Sunday, June 16, 2013

പോംവഴി രാജിമാത്രം

മുഖ്യപ്രതി

സൗരോര്‍ജപ്ലാന്റ് തട്ടിപ്പടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും സരിതാ എസ് നായരുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറച്ചുവച്ചത് ദുരൂഹബന്ധത്തിന്റെ തെളിവായി. എറണാകുളം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ഇക്കാര്യം സ്ഥിരീകരിച്ച എം ഐ ഷാനവാസ് എംപി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് താനാണെന്ന് സമ്മതിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചാണ് ഇരകളെ വീഴ്ത്തിയതെന്ന് സരിത മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നടക്കം ബിജു ഇടപാടുകാരുമായി ബന്ധപ്പെട്ടത് പുറത്തുവന്നതോടെ കോടികളുടെ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടി മുഖ്യപ്രതിസ്ഥാനത്തെത്തി. പി സി ജോര്‍ജ് ജൂണ്‍ നാലിന് പറയുമ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്ന ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ വിശദീകരണം പച്ചക്കള്ളമെന്ന് ഇതോടെ വ്യക്തം. കെ ബി ഗണേശ്കുമാറും സരിതയുമായുള്ള ബന്ധം തങ്ങളുടെ കുടുംബജീവിതം തകര്‍ക്കുന്നുവെന്നറിയിക്കാന്‍ മുഖ്യമന്ത്രിയെ കണ്ടെന്നാണ് ഒളിവിലാണെന്ന് പൊലീസ് പറയുന്ന ബിജു സ്വകാര്യചാനലിന്റെ സുദീര്‍ഘമായ ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്. കൊച്ചി മാതൃഭൂമിയിലെ ജീവനക്കാരനുമൊത്താണ് ഷാനവാസിനെ കാണാന്‍ പോയത്. ചങ്ങമ്പുഴ പാര്‍ക്കിലെ പരിപാടിയില്‍വച്ച് മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഗസ്റ്റ്ഹൗസിലെത്താന്‍ നിര്‍ദേശിച്ചു. അവിടെ മണിക്കൂറിലേറെ സംസാരിച്ചു. ടീം സോളാര്‍ കമ്പനി തകരാതിരിക്കാന്‍ വേണ്ടതൊക്കെ ചെയ്യുമെന്ന് മുഖ്യമന്ത്രി വാക്കുതന്നു. സരിതയുമായി മുഖ്യമന്ത്രി സംസാരിച്ചെന്ന് പിന്നീട് ഷാനവാസ് അറിയിച്ചതായും ബിജു വെളിപ്പെടുത്തി.

തനിക്ക് വധഭീഷണിയുണ്ടെന്നും ബിജു പറഞ്ഞു. കോയമ്പത്തൂരില്‍ സരിതയുമായി ഹോട്ടലില്‍ കഴിഞ്ഞെന്ന ബിജുവിന്റെ ആരോപണം ആര്‍ ബാലകൃഷ്ണപിള്ളയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗണേശ്കുമാര്‍ നിഷേധിച്ചു. ഈ ആരോപണം പുറത്തുവിട്ട ഏഷ്യാനെറ്റ് ചാനലിലെ റിപ്പോര്‍ട്ടര്‍മാരായ കമലേഷും ഭാര്യ പ്രജുലയും നിര്‍ബന്ധിച്ച പരിപാടിക്കാണ് കോയമ്പത്തൂരില്‍ പോയതെന്നും അവരാണ് റൂം ഏര്‍പ്പാടാക്കിയതെന്നും ഗണേശ് അവകാശപ്പെട്ടു. എന്നാല്‍,ഗണേശിനൊപ്പം അപരിചിതയെ കണ്ടെന്നും ബന്ധുവായ ലക്ഷ്മിനായരാണെന്നുപരിചയപ്പെടുത്തിയെന്നും കമലേഷ് ഏഷ്യാനെറ്റില്‍ വിശദീകരിച്ചു. കുടുംബപ്രശ്നങ്ങളിലടക്കം ഇടപെടാന്‍ തക്കവണ്ണം ഗാഢബന്ധം സരിതയും ബിജുവുമായി ഉമ്മന്‍ചാണ്ടിക്കുണ്ടെന്ന് ബിജുവിന്റെ വെളിപ്പെടുത്തലോടെ വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയുമായി സരിതയ്ക്കുള്ള വഴിവിട്ട ബന്ധം ഒച്ചപ്പാടുയര്‍ത്തിയതിനെത്തുടര്‍ന്ന് ആറുതവണ നിയമസഭയില്‍ ഉമ്മന്‍ചാണ്ടി വിശദീകരണം നടത്തി. അപ്പോഴെല്ലാം ബിജുവുമായുള്ള ചര്‍ച്ചയുടെ കാര്യം അദ്ദേഹം ഒളിച്ചുവച്ചു. അതീവസുരക്ഷാ മേഖലയായ ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ സരിതയും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തിയത് പുറത്തുവന്നതിനു പിന്നാലെയാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍.

ഒട്ടേറെ കേസില്‍ പ്രതികളായ സരിതയ്ക്കും ബിജുവിനും സംസ്ഥാനത്ത് നിര്‍ബാധം വിലസാനും തട്ടിപ്പ് തുടരാനും അവസരം കിട്ടിയത് യുഡിഎഫ് അധികാരമേറ്റതോടെയാണ്. ഇവരുടെ തട്ടിപ്പിനിരയായവര്‍ 2005ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു. ഒരു നടപടിയുമുണ്ടായില്ല. കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായശേഷം സരിതയും ബിജുവും തലസ്ഥാനത്ത് നിത്യസന്ദര്‍ശകരായിരുന്നു. തിരുവനന്തപുരത്ത് തട്ടിപ്പു കേസില്‍ പ്രതികളായവര്‍ അടുത്തിടെ വീണ്ടും സ്ഥാപനം തുടങ്ങുകയും ചെയ്തു. നിരവധി സാമ്പത്തികതട്ടിപ്പുകേസുകളില്‍ പ്രതിയായ ബിജുവിനെയും സരിതയെയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതാണ്. ആദ്യ ഭാര്യയെ വിഷംകൊടുത്ത് കൊന്നതിന് ഇയാളെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇത്തരത്തിലൊരു ക്രിമിനലുമായാണ് മുഖ്യമന്ത്രി ഗസ്റ്റ്ഹൗസില്‍ ദീര്‍ഘനേരം കൂടിയാലോചന നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത പൊലീസുദ്യോഗസ്ഥരുമായി സരിതയ്ക്കുള്ള സുദൃഢബന്ധം കാരണം ഇന്റലിജന്‍സ് വിഭാഗം ഇവരുടെ സൈ്വരവിഹാരം കണ്ടില്ലെന്നു നടിച്ചു. അതേ ഇന്റലിജന്‍സിനെയാണ് ഇപ്പോള്‍ അന്വേഷണപ്രഹസനത്തിന് നിയോഗിച്ചത്.
(കെ എം മോഹന്‍ദാസ്)

പോംവഴി രാജിമാത്രം

സൗരോര്‍ജപാനല്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ പൊലീസിന് നല്‍കിയ മൊഴിയും ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി അനിവാര്യമാക്കി. രാഷ്ട്രീയമായും ധാര്‍മികമായും മാത്രമല്ല, നിയമപരമായും അധികാരത്തില്‍ തുടരാനുള്ള അവകാശം മുഖ്യമന്ത്രിക്കില്ലാതായി.

