Sunday, May 19, 2013
പരിസ്ഥിതി സംരക്ഷണത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയണം: എസ് ആര്‍ പി
തൃശൂര്‍: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. പരിസ്ഥിതി വാദികളില്‍ സുഗതകുമാരി ടീച്ചറെപ്പോലെ ആത്മാര്‍ഥതയുള്ള പലരുമുണ്ട്. എന്നാല്‍ ഒട്ടേറെ കള്ളനാണയങ്ങളുമുണ്ട്. ഇത്തരക്കാരുടെ കേവലപരിസ്ഥിതിവാദം, പരിസ്ഥിതി സംരക്ഷണത്തില്‍നിന്നും ജനങ്ങളെ അകറ്റുന്നു. മുതലാളിത്തത്തിന്റെ പ്രകോപനം സൃഷ്ടിക്കുന്ന ദല്ലാളന്മാരാണിവരെന്നും കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് എസ് ആര്‍ പി പറഞ്ഞു.
പരിസ്ഥിതിയില്‍ ഒരു മാറ്റവും വരുത്തരുത് എന്ന് ഒരു കൂട്ടര്‍, എന്തു മാറ്റവും വരുത്താമെന്ന് മറ്റൊരു കൂട്ടര്‍. രണ്ടിനോടും യോജിക്കാനാവില്ല. ഇന്നിന്റെയും ഭാവിയുടേയും ആവശ്യങ്ങള്‍ കണക്കിലെടുത്തുവേണം ഏത് കാര്യവും തീരുമാനിക്കാന്‍. പരിസ്ഥിതിയില്‍ എന്തുമാകാം എന്ന വാദം മുതലാളിത്തത്തിന്റേതാണ്. ആഗോളതാപന വിഷയത്തില്‍ മുതലാളിത്ത രാജ്യങ്ങള്‍ മനുഷ്യത്വരഹിതമായ സമീപനമാണ് തുടരുന്നത്. എന്നാല്‍ പരിസ്ഥിതിയെ തൊടാനേ പാടില്ല എന്ന വാദവും സദുദ്ദേശ്യപരമല്ല. ആറു സംസ്ഥാനങ്ങളെ ബാധിക്കുന്ന പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ പല ശുപാര്‍ശകളും അശാസ്ത്രീയവും അപ്രായോഗികവുമാണ്. ശാസ്ത്ര, സാമൂഹ്യ, സാമ്പത്തിക മേഖലയിലെ ശാസ്ത്രജ്ഞരും വിദഗ്ധരും ജനങ്ങളും എല്ലാം ചേര്‍ന്നാണ് പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള സമീപനം സൃഷ്ടിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും ശാസ്ത്രജ്ഞന്റെ ഏകപക്ഷീയ റിപ്പോര്‍ട്ട് പരിസ്ഥിതി സംരക്ഷണത്തില്‍നിന്ന് ജനങ്ങളെ അകറ്റാനേ ഉപകരിക്കൂ. ഇത്തരം റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ച് പ്രചാരണം നടത്തുന്ന കപട പരിസ്ഥിതിവാദികള്‍, പരിസ്ഥിതി നശീകരണത്തില്‍ നവ ഉദാര നയങ്ങള്‍ക്കുമുള്ള പങ്ക് മറയ്ക്കുകയാണെന്നും എസ് ആര്‍ പി പറഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment