Thursday, May 16, 2013
ദീര്‍ഘദൂര റൂട്ടില്‍ കെഎസ്ആര്‍ടിസി ഇല്ലാതാകുന്നു
ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് കെഎസ്ആര്‍ടിസി പിന്‍വാങ്ങുന്നു. എക്സ്പ്രസ് സര്‍വീസുകള്‍ വ്യാപകമായി നിര്‍ത്തലാക്കുകയാണ്. അഞ്ചുവര്‍ഷം പഴക്കമുള്ള സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ലോക്കലാക്കുന്നതോടെ ആ സര്‍വീസും നിലയ്ക്കും. പുതിയ ബസ് ലഭ്യമല്ലാത്തതാണ് സൂപ്പര്‍ഫാസ്റ്റിന് തിരിച്ചടിയാകുന്നത്. ഈ അവസരം മുതലാക്കി സ്വകാര്യ ബസ് ലോബിയും രംഗത്തിറങ്ങി. പെര്‍മിറ്റില്ലാത്ത സ്വകാര്യ മള്‍ട്ടി ആക്സില്‍, എസി, വോള്‍വോ ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് മേഖല കൈയടക്കുകയാണ്. വടക്കോട്ടുള്ള റൂട്ടുകള്‍ കോട്ടയത്തെ മുതലാളിമാര്‍ക്കും തെക്കന്‍ റൂട്ടുകള്‍ തിരുവനന്തപുരം ജില്ലയിലെ മുതലാളിമാര്‍ക്കുമായി സര്‍ക്കാര്‍ പങ്കുവച്ചു നല്‍കുകയാണ്.
കെഎസ്ആര്‍ടിസിയുടെ പിടിപ്പുകേടുമൂലം പൊതുഗതാഗത സൗകര്യത്തിലുണ്ടാകുന്ന കുറവ് മറച്ചുപിടിക്കാനുള്ള ഗൂഢതന്ത്രവും ഇതിനുപിന്നിലുണ്ട്. ദീര്‍ഘദൂര സര്‍വീസ് കുറഞ്ഞതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും വന്‍ കുറവുണ്ടായി. രണ്ടുതവണയായി യാത്രക്കൂലി മുപ്പത് ശതമാനത്തിലധികം കൂട്ടിയിട്ടും വരുമാനം ഉയരാത്ത അവസ്ഥയുണ്ട്. മുന്‍സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി ശരാശരി ദൈനംദിന കിലോമീറ്റര്‍ സര്‍വീസ് 18 ലക്ഷമായിരുന്നു. വരുമാനം നാലുമുതല്‍ അഞ്ചു കോടി വരെയും. മൂന്നുവര്‍ഷം ആയിരം പുതിയ ബസ്വീതം നിരത്തിലിറക്കി. എണ്ണം 6,400 വരെ ഉയര്‍ന്നു. ഈ സര്‍ക്കാരിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ദൈനംദിന കിലോമീറ്റര്‍ സര്‍വീസ് മൂന്നുലക്ഷം കുറഞ്ഞ് 15 ലക്ഷത്തിലെത്തി. ബസിന്റെ എണ്ണം 5,700 ആയി താഴ്ന്നു. പ്രതിദിന വരുമാനം നാലേകാല്‍ കോടിയായി ഇടിഞ്ഞു. പ്രതിവര്‍ഷം ആയിരം പുതിയ ബസ് ഇറക്കുകയെന്ന ലക്ഷ്യവും ഇല്ലാതായി. രണ്ട് വര്‍ഷം ആകെ ഇറക്കിയത് വെറും 638 ബസ്. തിരുവനന്തപുരം സെന്‍ട്രല്‍, മാവേലിക്കര, ആലുവ, എടപ്പാള്‍, കോഴിക്കോട് റീജണല്‍ വര്‍ക്ക്ഷോപ്പുകളിലെല്ലാം ബസ് ബോഡി നിര്‍മാണം നിലച്ചു. ഇപ്പോള്‍ 300 ബസ് ചേയ്സ് വന്നിട്ടുണ്ട്. അനുബന്ധ സാമഗ്രികള്‍ ഇല്ലാത്തതിനാല്‍ ബോഡി നിര്‍മാണം തുടങ്ങാനാകുന്നില്ല.
കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 22,000 പേര്‍ക്ക് കോര്‍പറേഷനില്‍ സ്ഥിരനിയമനം നല്‍കി. തൊഴിലാളികളുടെ എണ്ണം 40,000 ആയി ഉയര്‍ന്നു. വര്‍ഷം ആയിരം ബസ് പുതുതായി നിരത്തിലിറക്കാന്‍ തുടങ്ങിയതോടെ ഓപ്പറേറ്റിങ് ജീവനക്കാരുടെ തസ്തികകളില്‍മാത്രം ആറായിരം വീതം പുതിയ അവസരമുണ്ടായി. 9,450 കണ്ടക്ടര്‍മാരുടെയും 12,000 ഡ്രൈവര്‍മാരുടെയും ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തു. കണ്ടക്ടര്‍ നിയമനം നടത്തി. ഡ്രൈവര്‍മാര്‍ക്കായി അറുപതിനായിരത്തില്‍പ്പരം ഉദ്യോഗാര്‍ഥികളുടെ പട്ടിക പിഎസ്സി തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചു. ഡ്രൈവര്‍ ഒഴിവില്ലെന്നാണ് കോര്‍പറേഷന്‍ ഇപ്പോള്‍ പറയുന്നത്. ഉദ്യോഗാര്‍ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാക്കി. ഇതേ അവസ്ഥയാണ് എല്ലാ തൊഴില്‍ വിഭാഗത്തിലും.
അമിതമായ രാഷ്ട്രീയ ഇടപെടീല്‍ ജീവനക്കാരുടെ അച്ചടക്കമില്ലാതാക്കി. രാത്രി ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കി. ടിക്കറ്റ് പരിശോധന, ഷെഡ്യൂള്‍ കൃത്യനിഷ്ഠ, കാര്യക്ഷമത എന്നിവയെല്ലാം താറുമാറായി. ഡീസല്‍ പ്രതിസന്ധി മുതലെടുത്ത സര്‍ക്കാറും കോര്‍പറേഷനും, ഇത് മാറിയിട്ടും ഷെഡ്യൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കുന്നില്ല. ജീവനക്കാരുടെ പരിശീലനം ഇല്ലാതാക്കിയതിലൂടെ ഇന്ധനക്ഷമതയിലും ടയര്‍ ഉപയോഗത്തിലുമുള്ള നേട്ടങ്ങള്‍ ഉപേക്ഷിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 4.27 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചിരുന്നത് ഇപ്പോള്‍ 3.80 കിലോമീറ്ററായി. ടയര്‍ മൈലേജ് 65,000ല്‍നിന്ന് 40,000 കിലോമീറ്ററായി. പാലായിലെ ഒരു സ്വകാര്യ കമ്പനിക്ക് ഒരു ടയറിന് 3,800 രൂപവീതം റീത്രെഡിങ്ങിന് നല്‍കുന്നു. കോര്‍പറേഷനുള്ള സൗകര്യം ഉപയോഗിക്കുന്നതുമില്ല. നിരത്തിലിറങ്ങാത്ത 157 മിനിബസുകളുടെ പേരില്‍ ഇപ്പോഴും സ്പെയര്‍ പാര്‍ട്സ് വാങ്ങിക്കൂട്ടൂന്നു. 35 കോടി രൂപയുടെ സ്പെയര്‍ പാര്‍ട്സുകള്‍ പ്രധാന സ്റ്റോറില്‍ ഉപയോഗ്യശൂന്യമായ നിലയില്‍ കെട്ടിക്കിടക്കുന്നു. എന്നിട്ടും അനാവശ്യ സ്പെയര്‍പാര്‍ട്സ് വാങ്ങിക്കൂട്ടുന്നു. ഇതിനെല്ലാംപിന്നില്‍ നടക്കുന്ന വന്‍കിട കോഴ ഇടപാടില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പ്പര്യം.
(ജി രാജേഷ്കുമാര്‍)
deshabhimani
Labels:
പൊതുഗതാഗതം
Subscribe to:
Post Comments (Atom)
No comments:
Post a Comment