എമര്‍ജിങ് കേരളയില്‍ പദ്ധതിയുണ്ടെന്നും പദ്ധതി അംഗീകാരത്തിനായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്ത് നല്‍കിയെന്നാണ് സരിത പെരുമ്പാവൂര്‍ പൊലീസിനു നല്‍കിയ മൊഴി. ഈ കത്ത് ഉപയോഗിച്ചാണ് തന്റെ പണം തട്ടിയതെന്ന് പരാതിക്കാരനായ സജ്ജാദ് വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സഹചാരികളായ നാലുപേര്‍ സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതും മുഖ്യമന്ത്രിക്കുവേണ്ടിയാണെന്ന് ഇതോടെ തെളിഞ്ഞു. രണ്ടു സ്റ്റാഫിനെമാത്രം പുറത്താക്കി മുഖ്യമന്ത്രിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നും വ്യക്തം. സരിതയുമായി ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെയും തെറ്റിദ്ധരിപ്പിച്ചു. അതേസമയം, മുഖ്യമന്ത്രി ഡല്‍ഹിയിലും എമര്‍ജിങ് കേരള പരിപാടിയിലും സരിതയുമായി പലവട്ടം കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ എമര്‍ജിങ് കേരളയ്ക്കിടെ ഒരു മണിക്കൂറോളം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നാണ് ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത്. പ്രതിസന്ധിയിലായ ടീം സോളാറിനെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി സരിതയും ബിജുവും തമ്മിലുള്ള കുടുംബവഴക്ക് പരിഹരിക്കാനും ഇടപെട്ടു. കെ ബി ഗണേശ്കുമാറും സരിതയുമായുള്ള ബന്ധത്തെച്ചൊല്ലിയായിരുന്നു വഴക്ക്. ഇതോടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശചെയ്യുന്നയാളായും മുഖ്യമന്ത്രി അധഃപതിച്ചു.

ഗണേശ്-യാമിനി തര്‍ക്കത്തിലും മുഖ്യമന്ത്രി ഇടനിലക്കാരനായിരുന്നു. ബിജുവും സരിതയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ക്രിമിനലുകളാണ്. ഇവര്‍ക്ക് ഒരു സങ്കോചവുമില്ലാതെ മുഖ്യമന്ത്രി ഒത്താശചെയ്തു. ആദ്യഭാര്യയെ മദ്യത്തില്‍ വിഷംകൊടുത്ത് കൊന്നയാളാണ് ബിജുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ അറസ്റ്റ് ചെയ്യുന്നതിനും ഉന്നതങ്ങളില്‍നിന്ന് വിലക്കുണ്ടായിട്ടുണ്ട്. കൊലക്കേസ് പ്രതിയെപ്പോലും ചിറകിലൊളിപ്പിക്കാന്‍ മുഖ്യമന്ത്രിക്കും ഓഫീസിനും ധൈര്യം വന്നുവെന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഉമ്മന്‍ചാണ്ടി അധികാരത്തില്‍നിന്ന് ഒഴിഞ്ഞാല്‍മാത്രം പ്രശ്നം തീരില്ല. തട്ടിപ്പുകേസുകളിലെല്ലാം പ്രതിയാകേണ്ടിയും വരും. ഉമ്മന്‍ചാണ്ടിയുടെ കത്ത് ഉപയോഗിച്ചാണ് ഇവര്‍ കോടികള്‍ കൊള്ളയടിച്ചത്. ഉമ്മന്‍ചാണ്ടിയും കൂട്ടുപ്രതിയാവുകയാണ്. ബിജുവും സരിതയും തെറ്റിപ്പിരിഞ്ഞപോലെ അഭിനയിക്കുന്നതാണെന്നും സംശയമുണ്ട്. സരിതയെമാത്രം കേസില്‍ പെടുത്തി പുറമെനിന്ന് ഉന്നത ബന്ധം ഉപയോഗിച്ച് കേസ് ഒതുക്കാനും നീക്കമുണ്ട്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാള്‍ മുഖ്യമന്ത്രിപദവിയില്‍ തുടരുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാകും. ധാര്‍മികതയും രാഷ്ട്രീയമര്യാദയും അനുസരിച്ചാണെങ്കില്‍ സ്ഥാനം വിട്ടൊഴിയേണ്ട സമയം അതിക്രമിച്ചു.
(എം രഘുനാഥ്)

deshabhimani

No comments:

Post a Comment