മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ആസ്ഥാനമായി മാറി. മന്ത്രിസഭ തട്ടിപ്പു സംഘവും. ഉമ്മന്‍ചാണ്ടി നിരവധി തട്ടിപ്പ് സംരംഭകരുടെ സംരക്ഷകനായിട്ടുണ്ട്. വിദ്യാഭ്യാസ വായ്പാ തട്ടിപ്പ് നടത്തിയ സ്കൈബ്ലൂ മേധാവിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചശേഷവും അവരുടെ സ്ഥാപനങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ ഉമ്മന്‍ചാണ്ടി പോയി. അധികാരം ഇല്ലാതിരുന്ന സമയത്തും വിവിധ തട്ടിപ്പ് ഏജന്‍സികളുമായി ഉമ്മന്‍ചാണ്ടി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന നിരവധി ട്രസ്റ്റുകളെക്കുറിച്ചും അവയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അന്വേഷണംവേണം. സര്‍ക്കാര്‍ചെലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമായിരുന്നിട്ടും മുഖ്യമന്ത്രി അത് ഉപയോഗിക്കാത്തത് തട്ടിപ്പ് വെളിപ്പെടാതിരിക്കാനുള്ള കരുതലിന്റെ ഭാഗമാണ്. മുമ്പ് ജയില്‍പുള്ളികളുമായി സംസാരിച്ചത് വിവാദമായപ്പോള്‍ സഹായികളുടെ പേരില്‍ ചാര്‍ത്തുകയായിരുന്നു. സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ എഡിജിപിയെയാണ് ചുമതലപ്പെടുത്തിയത്. എസ്പിയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസുകാരനെ ചുമതലപ്പെടുത്തുന്നതുപോലെയാണിത്. സംസ്ഥാനമാകെ പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധവുമായി യുവാക്കള്‍ രംഗത്തെത്തുന്നത് തട്ടിപ്പ് നടത്തിയ സംഘത്തിന്റ വക്താവായി മുഖ്യമന്ത്രി മാറിയതിലുള്ള സ്വാഭാവിക പ്രതികരണമാണ്. കോട്ടയത്ത് പ്രതിഷേധിച്ച യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചു. ദൈവത്തിന്റെ സ്വന്തം നാട് തട്ടിപ്പുകാരുടെ നാടാക്കി മാറ്റി അവരുടെ രക്ഷിതാവായി മാറിയ മുഖ്യമന്ത്രി സംസ്ഥാനത്തിന് അപമാനമായെന്ന കാര്യം സ്വയം മനസിലാക്കി രാജിവയ്ക്കണം. ഉമ്മന്‍ചാണ്ടി രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് വെല്ലുവിളിയായി ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നും സ്വരാജ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഐ പി ബിനുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം; മഹിളകളുടെ നിയമസഭാമാര്‍ച്ച് ഇന്ന്
തിരു: സൗരോര്‍ജപ്ലാന്റ് തട്ടിപ്പുകേസില്‍ മുഖ്യപ്രതിയായി മാറിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിങ്കളാഴ്ച നിയമസഭയിലേക്കും ചൊവ്വാഴ്ച ജില്ലാകേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തും. തട്ടിപ്പുസംഘവുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ രാജിവച്ചേ മതിയാകൂ. അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശചെയ്യുന്നയാളായും മുഖ്യമന്ത്രി അധഃപതിച്ചു. കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്ന മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. മാര്‍ച്ച് വിജയിപ്പിക്കണമെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രാജിവച്ചില്ലെങ്കില്‍ പ്രക്ഷോഭം: സിപിഐ
തിരു: സൗരോര്‍ജ പ്ലാന്റ് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതായി വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും. കോടികളുടെ വെട്ടിപ്പ് നടത്തിയ സരിത എസ് നായരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് നിരന്തര ബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുകയാണ്. വെട്ടിപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചതായി ചീഫ്വിപ്പ് പി സി ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സ്റ്റാഫ് അംഗങ്ങളെ ബലിയാടാക്കി രക്ഷപ്പെടാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട. സരിതക്കെതിരെ പരാതി നല്‍കിയ ആളെ കണ്ട് പരാതി പിന്‍വലിക്കണമെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടാണെന്ന് സംശയിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രശ്നത്തില്‍ ഇടപെടണമെന്നും കെപിസിസി പ്രസിഡന്റ് മൗനം വെടിയണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment