Thursday, May 16, 2013

കള്ള്-നീര വികസന ബോര്‍ഡ് രൂപീകരിക്കാന്‍ ശുപാര്‍ശ


കള്ളു ചെത്തുവ്യവസായത്തിന്റെ ആധുനികവല്‍ക്കരണത്തിനും നീരയുടെയും മറ്റു മൂല്യവര്‍ധിത സാധനങ്ങളുടെയും ഉല്‍പ്പാദനത്തിനായി കള്ള്- നീര വികസന ബോര്‍ഡ് രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. നീര ഉല്‍പ്പാദനത്തിനായി ഇപ്പോഴുള്ള അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. എക്സൈസ് കമീഷണര്‍ അനില്‍ സേവ്യര്‍ അധ്യക്ഷനായ 10 അംഗ സമിതി എക്സൈസ് മന്ത്രി കെ ബാബുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വര്‍ഷത്തില്‍ ഒരിക്കലുള്ള കള്ളുഷാപ്പ് ലേലം മാറ്റണമെന്നും പകരം അത് മൂന്നു വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ റ്റോഡി പാര്‍ലറുകള്‍ തുടങ്ങണം. തെരഞ്ഞെടുക്കപ്പെട്ട കള്ളുഷാപ്പുകളെ റ്റോഡി പാര്‍ലറുകളായി ഉയര്‍ത്തണം. അടുത്ത വര്‍ഷം ഏപ്രിലോടെ ആസിയന്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ആസിയന്‍ രാജ്യങ്ങളില്‍നിന്ന് നിയന്ത്രണം ഇല്ലാതെ നീര ഇറക്കുമതിചെയ്യാന്‍ സാധ്യതയുണ്ട്്. ഇതുമൂലം സര്‍ക്കാരിന് ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുന്നതിന് സംസ്ഥാനത്ത് നീര ഉല്‍പ്പാദനം ആരംഭിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നീര ഉല്‍പ്പാദനത്തിന് ഇപ്പോഴുള്ള കള്ളുചെത്ത് തൊഴിലാളികളെ ഉപയോഗിക്കണം. മറ്റിടങ്ങളില്‍ പുതിയ തൊഴിലാളികളെ പരിശീലിപ്പിച്ച് രംഗത്തെത്തിക്കണം. നാളികേര ഉല്‍പ്പാദക സൊസൈറ്റികള്‍, ഫെഡറേഷനുകള്‍, ഉല്‍പ്പാദക കമ്പനികള്‍, കള്ളുചെത്ത് വ്യവസായത്തിലെ തൊഴിലാളി കമ്മിറ്റികള്‍ തുടങ്ങിയവരെ നീരയുടെ ഉല്‍പ്പാദനത്തിനും വിപണനത്തിനും ചുമതലപ്പെടുത്തണം. വൃത്തിയും വെടിപ്പുമുള്ള കെട്ടിടങ്ങളില്‍ കള്ളുഷാപ്പുകള്‍ നടത്തുക, ചെത്തുതൊഴിലാളികള്‍ക്ക് ആവശ്യമായ വേതനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കുക, കാര്‍ഷിക സര്‍വകലാശാലകളുടെയും നാളികേര വികസന ബോര്‍ഡിന്റെയും സഹകരണത്തോടെ തെങ്ങ് ചെത്തുന്നതിന് ശാസ്ത്രീയമായ പരിശീലനം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

കള്ളുവ്യവസായ രംഗത്തെ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കാനും നീര ഉല്‍പ്പാദനം സംബന്ധിച്ച് പ്രായോഗികനിര്‍ദേശം സമര്‍പ്പിക്കുന്നതിനുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ ചെത്തുതൊഴിലാളി സംഘടനാ പ്രതിനിധികളും കര്‍ഷകപ്രതിനിധികളും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെടുന്നു. എന്നാല്‍ സമിതിയിലെ തൊഴിലാളി സംഘടനാ പ്രതിനിധികളെല്ലാം റിപ്പോര്‍ട്ടില്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി. നീര ഉല്‍പ്പാദനത്തിന് സര്‍ക്കാര്‍ അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കും. നീര ഉല്‍ ്പാദനത്തിന് ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഗണേശിന് മന്ത്രിസ്ഥാനം: തള്ളാനും കൊള്ളാനുമില്ല - മുഖ്യമന്ത്രി

തിരു: കെ ബി ഗണേശ്കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്ന കാര്യം തള്ളാനും കൊള്ളാനുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗണേശിനെ വീണ്ടും മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് തള്ളിക്കളയുന്നുമില്ല സ്വീകരിക്കുന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. നിയമസഭാസമ്മേളനത്തിനു മുമ്പ് വനംവകുപ്പ് മറ്റൊരാളെ ഏല്‍പ്പിക്കണമെന്നാണ് ആഗ്രഹം. ഈ കാര്യത്തില്‍ യുഡിഎഫ് ഉടന്‍ തീരുമാനം എടുക്കും. എന്‍എസ്എസ് പറഞ്ഞതിനെല്ലാം പരിഹാരമുണ്ടാക്കിയിട്ടുണ്ട്. മൂന്നാംഅംഗത്തിന്റെ നിയമനം വൈകുന്നതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നത് ശരിയല്ല. ബോര്‍ഡിലെ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെയും ഇതിനോടകം നിയമിച്ചുകഴിഞ്ഞു. എംഎല്‍എമാര്‍ തെരഞ്ഞെടുക്കേണ്ട അംഗത്തിന്റെ നിയമനമാണ് അവശേഷിക്കുന്നത്. അതിനു ചില നടപടിക്രമങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 160513

No comments:

Post a Comment