കൊച്ചി തുറമുഖ ട്രസ്റ്റിനെ നഷ്ടത്തില്‍ തള്ളി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ കരാറുകാരായ ദുബായ് പോര്‍ട്ട് വേള്‍ഡിന് (ഡിപി വേള്‍ഡ്) വന്‍ നേട്ടം കൊയ്യാനിടവന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയില്‍ തയ്യാറാക്കിയ കരാറിലെ ന്യൂനതകള്‍. വാഗ്ദാനവും ലക്ഷ്യവും പാലിക്കപ്പെട്ടില്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം എന്ന വ്യവസ്ഥ ഇത്തരം കരാറുകളില്‍ പതിവാണെങ്കിലും വല്ലാര്‍പാടവുമായി ബന്ധപ്പെട്ട കരാറില്‍ ഈ വ്യവസ്ഥ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. ചെന്നൈ തുറമുഖത്തെയും കരാറുകാരാണ് ഡിപി വേള്‍ഡ്. എന്നാല്‍ 2008-ല്‍ അവിടെ നഷ്ടപരിഹാരമായി 91.51 കോടി രൂപ നല്‍കേണ്ടിവന്നു. 2006 ഡിസംബര്‍മുതല്‍ 2007 നവംബര്‍വരെ മതിയായ നോണ്‍ട്രാന്‍ഷിപ്മെന്റ് കണ്ടെയ്നറുകള്‍ തുറമുഖത്ത് എത്തിച്ചില്ലെന്ന കാരണത്താലായിരുന്നു ഇത്. കരാറിന്റെ ഭാഗമായി ഡിപി വേള്‍ഡ് നല്‍കിയ ബാങ്ക് ഗ്യാരന്റി തുകയായ 46.08 കോടി നഷ്ടപരിഹാരമായി ഈടാക്കുകയും ബാക്കി തുക ഡിപി വേള്‍ഡിനെക്കൊണ്ട് ഒടുക്കിക്കുകയുമായിരുന്നു.
എന്നാല്‍ വല്ലാര്‍പാടം ടെര്‍മിനല്‍ ഏറ്റെടുക്കുന്നതിനു മുന്നോടിയായി 2005-ല്‍ കൊച്ചി തുറമുഖത്തെ രാജീവ്ഗാന്ധി കണ്ടെയ്നര്‍ ടെര്‍മിനല്‍ (ആര്‍ജിസിടി) ഏറ്റെടുത്ത ഡിപി വേള്‍ഡ് കരാര്‍ പ്രകാരം ഒരുവര്‍ഷത്തിനുശേഷം ആര്‍ജിസിടിയെ ഹബ്പോര്‍ട്ട് (ട്രാന്‍ഷിപ്മെന്റ്) ആക്കണമായിരുന്നു. ഇതു പാലിച്ചില്ല. ഇതിനെതിരെ തുറമുഖട്രസ്റ്റ് നഷ്ടപരിഹാരവും ആവശ്യപ്പെട്ടില്ല. ആര്‍ജിസിടിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഡിപി വേള്‍ഡ് വല്ലാര്‍പാടം ടെര്‍മിനലിനകത്ത് അവര്‍ ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഇവിടെയും ഓരോവര്‍ഷവും ലക്ഷ്യം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 2012-13-ല്‍ കുറഞ്ഞത് ഏഴരലക്ഷം ടിഇയു കണ്ടെയ്നറുകള്‍ എത്തിക്കണമായിരുന്നു. എന്നാല്‍ എത്തിച്ചതാകട്ടെ 3,34,925 കണ്ടെയ്നര്‍ മാത്രം. കഴിഞ്ഞവര്‍ഷം ഡ്രഡ്ജിങ്ങിനായി മാത്രം 125 കോടി രൂപ മുടക്കിയ തുറമുഖ ട്രസ്റ്റിന് 2012-ല്‍ വരുമാനമായി ലഭിച്ചത് 53.39 കോടി രൂപയുടെ 75 ശതമാനവും. കൊച്ചിതുറമുഖത്തിന്റെ നഷ്ടം അനുദിനം കൂടുകയാകും ഫലം. കണ്ടെയ്നറുകള്‍ എത്തിക്കാത്തതിനാല്‍ നഷ്ടപരിഹാരത്തിന് തുറമുഖ ട്രസ്റ്റിന് അര്‍ഹതയുണ്ടെങ്കിലും ഇതിനുള്ള വ്യവസ്ഥകള്‍ ഇല്ല. ഇതാണ് വല്ലാര്‍പാടത്തെ ചരക്കുനീക്കം മെച്ചപ്പെടുത്താതെ മുംബൈയില്‍ രണ്ടാം ടെര്‍മിനലിന്റെയും കരാര്‍ തേടാന്‍ ഡിപി വേള്‍ഡിന് വഴിയൊരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിപുരുഷന്മാരായ തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍മാരിലേക്കുതന്നെയാണ് ഇതിന്റെ വിമര്‍ശം ഉയരുന്നത്.
(ഷഫീഖ് അമരാവതി)
deshabhimani 180513
No comments:
Post a Comment