Saturday, May 18, 2013

അസംഘടിതമേഖലയിലെ ചൂഷണം അവസാനിപ്പിക്കണം: സിഐടിയു


തൊഴിലാളികളുടെ മിനിമം വേതനം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പുവരുത്താനും അസംഘടിതമേഖലയിലെ കടുത്തചൂഷണം അവസാനിപ്പിക്കാനും ശക്തമായ നടപടിയെടുക്കണമെന്ന് 45-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ സിഐടിയു ആവശ്യപ്പെട്ടു.

ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും വേതനമോ ന്യായമായ ജീവിതസൗകര്യങ്ങളോ ലഭ്യമാക്കാനായിട്ടില്ല. ഭരണഘടന നിഷ്കര്‍ഷിച്ച ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. നിയമം നടപ്പാക്കാതെ ഭരണഘടനാ നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ് അധികാരികള്‍. തൊഴിലാളികളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം കണ്ണില്‍ പൊടിയിടല്‍നടപടി മാത്രമാണുള്ളത്. ലോകബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുടെ നിര്‍ദേശമനുസരിച്ച് കോര്‍പറേറ്റ് മേഖലയെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരുകോടിയോളം വരുന്ന പദ്ധതി തൊഴിലാളികളെ വിവിധ ഓമനപ്പേരുകള്‍ നല്‍കി ബഹുമാനിക്കുന്നതല്ലാതെ ഇവരെ തൊഴിലാളികളായി അംഗീകരിക്കുന്നില്ല. അങ്കണവാടി വര്‍ക്കര്‍- ഹെല്‍പ്പര്‍, സ്കൂള്‍ ഉച്ചഭക്ഷണപരിപാടി, ആശ, യശോദ, പാരാ ടീച്ചേഴ്സ് തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളിലെ തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം നല്‍കണം. പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ആരോഗ്യസുരക്ഷ എന്നിവയും ലഭ്യമാക്കണം.
അസംഘടിതമേഖലയില്‍ കരാര്‍വല്‍ക്കരണം വര്‍ധിച്ചു. ഇവര്‍ക്ക് എല്ലാ സാമൂഹ്യസുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തണം. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നിയമം എങ്ങനെ നടപ്പാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ക്കുമാത്രമായി നിയമം പരിമിതപ്പെടുത്തിയതിനാല്‍ ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും ആനുകൂല്യം കിട്ടുന്നില്ല. 46 കോടി വരുന്ന അസംഘടിത തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും പദ്ധതിക്കു പുറത്താണ്. പെന്‍ഷന്‍പദ്ധതികളില്‍ തൊഴിലുടമകളുടെ വിഹിതം വെട്ടിക്കുറച്ച് തൊഴിലാളികളുടെ വിഹിതം പെന്‍ഷന്‍ഫണ്ടില്‍ ചൂതാട്ടത്തിന് വിനിയോഗിക്കുന്നു. തൊഴിലാളികള്‍ക്ക് പെന്‍ഷനും സാമൂഹ്യസുരക്ഷയും നല്‍കേണ്ട ബാധ്യത തൊഴിലുടമകളും സര്‍ക്കാരും ഏറ്റെടുക്കണം. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാക്കണം. പെന്‍ഷന്‍ഫണ്ടിലേക്ക് തൊഴിലുടമ വിഹിതത്തിന്റെ പകുതിക്കുതുല്യമായ തുക സര്‍ക്കാര്‍ നല്‍കണമെന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ നടപ്പാക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

ഉദാരവല്‍ക്കരണം: ധവളപത്രം ഇറക്കണമെന്ന് ട്രേഡ് യൂണിയനുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് 45-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ ട്രേഡ് യൂണിയനുകളുടെ വിമര്‍ശം. ഉദാര-സ്വകാര്യവല്‍ക്കരണ നടപടികളുടെ ഫലത്തെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. ലേബര്‍ കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന ശുപാര്‍ശകള്‍ പാലിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ഉദാഹരണസഹിതം നേതാക്കള്‍ ചൂണ്ടിക്കാട്ടി. അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാനിയമം, രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന എന്നിവയാണ് കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ഖാര്‍ഗെ തൊഴിലാളിക്ഷേമ നടപടികളായി പറഞ്ഞത്. എന്നാല്‍, കൊടിയ ചൂഷണത്തിനിരയാകുന്ന അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ന്യായമായ വേതനമോ തൊഴില്‍ നിയമങ്ങളുടെ സുരക്ഷയോ ലഭിക്കുന്നില്ലെന്ന് ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.

