അമൃത്‌സര്‍: സി പി ഐയുടെ തലമുതിര്‍ന്ന നേതാവ് സത്പാല്‍ഡാംഗ് അന്തരിച്ചു. 86 വയസായിരുന്നു. സംസ്‌കാരം ഇന്ന് അമൃത്‌സറില്‍ നടക്കും. പഞ്ചാബിലെ സി പി ഐ ആസ്ഥാനമായ ഏക്താഭവനില്‍ താമസിച്ചിരുന്ന ഡാംഗ് കുറച്ചുനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്‌നിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വിമലഡാംഗ് അഞ്ച് വര്‍ഷം മുമ്പ് അന്തരിച്ചു. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ദമ്പതികള്‍ മക്കള്‍ വേണ്ടെന്നുവച്ചു.
ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ഡാംഗ് 1945 ല്‍ എ ഐ എസ് എഫ് ജനറല്‍ സെക്രട്ടറിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഡാംഗും വിമലയും ഒളിവില്‍ കഴിഞ്ഞുകൊണ്ടായിരുന്നു പ്രവര്‍ത്തിച്ചത്.
തൊഴിലാളികളുടെയും കര്‍ഷകരുടെയും സമൂഹത്തിലെ അധഃസ്ഥിതരായ ജനവിഭാഗങ്ങളുടെയും അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡാംഗ് നാല് തവണ അമൃത്‌സറില്‍ നിന്നും പഞ്ചാബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967 ല്‍ സംസ്ഥാനത്ത് ഭക്ഷ്യമന്ത്രിയായിരുന്നു.
1980 കളില്‍ പഞ്ചാബില്‍ തലപൊക്കിയ ഖലിസ്ഥാന്‍ വിഘടനവാദത്തിനെതിരെ ഉറച്ചനിലപാടെടുത്ത് ജനങ്ങളെ അണിനിരത്തി പോരാടിയ നേതാവായിരുന്നു ഡാംഗ്. 'ഹിന്ദുരാഷ്ട്രവും വേണ്ട, പ്രത്യേക ഖലിസ്ഥാനും വേണ്ട, ഇന്ത്യ നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യമാണ് അദ്ദേഹം ഉയര്‍ത്തിയത്.
1946 ലെ നാവിക കലാപത്തില്‍ പങ്കെടുത്തതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമെന്ന് ഡാംഗ് അനുസ്മരിച്ചിട്ടുണ്ട്.
സമൂഹത്തിലെ അധഃസ്ഥിതരായ ജനങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു സത്പാല്‍ ഡാംഗ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വിനയവും ബുദ്ധിശക്തിയും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള അര്‍പ്പണ ബോധവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ഡാംഗിന്റേത്. ദേശീയോദ്ഗ്രഥനത്തിനും സാഹോദര്യത്തിനും സാമുദായിക മൈത്രിക്കും സംസ്ഥാനത്തിന്റെ സമാധാനത്തിനുവേണ്ടി മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച നേതാവായിരുന്നു ഡാംഗ് എന്നും മുഖ്യമന്ത്രി ബാദല്‍ അനുസ്മരിച്ചു. പഞ്ചാബ് ഉപമുഖ്യമന്ത്രി സുക്ബിര്‍സിംഗ് ബാദല്‍, മന്ത്രി ബിക്രംസിംഗ് മജിതിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡാംഗിന്റെ വേര്‍പാടില്‍ അനുശോചിച്ചു.
സി പി ഐക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും അപരിഹാര്യമായ നഷ്ടമാണ് ഡാംഗിന്റെ നിര്യാണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കാനം രാജേന്ദ്രന്‍, സി ദിവാകരന്‍, കെ ഇ ഇസ്മായില്‍ എന്നിവര്‍ അനുശോചിച്ചു.
janayugom
No comments:
Post a Comment