Thursday, May 16, 2013

ശ്രീശാന്ത് ഒത്തുകളിച്ചത് മൊഹാലിയില്‍; കിട്ടിയത് 40 ലക്ഷം


മെയ് 9ന് കിങ്സ് ഇലവന്‍ പഞ്ചാബുമായി മൊഹാലിയില്‍ നടന്ന മല്‍സരത്തിലാണ് മലയാളി താരം ശ്രീശാന്ത് ഒത്തുകളിച്ചതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒത്തുകളിയ്ക്ക് മുന്‍പായി വാതുവെപ്പുകാര്‍ക്ക് കളിക്കാര്‍ ഗ്രൗണ്ടില്‍ നിന്ന് കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു. പഞ്ചാബിനെതിരെ ശ്രീശാന്ത് എറിഞ്ഞ രണ്ടാമത്തെ ഓവറാണ് ഒത്തുകളി വിവാദത്തിലകപ്പെട്ടത്. ആദ്യ ഓവറിന് ശേഷം ടൗവ്വല്‍ പോക്കലിറ്റിട്ട് ശ്രീശാന്ത് വാതുവെപ്പുകാര്‍ക്ക് സൂചന നല്‍കിയതായി കമ്മീഷണര്‍ വ്യക്തമാക്കി. വിവാദമായ ഓവര്‍ എറിയുന്നതിന് മുന്‍പ് വാംഅപ്പ് ചെയ്തും വാതുവെപ്പ്കാര്‍ക്ക് ശ്രീശാന്ത് സൂചന നല്‍കി. മുന്‍ നിശ്ചയ പ്രകാരം 13 റണ്‍സാണ് ശ്രീശാന്ത് ഈ ഓവറില്‍ വിട്ടുകൊടുത്തത്. 40 ലക്ഷം രൂപയ്ക്കാണ് ശ്രീശാന്ത് ഒത്തുകളിച്ചത്. ഒത്തുകളിയ്ക്ക് പിന്നില്‍ അധോലോകമാണെന്നും മുഖ്യസൂത്രധാരന്‍ വിദേശത്താണെന്നും പൊലീസ് വെളിപ്പെടുത്തി.

മെയ് 5ന് പൂനെ വാരിയേഴ്സിനെതിരായുള്ള രാജസ്ഥാന്റെ മല്‍സരത്തിലാണ് ആദ്യ വാതുവെപ്പ് നടന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്റെ രണ്ടാം ഓവറില്‍ അജിത് ചന്ദാല 14 റണ്‍സ് വഴങ്ങിയെങ്കിലും വാതുവെപ്പ്കാര്‍ക്ക് സൂചന നല്‍കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ വാതുവെപ്പ് നടന്നില്ല. തുടര്‍ന്ന് വാതുവെപ്പില്‍ ഏര്‍പ്പെടാനായി ചന്ദാലയ്ക്ക് നല്‍കിയ 20 ലക്ഷം രൂപ ഇവര്‍ തിരിച്ചു വാങ്ങി.

മെയ് 15ന് മുംബൈയ്ക്കെതിരെ നടന്ന മല്‍സരത്തില്‍ അംഗിത് ചവാനാണ് ഒത്തുകളിയിലേര്‍പ്പെട്ടത്. തന്റെ രണ്ടാമത്തെ ഓവറില്‍ 13 റണ്‍സിലധികം വഴങ്ങാമെന്നായിരുന്നു ധാരണ. ആദ്യ ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ചവാന്‍ രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. എന്നാല്‍ വാതുവെപ്പ്കാര്‍ക്ക് സൂചന നല്‍കിയശേഷം എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ മൂന്ന് പന്തില്‍ 14 റണ്‍സ് വഴങ്ങി. അതിന് ശേഷമുള്ള മൂന്ന് പന്തുകളില്‍ ഒരു റണ്‍സ് മാത്രമാണ് വഴങ്ങിയത്. അറുപത് ലക്ഷം രൂപയാണ് അംഗിത് ചവാന് ലഭിച്ചത്. അംഗിതും വാതുവെപ്പുകാരനുമായുള്ള ഇടപാടില്‍ ഇടനിലക്കാരനായത് ചന്ദാലയാണ്. ഈ മല്‍സരത്തില്‍ ചന്ദാല കളിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ആരോപണവിധേയരായ മൂന്ന് താരങ്ങളെയും അറസ്റ്റ് ചെയ്ത ശേഷം വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ചു. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മല്‍സരത്തില്‍ സച്ചിന്റെയും പോണ്ടിങ്ങിന്റെയും വിക്കറ്റുകളെടുത്ത് ശ്രദ്ധ നേടിയ സ്പിന്നറാണ് ചന്ദാല. സംഭവം വിവാദമായതോടെ മൂന്ന് താരങ്ങളെയും ഐപിഎല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ നടപടിയ്ക്കായി ബിസിസിഐ അച്ചടക്ക സമിതിയ്ക്ക് വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ഹോട്ടല്‍ ടൈറസ്റ്റില്‍ നിന്നാണ് കളിക്കാരെ അറസ്റ്റ് ചെയ്തത്.

അതേസമയം ശ്രീശാന്തിനെ കുടുക്കിയത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും ഹര്‍ഭജന്‍ സിങ്ങുമാണെന്ന് ശ്രീശാന്തിന്റെ അച്ഛന്‍ ശാന്തകുമാരന്‍ നായരുടെ ആരോപണം ഡല്‍ഹി കമ്മീഷണര്‍ നിരസിച്ചു. ശ്രീശാന്താണ് ഒത്തുകളിയുടെ കേന്ദ്രമെന്ന വാര്‍ത്തയും കമ്മീഷണര്‍ നിരസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒത്തുകളിയുമായി ബന്ധപ്പെട്ട അറസ്റ്റിലായ വാതുവെപ്പുകാരനില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ഏഴ് വാതുവെപ്പുകാരെക്കൂടി പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. 92 മൊബൈല്‍ ഫോണുകളും 18 സിം കാര്‍ഡുകളും 92,000 രൂപയും വാതുവെപ്പുകാരില്‍ നിന്ന് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ സുഹൃത്തും

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് കോഴവിവാദത്തില്‍ ഉള്‍പ്പെട്ട് അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ സുഹൃത്തും ഉള്‍പ്പെടുന്നു. ശ്രീശാന്തിന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് കളിക്കാരനുമായ ജിജു ജനാര്‍ദനനാണ് വാതുവെയ്പിന്റെ പ്രധാന ഇടനിലക്കാരനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ശ്രീശാന്തിന്റെ ബന്ധുവാണെന്ന വാര്‍ത്ത ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് കമ്മീഷണര്‍ നിഷേധിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ 19 വയസിന് താഴെയുള്ളവരുടെ ടൂര്‍ണമെന്റില്‍ ജിജു മുന്‍പ് ഗുജറാത്തിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇയാള്‍ നിലവില്‍ കൊച്ചിയിലെ പ്രമുഖ ക്ലബിന്റെ കളിക്കാരനാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു. ശ്രീശാന്താണ് ജിജുവിനെ കേരളത്തിലേക്കു കൊണ്ടുവന്നത്.

അതേസമയം വാതുവെപ്പില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പറഞ്ഞു. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ഉടമകൂടിയാണ് ശ്രീനിവാസന്‍.

deshabhimani

No comments:

Post a Comment