗീകരിച്ചതാണ്. എന്നാല്‍, മുസ്ലിംലീഗ് എതിര്‍പ്പുമായി രംഗത്തുവന്നതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ആഭ്യന്തരം വേണമെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് വീണ്ടും പിടിമുറുക്കിയതായാണ് വിവരം. ഹൈക്കമാന്‍ഡ് എന്തു നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇരു ഗ്രുപ്പുകളും. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വ്യാഴാഴ്ച ഏതാണ്ട് തിരശ്ശീല വീഴും. ഇതോടെ മന്ത്രിസഭാ പുനഃസംഘടന വീണ്ടും കീറാമുട്ടിയാകുമെന്ന് തീര്‍ച്ച. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ മുസ്ലിംലീഗ് നേരിട്ട് യുഡിഎഫ് യോഗത്തില്‍ എതിര്‍ക്കും.
ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണപിള്ള നല്‍കിയ കത്തും യുഡിഎഫിന് മറ്റൊരു കുരിശാകും. ഗണേശിനെ മന്ത്രിയാക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിഷേധ സൂചകമായി ഏറിയാല്‍ പിള്ള യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഷിബു ബേബിജോണ്‍, കെ എം മാണി തുടങ്ങിയവര്‍ ഗണേശനെ മന്ത്രിയാക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുമെങ്കിലും കടുത്ത നിലപാട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയില്ല. ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഈ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായാണ് വിവരം. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുത്താല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ സി ജോസഫിനു നല്‍കും. കെ സി ജോസഫ് ബുധനാഴ്ച രാവിലെ രമേശ് ചെന്നിത്തലയെ കണ്ടു. ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാട് ചെന്നിത്തല ജോസഫിനോട് ആവര്‍ത്തിച്ചതായാണ് സൂചന.
കെ ശ്രീകണ്ഠന്‍
deshabhimani
No comments:
Post a Comment