22 വര്‍ഷമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണ നടപടികളുടെ ഫലം സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. തൊഴിലിന്റെയും തൊഴിലാളികളുടെ അവകാശങ്ങളുടെയും നഷ്ടമാണ് ഉദാരവല്‍ക്കരണത്തിന്റെ ഫലം. തൊഴിലാളികളുടെ വരുമാനം വന്‍തോതില്‍ കുറഞ്ഞപ്പോള്‍ തൊഴിലുടമകളുടെ വരുമാനം പല മടങ്ങായി. കടുത്ത തൊഴില്‍ചൂഷണത്തിന് ഒത്താശചെയ്യുകയാണ് കേന്ദ്രസര്‍ക്കാരെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ലേബര്‍ കോണ്‍ഫറന്‍സിന്റെ അജന്‍ഡയിലെ നാല് ഇനത്തില്‍ ആദ്യത്തേതായി ഉള്‍പ്പെടുത്തിയ പദ്ധതി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഒന്നും പറയാതിരുന്നതിനെ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ വിമര്‍ശിച്ചു. മനുഷ്യവികസനത്തില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നവരാണ് കേന്ദ്ര, സംസ്ഥാന പദ്ധതികളില്‍ തൊഴിലെടുക്കുന്നവര്‍. ഇവരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനവും അവകാശങ്ങളും അനുവദിക്കണമെന്ന ആവശ്യത്തെപ്പറ്റി സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴില്‍ സംസ്ഥാന വിഷയമായതിനാല്‍ തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളാണ് ശ്രദ്ധിക്കേണ്ടതെന്ന് തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും സംസാരിച്ചു. സിഐടിയുവിനെ പ്രതിനിധാനംചെയ്ത് ജനറല്‍ സെക്രട്ടറി തപന്‍സെന്‍, സെക്രട്ടറിമാരായ കെ ഹേമലത, പ്രസന്നകുമാര്‍, എ ആര്‍ സിന്ധു എന്നിവരാണ് പങ്കെടുക്കുന്നത്. ലേബര്‍ കോണ്‍ഫറന്‍സ് ശനിയാഴ്ച സമാപിക്കും.
(വി ജയിന്‍)

തൊഴിലാളികള്‍ പണിമുടക്കിയത് നാടിനുവേണ്ടിയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ തൊഴിലാളി സംഘടനകള്‍ നടത്തിയ ദ്വിദിന ദേശീയ പണിമുടക്ക് തൊഴിലാളിവര്‍ഗത്തിനുവേണ്ടി മാത്രമായിരുന്നില്ല, ജനങ്ങള്‍ക്കാകെ വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി. വിലക്കയറ്റം തടയുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങി തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളൊക്കെ ന്യായമാണെന്നും 45-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകള്‍ കാലാകാലങ്ങളില്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും വളരെ ഗൗരവത്തോടെ കേന്ദ്രസര്‍ക്കാര്‍ കണ്ടിരുന്നെന്ന്പ്രധാനമന്ത്രി അവകാശപ്പെട്ടു.

സാര്‍വത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ഏറെക്കുറെ അംഗീകരിക്കപ്പെട്ടു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. 2004-05 മുതല്‍ 2009-10 വരെയുള്ള കാലത്ത് രാജ്യത്ത് രണ്ടു കോടി തൊഴിലവസരം സൃഷ്ടിച്ചു. സംഘടിതമേഖലയില്‍മാത്രം ഒമ്പത് ശതമാനം തൊഴില്‍ വര്‍ധിച്ചു. തൊഴിലാളികള്‍ക്കുവേണ്ടി നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. രാജ്യം ബുദ്ധിമുട്ടുള്ള കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളികളും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തിന് വളര്‍ച്ച നേടാന്‍ കഴിയൂ-പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, തൊഴിലാളിസംഘടനകളുമായി എക്കാലവും ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറായിരുന്നെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി ഇതിനുമുമ്പ് എട്ട് പണിമുടക്ക് നടന്നപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന കാര്യം പ്രസംഗത്തില്‍ മറച്ചുവച്ചു. നവഉദാര നയങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം മൗനം പാലിച്ചു.

deshabhimani

No comments:

Post a Comment