Saturday, May 18, 2013

മീറ്റര്‍ കമ്പനിയുടെ സ്ഥലവും കെട്ടിടവും വിദേശകമ്പനിക്ക്


കൊല്ലത്തെ പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും വ്യവസായവകുപ്പ് കൊറിയന്‍ കമ്പനിക്ക് തീറെഴുതുന്നു. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി) കൊറിയന്‍ സൗരോര്‍ജ ഉപകരണ നിര്‍മാണ കമ്പനിയായ ജുസുങ് എന്‍ജിനിയറിങ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ അടച്ചുപൂട്ടലിന്റെ വക്കത്തെത്തിയ കമ്പനിയുടെ സ്ഥലവും സൗകര്യങ്ങളും തൊഴിലാളികളുമായി ചര്‍ച്ചപോലും നടത്താതെയാണ് കൈമാറുന്നത്. കൊറിയന്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങിയാല്‍ ലാഭവിഹിതം തൊഴിലാളികള്‍ക്ക് ശമ്പളപരിഷ്കരണത്തിനും ആനുകൂല്യങ്ങള്‍ക്കുമായി നല്‍കുമെന്നാണ് മാനേജ്മെന്റ് പ്രചാരണം.

ആറുപതിറ്റാണ്ടിലേറെ പ്രവര്‍ത്തനപാരമ്പര്യമുള്ള യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന് ആറേകാല്‍ ഏക്കര്‍ സ്ഥലമാണ് കൈവശമുള്ളത്. എമര്‍ജിങ് കേരളയില്‍ ഉയര്‍ന്നുവന്നതാണ് പദ്ധതിയെന്ന് വ്യവസായവകുപ്പ് പറയുന്നു. സംസ്ഥാനത്തെ പൊതുഖേലാസ്ഥാപനങ്ങളുടെ സ്ഥലവും സൗകര്യങ്ങളും വിറ്റുതുലച്ച്് കോടികള്‍ കമീഷന്‍ വാങ്ങുകയാണ് എമര്‍ജിങ് കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പുതിയ പദ്ധതി.

കമ്പനിയുടെ സാമ്പത്തിക സാധ്യതകള്‍പോലും പഠിക്കാതെയാണ് സൗരോര്‍ജ അവസരങ്ങള്‍ സംസ്ഥാനത്ത് പ്രയോജനപ്പെടുത്താനെന്ന പേരില്‍ സ്ഥലം കൈമാറുന്നത്. അറുപതിനായിരം വീടിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അനര്‍ട്ടുമായി ചേര്‍ന്ന് വൈദ്യുതിവകുപ്പിന് പദ്ധതിയുണ്ട്. ഈ പദ്ധതിയില്‍ സൗരോര്‍ജ ഉപകരണങ്ങള്‍ക്ക് ആവശ്യമേറുമെന്ന് മനക്കോട്ടകെട്ടിയാണ് സ്ഥലകൈമാറ്റം. എന്നാല്‍, കൊറിയന്‍ കമ്പനിയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് വൈദ്യുതിവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഉപകരണങ്ങള്‍ക്ക് എവിടെയാണ് വിപണിയെന്ന ചോദ്യവും ഉയരുന്നു. യുണൈറ്റഡ് ഇലക്ട്രിക്കല്‍സില്‍ ഇപ്പോള്‍ മീറ്റര്‍ ഉല്‍പ്പാദനം നടക്കുന്നില്ല. ട്രാന്‍സ്ഫോര്‍മറിന്റെ ഭാഗമായ എബി സ്വിച്ചുകളാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് 86,000 മീറ്റര്‍ ഉല്‍പ്പാദിപ്പിച്ച് കമ്പനി വന്‍ കുതിച്ചുചാട്ടം നടത്തിയതാണ്. യുഡിഎഫ് ഭരണത്തിലേറി മൂന്നാംമാസം ഗുണനിലവാരമില്ലെന്നു പറഞ്ഞ് വൈദ്യുതിവകുപ്പ് ഇവിടെനിന്ന് മീറ്റര്‍ വാങ്ങുന്നത് നിര്‍ത്തി. ഒരു സ്വകാര്യ കമ്പനിയില്‍നിന്നാണ് ഇപ്പോള്‍ മീറ്റര്‍ വാങ്ങുന്നത്. വന്‍ തുക കമീഷനായി ഈയിനത്തില്‍ ഉന്നതരുടെ കൈയില്‍ എത്തുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്്. വൈദ്യുതിവകുപ്പ് കൈയൊഴിഞ്ഞ കമ്പനി വിറ്റുതുലയ്ക്കാന്‍ വ്യവസായവകുപ്പ് നീക്കം നടത്തുമ്പോഴും പൊതുമേഖലാസംരക്ഷണത്തെക്കുറിച്ച് വാചകമടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
(വി ഡി ശ്യാംകുമാര്‍)

deshabhimani

No comments:

Post a Comment