Monday, June 17, 2013

ദുരിതാശ്വാസത്തിനും സര്‍ക്കാരിനും സോളാര്‍ മാഫിയയുടെ വണ്ടിച്ചെക്ക്

സോളാര്‍ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് വ്യാപക പ്രചരണം നടത്തിയശേഷമാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.

ടീം സോളാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ 2011 ആഗസ്റ്റ് എട്ടിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചെക്ക് കൈമാറിയത്. മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്ന ചിത്രം ഉപയോഗിച്ചാണ് ടീം സോളാര്‍ ധനശേഖരണത്തിനുള്ള പ്രചരണം നടത്തിയത്. ഇതേ ചിത്രം കാട്ടി സര്‍ക്കാരും കമ്പനിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയും വിശ്വാസം നേടിയെടുത്തതായി തട്ടിപ്പിന് ഇരയായവര്‍ പൊലീസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന ചെക്കുകള്‍ ധനവകുപ്പിന് കീഴിലെ മോണിറ്ററിങ് സെല്ലിനാണ് കൈമാറുക. ചെക്ക് കളക്ഷനയക്കാനായി കവര്‍ പൊട്ടിച്ചപ്പോഴാണ് കമ്പനി വാഗ്ദാനം ചെയ്ത തുക ചെക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. ഈ വിവരം ധനവകുപ്പ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ചെക്ക് അതേമാസംതന്നെ കളക്ഷനയച്ചു. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് ബൗണ്‍സാവുകയും ചെയ്തു. സാധാരണ നിലയില്‍ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന പല ചെക്കുകളും ഇതുപോലെ പണമില്ലാതെ തിരിച്ചുവരുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ചെക്ക് മടങ്ങുന്നവരുടെ വിവരം അതത് അക്കൗണ്ട് ഉടമയെ അറിയിച്ചാല്‍ ഉടന്‍ തന്നെ അക്കൗണ്ടില്‍ പണം എത്താറുമുണ്ട്. ചെക്കുമടങ്ങിയ വിവരം ടീം സോളാര്‍ കമ്പനിയെ പലതവണ അറിയിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതോടെ ധനവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ കമ്പനിയുടെ ഓഫീസിലെത്തി. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഞങ്ങള്‍ നേരിട്ട് അറിയിച്ചുകൊള്ളാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

എന്നാല്‍ വാഗ്ദാനം ചെയ്ത 25 ലക്ഷത്തിനു പകരം രണ്ടു ലക്ഷം മാത്രമെ ചെക്കില്‍ എഴുതിയിട്ടുള്ളൂവെന്നും കമ്പനി അധികൃതര്‍ അനുകൂല നിലപാടെടുത്തില്ലെന്നും അത് കറക്കു കമ്പനിയാണെന്നും ദുരിതാശ്വാസനിധി മോണിറ്ററിങ് രേഖാമൂലം ഉന്നതഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന വണ്ടിച്ചെക്കുകളില്‍ തുടര്‍ നടപടി സ്വീകരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കിയെന്ന ധന വകുപ്പിന്റെ കുറ്റാരോപണവും ഗുരുതരമായ ഒരു സ്ഥിതി വിശേഷം ഉളവാക്കിയിട്ടുണ്ട്.

ജനയുഗം

No comments:

Post a Comment