Saturday, May 18, 2013
മനോരമയും മാതൃഭൂമിയും സര്‍ക്കാര്‍ വാര്‍ഷികപരസ്യം തമസ്കരിച്ചു
യുഡിഎഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക പരസ്യം മലയാള മനോരമയും മാതൃഭൂമിയും തമസ്കരിച്ചു. 17ന് മറ്റു പത്രങ്ങള്‍ ഈ പരസ്യം പ്രസിദ്ധീകരിച്ചു. മാധ്യമങ്ങള്‍ക്ക് പിആര്‍ഡി നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ വാര്‍ഷികപരസ്യം പ്രസിദ്ധീകരിക്കില്ലെന്നാണ് രണ്ട് പത്രങ്ങളുടെയും നിലപാട്. ഭീമമായ തുകയ്ക്ക് വേണ്ടി വിലപേശല്‍ തുടരുന്നു. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ മുമ്പിലെത്തി. അദ്ദേഹത്തിന്റെ പ്രത്യേകാനുമതി വാങ്ങി വന്‍തുക നല്‍കാനാണ് പിആര്‍ഡിയുടെ നീക്കം.
പത്രങ്ങള്‍ക്ക് അനുവദിച്ച ക്ലാസനുസരിച്ച് പിആര്‍ഡി പരസ്യ നിരക്ക് നിര്‍ണയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് പരസ്യം നല്‍കിവരുന്നത്. എന്നാല്‍ വാര്‍ഷികപരസ്യത്തിന് ഇത് ബാധകമല്ലെന്ന നിലപാടിലാണ് മനോരമയും മാതൃഭൂമിയും. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നടന്ന വെള്ളിയാഴ്ച മറ്റെല്ലാ മലയാള പത്രങ്ങളും ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ് എന്നീ ഇംഗ്ലീഷ് പത്രങ്ങളും "കേരളം കാലത്തിനൊപ്പം" യുഡിഎഫ് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്-പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന മുഴുപേജ് വര്‍ണപരസ്യം പ്രസിദ്ധപ്പെടുത്തി. രണ്ടോ മൂന്നോ ലക്ഷം രൂപവീതമാണ് പരസ്യത്തിന് പത്രങ്ങള്‍ക്ക് ലഭിച്ചതെന്ന് അറിയുന്നു.
എന്നാല്‍ സര്‍ക്കാര്‍ നിരക്കിനു പകരം പത്രം നിശ്ചയിക്കുന്ന തുക നല്‍കണമെന്ന് രണ്ടു പത്രങ്ങളുടെയും പരസ്യവിഭാഗങ്ങളുടെ ആവശ്യം. 24 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ വെള്ളിയാഴ്ച വൈകീട്ട് ഈ രണ്ട് പത്രങ്ങളും ആവശ്യപ്പെട്ട തുക നല്‍കാന്‍ ധാരണയിലെത്തി. വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതിനായി സമ്മര്‍ദമുണ്ടായതായും സൂചനയുണ്ട്. എന്നാല്‍ രാത്രി തീരുമാനം മാറി. മാനദണ്ഡം ലംഘിച്ച് രണ്ടു പത്രങ്ങള്‍ക്ക് വന്‍തുക നല്‍കുന്നത് പ്രശ്നമാകുമെന്ന് കണ്ട് പിആര്‍ഡി അധികൃതര്‍ നിലപാട് മാറ്റി. തുടര്‍ന്നാണ് ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ മുമ്പിലെത്തിയത്.
deshabhimani
Labels:
മാധ്യമം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment