Tuesday, May 14, 2013
പ്ലസ് വണ്‍ പ്രവേശന മാനദണ്ഡം അട്ടിമറിച്ചത് മന്ത്രി ഓഫീസ്
ബോര്‍ഡ് പരീക്ഷ എഴുതാത്ത സിബിഎസ്ഇ പത്താം ക്ലാസുകാര്‍ക്ക് ഏകജാലക പ്ലസ് വണ്‍ പ്രവേശനം അനുവദിക്കേണ്ടെന്ന തീരുമാനം അട്ടിമറിക്കാന്‍ ചരടുവലിച്ചത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ഓഫീസെന്ന് വ്യക്തമായി. മന്ത്രി ഓഫീസും പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും ഹയര്‍ സെക്കന്‍ഡറിയിലെ അക്കാദമിക് ചുമതലയുള്ള ജോയിന്റ് ഡയറക്ടറും ഇടപെട്ടാണ് കോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ക്ക് അനുകൂല വിധി നേടിയെടുത്തത്. പ്ലസ് വണ്‍ ഏകജാലകത്തിന്റെ ആദ്യഘട്ടങ്ങളില്‍ സിബിഎസ്ഇ പത്താംക്ലാസുകാരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 26ന് ഇറങ്ങിയതാണ്. തുടര്‍ന്ന് ലീഗ് ബന്ധമുള്ള മുസ്ലിം സര്‍വീസ് സൊസൈറ്റി ഭാരവാഹി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സര്‍ക്കാര്‍ വിശദീകരണം ഹൈക്കോടതിയില്‍ എത്താതിരിക്കാന്‍ മന്ത്രിയുടെ ഓഫീസ് പൊതുവിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിയെയും ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറെയുമാണ് ഉപയോഗപ്പെടുത്തിയത്. ഹൈക്കോടതിയില്‍ വിശദീകരണം നല്‍കാനുള്ള എല്ലാ ഒരുക്കങ്ങളും ഹയര്‍സെക്കന്‍ഡറി വകുപ്പ് തയ്യാറാക്കിയതാണ്. ഇത് മന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഡയറക്ടര്‍ അന്വേഷിച്ചപ്പോഴെല്ലാം വിശദീകരണം അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍ ധരിപ്പിച്ചു. ഇതിനിടെ പ്ലസ് വണ്‍ പ്രവേശന നടപടി വൈകിപ്പിക്കാന്‍ പ്രോസ്പെക്ടസ് അച്ചടിക്കുന്നത് വൈകിപ്പിക്കാനും മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. തുടര്‍ന്ന് അച്ചടി വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടി പ്രവേശന നടപടി നീട്ടിവച്ചു. ഹൈക്കോടതി ആവശ്യപ്പെട്ട വിശദീകരണം ആദ്യം ഫാക്സില്‍ നല്‍കിയെന്നു പറഞ്ഞ മന്ത്രിയുടെ ഓഫീസ് പിന്നീട് ഇത് തിരുത്തി ഇ-മെയിലിലാണ് വിശദീകരണമെന്നാക്കി. എന്നാല്‍, അഡ്വക്കറ്റ് ജനറലിന് ഇതൊന്നും ലഭിച്ചിട്ടില്ല. രണ്ടു തവണ ആവശ്യപ്പെട്ടിട്ടും വിശദീകരണം ലഭ്യമാകാത്തതിനെത്തുടര്‍ന്നാണ് കോടതി സ്റ്റേ അനുവദിച്ചത്. സിബിഎസ്ഇക്കാരെക്കൂടി പങ്കെടുപ്പിച്ച് പ്ലസ് വണ്‍ പ്രവശന നടപടി തകിടംമറിക്കുകയായിരുന്നു ലക്ഷ്യം.
ആയിരക്കണക്കിന് കുട്ടികള്‍ പ്രവേശനം നേടാതെ വരുമ്പോള്‍ എയ്ഡഡ്-സ്വാശ്രയ മേഖലയില്‍ കൂടുതല്‍ പ്ലസ് ടു സ്കൂള്‍ അനുവദിച്ച് വന്‍ കച്ചവടത്തിനാണ് പദ്ധതി. നിലവില്‍ സംസ്ഥാനത്ത്് 755 സര്‍ക്കാര്‍, 673 എയ്ഡഡ്, 354 അണ്‍ എയ്ഡഡ് സ്കൂളുകളും റസിഡന്‍ഷ്യല്‍, സ്പെഷ്യല്‍ ടെക്നിക്കല്‍ വിഭാഗങ്ങളിലായി 40 സ്കൂളുകളുമടക്കം 1822 ഹയര്‍സെക്കന്‍ഡറി സ്കൂളാണുള്ളത്. ഇത്രയും സ്കൂളുകളില്‍ പ്രവേശന നടപടി പൂര്‍ത്തിയായാലും ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ പുറത്തുണ്ടാകും. പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ എയ്ഡഡ്, സ്വാശ്രയ മേഖലകളില്‍ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കാന്‍ കഴിയും. ഇതിന് വീതംവയ്പിന് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. എയ്ഡഡ് മേഖലയില്‍ ഹൈസ്കൂളിനൊപ്പം പ്ലസ് ടു അനുവദിച്ചുകിട്ടാന്‍ സംഘങ്ങള്‍ തലസ്ഥാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. 70 ലക്ഷംവരെ കൊടുക്കാന്‍ തയ്യാറായാണ് ചിലര്‍ രംഗത്തുള്ളത്. ചില ലീഗ് നേതാക്കളാണ് ഇതിന് ഇടനിലക്കാര്‍.
ഒന്നേകാല്‍ലക്ഷം കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല
തിരു: സംസ്ഥാനത്ത് എസ്എസ്എല്‍സി ജയിച്ച ഒന്നേകാല്‍ലക്ഷംവിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി സംസ്ഥാനത്ത് 3,35,400 സീറ്റാണുള്ളത്. ഇത്തവണ ഉപരിപഠനയോഗ്യത നേടിയവര്‍ 4,79,085 പേരുണ്ട്. 1,43,685 പേര്‍ക്ക് പ്ലസ് വണ്‍ സീറ്റുണ്ടാകില്ല. സേ പരീക്ഷാഫലംകൂടി വരുമ്പോള്‍ ഇത് ഒന്നരലക്ഷത്തോളമാകും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിലെ 35,000 സീറ്റുകൂടി പരിഗണിച്ചാലും ഒരുലക്ഷത്തിലേറെപ്പേര്‍ക്ക് ഓപ്പണ്‍ സ്കൂള്‍ എന്ന വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തെ ആശ്രയിക്കേണ്ടിവരും.
സിബിഎസ്ഇ സ്കൂള്‍തല പരീക്ഷ എഴുതിയവര്‍ക്കുകൂടി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഹൈക്കോടതി അനുമതി നല്‍കിയതോടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സംസ്ഥാന സിലബസിലേക്ക് വരും. ഇവര്‍ വരുന്നതോടെ എ ഗ്രേഡ് നേടിയവര്‍വര്‍ക്കുപോലും ഇഷ്ടപ്പെട്ട സ്കൂളുകളില്‍ അവസരം ലഭിക്കില്ല. സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് സംസ്ഥാന സിലബസിലേക്ക് മാറുന്നവര്‍ എസ്എസ്എല്‍സിക്കാരെ പിന്നിലാക്കുന്നത് മുന്‍കാല അനുഭവമാണ്. 2010ല്‍ സംസ്ഥാന സിലബസിലേക്ക് മാറാന്‍ അപേക്ഷിച്ച 5462 പേരില്‍ 2466 പേര്‍ക്ക് പ്രവേശനം ലഭിച്ചിരുന്നു. തൊട്ടടുത്തവര്‍ഷം 20,106 പേരാണ് അപേക്ഷിച്ചത്. 14,289 പേര്‍ പ്രവേശനം നേടി.
2012ല്‍ 30,490 പേര്‍ അപേക്ഷിക്കുകയും പകുതിയോളംപേര്‍ പ്രവേശനം നേടിയെടുക്കുകയും ചെയ്തു. സ്കൂളുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് പഠനം തുടരാന്‍ സര്‍ക്കാര്‍ ഒരുക്കിയ ഓപ്പണ്‍സ്കൂള്‍ സംവിധാനം രണ്ടുവര്‍ഷമായി തകര്‍ച്ചയിലാണ്. ഇത്തവണ ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ സ്കൂള്‍ ഫലം വന്നപ്പോള്‍ 35.13 ശതമാനമായിരുന്നു വിജയം. മുന്‍വര്‍ഷം ഇത് 53.10 ശതമാനമായിരുന്നു. അടിക്കടി തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ഓപ്പണ്‍സ്കൂള്‍ സംവിധാനത്തില്‍ പഠിച്ചവരില്‍ ഇക്കുറി ആരും എ പ്ലസ് നേടിയിട്ടില്ല.
deshabhimani 140513
Subscribe to:
Post Comments (Atom)
No comments:
Post a Comment