ഒന്നാം ഭാഗം : സരിതയും ബിജുവും കണ്ണികള്‍ മാത്രം
രണ്ടാം ഭാഗം : സരിത ഇറങ്ങി; ഐ രഹസ്യം ഒഴുകി
കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കും ഒരു വഴിയല്ല. പാര്‍ട്ടി അതിന്റെ വഴിക്കുപോകുമ്പോള്‍ ഉമന്‍ചാണ്ടിയുടെ സ്വകാര്യ സേന കാര്യങ്ങള്‍ നിര്‍വഹിക്കും. ജോപ്പനും കുരുവിളയും നാടുവാഴും; ചെന്നിത്തലയ്ക്ക് കാര്യം പറയാനും അവരിലൂടെ ഉമ്മന്ചാണ്ടിയിലെത്തണം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാര്‍ ജോപ്പന്റെ ഫോണിലേക്ക് ഭവ്യതയോടെ വിളിക്കും- കേള്‍ക്കുന്നതനുസരിച്ച് തലയാട്ടും. ജോപ്പന് കനിഞ്ഞാലേ മുഖ്യമന്ത്രിയുമായി ആര്‍ക്കും ബന്ധമുള്ളൂ. ഡല്‍ഹിയിലെത്തിയാല്‍ ജോപ്പനുപകരം കുരുവിള. ഓരോ പ്രദേശത്തും ഉമ്മന്‍ചാണ്ടിയുടെ പ്രതിപുരുഷന്മാരാണ് അരങ്ങുവാഴുക-അവര്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നേതാക്കളെ നയിക്കും; ഞെട്ടിക്കും; ഭരിക്കും. കമ്മിറ്റികള്‍, സംഘടന, അഭിപ്രായ ഐക്യം, ചര്‍ച്ചയിലൂടെ തീരുമാനും തുടങ്ങിയതൊന്നും ഉമ്മന്‍ചാണ്ടിയെ ബാധിക്കുന്ന വിഷയങ്ങളല്ല.
പാര്‍ടി ബാഹ്യബന്ധങ്ങളിലൂടെ സമാന്തരമായ നീക്കങ്ങളുടെ സൂത്രധാരന്‍ എന്നും ഉമ്മന്ചാണ്ടിയയെ വിളിക്കാം. പ്രസ് സെക്രട്ടറി പി ടി ചാക്കോ എഴുതിയ "കുഞ്ഞൂഞ്ഞ് കഥക"ളില്‍ "ഇടയ്ക്ക് ട്രാന്‍സ്ഫോമറോ പോസ്റ്റോ ഒന്നുമില്ലാതെ" ലൈന്‍ നേരിട്ട് വലിക്കുന്നയാളാണ് ഉമ്മന്‍ചാണ്ടി എന്നുണ്ട്. തനിക്ക് താല്‍പ്പര്യമുള്ളതെന്തും ആരോടും ആലോചിക്കാതെ സ്വന്തം നിലയില്‍ ചെയ്യും.വരുംവരായ്കള്‍ ഒന്നും പ്രശ്നമല്ല. സഹായികള്‍ ഒരിക്കലും യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ അനുഭാവികള്പോലുമോ ആയിരുന്നില്ല. എന്തും ചെയ്യുന്നവര്‍; മനഃസാക്ഷി സൂക്ഷിപ്പുകാര്‍. പാര്‍ടി ബാഹ്യബന്ധത്തില്പെട്ട ഈ സഹായികളുടെ ചരിത്രവും വര്‍ത്തമാനവും ഉമ്മന്‍ചാണ്ടിയുടെ ഇടപാടുകള്‍പോലെ ദുരൂഹം.
വിവാദങ്ങളെത്തുടര്‍ന്ന് മാറ്റിനിര്‍ത്തിയെന്നു പറയുന്ന ഗണ്മാന് സലിംരാജ് ഇപ്പോഴും ക്ലിഫ് ഹൗസില്‍ തന്നെ. ഇടുക്കി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശീലനത്തിന് ശേഷം 1995ല്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു സലിംരാജ്. അന്നവിടെ എസ്ഐയെ തല്ലി. കാര്‍ തകര്‍ത്തു. ഇത് സംബന്ധിച്ച പരാതികള്‍ നിലനില്‍ക്കെയാണ് 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. ഇടുക്കിയിലെ ഒരു ദൂതന് മുഖേന സലിംരാജ ഉമ്മന്ചാണ്ടിയിലേക്കെത്തി. സൗഹൃദം; വിശ്വസ്തത-പതിയെ ഒരു കുടുംബാംഗം പോലെ. ഇയാള്‍ക്കെതിരെ മൂന്നു തവണ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്കി. ഒരു കാരണവശാലും പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന്. ഈ റിപ്പോര്‍ട്ട് ആദ്യ രണ്ടു തവണ അവഗണിച്ചു.
2011ല്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് കത്ത് നല്കി. അതിന്മേല് ഒരാഴ്ച മാറ്റി നിര്‍ത്തിയെങ്കിലും അടുത്ത ദിവസം തിരിച്ച് നിയമിച്ചു. സലിംരാജിനെതിരെ ഉയരുന്ന ഓരോ പരാതിയും ഉമ്മന്‍ചാണ്ടി അവഗണിച്ചു. അന്വേഷണംപോലും ഇല്ല. ജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്രസഭയുടെ ഉള്‍പ്പെടെ അവാര്‍ഡ് കിട്ടിയത് ഫ്ളക്സുയര്‍ത്തി കൊട്ടിഘോഷിക്കുന്നു. എന്നാല്‍, ഭരണകേന്ദ്രത്തിന് തൊട്ടടുത്ത് കടകംപള്ളി വില്ലേജില്‍നിന്നുള്ള ഇരുനൂറോളം കുടുംബങ്ങള്‍ ജനസമ്പര്‍ക്ക പരിപാടിയിലും സുതാര്യ കേരളം പരിപാടിയിലും നല്കിയ ഒരു പരാതി ചവറ്റുകൊട്ടയില്‍ പോലും കാണാനില്ല. 18 സര്‍വേ നമ്പരുകളിലായി ഉള്‍പ്പെട്ട ഇവരുടെ 44.5 ഏക്കര്‍ സ്ഥലം സലിംരാജും ഭൂമാഫിയയയും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് ആ പരാതി. ഈ ഭൂമിയുടെ മാര്‍ക്കറ്റ് വില 200 കോടി കവിയും. വര്‍ക്കല ഇടവ സ്വദേശിയായ ഒരാളുടെ പേരില്‍ വ്യാജഭാഗപത്രം രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പുകളുടെ തുടക്കം. വ്യാജഭാഗപത്രം മുന്നാധാരമാണെന്ന് കാണിച്ച് ബാധ്യതാ സര്‍ട്ടിഫിക്കറ്റില്‍ അറ്റാച്ച്മെന്റ് കൊണ്ടുവന്നു. ഭൂമി ക്രയവിക്രയം നടത്താനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ വായ്പ എടുക്കാനോ യഥാര്‍ഥ ഉടമകള്‍ക്ക് കഴിയുന്നില്ല. കരമടയ്ക്കാന്പോലും പറ്റുന്നില്ല. തുച്ഛമായ വിലയ്ക്ക് വിലയാധാരം ചെയ്തുനല്‍കാനുള്ള ഭീഷണിയാണ് സലിംരാജും സംഘവും ഉയര്‍ത്തുന്നത്. ഭൂമി വിപണിവിലയ്ക്ക് വില്ക്കുകയാണെങ്കില് നിശ്ചിത തുക വിഹിതമായി നല്‍കണമെന്നും ആവശ്യപ്പെടുന്നു. പൊലീസിന് അനക്കമില്ല. സുതാര്യ മുഖ്യമന്ത്രി പരാതി എവിടെ വെച്ചു എന്ന് ആര്‍ക്കുമറിയില്ല. എറണാകുളം ഇടപ്പള്ളി പത്തടിപ്പാലം ചങ്ങമ്പുഴ നഗറില്‍ എഴുപത്താറുകാരിയായ ഷെരീഫയ്ക്കും കുടുംബത്തിനും പറയാനുള്ളതും സലിംരാജിന്റെ ഭൂമിതട്ടിപ്പിനെക്കുറിച്ച്. 25 കോടി മതിക്കുന്ന ഇവരുടെ കുടുംബസ്ഥലം തട്ടിയെടുക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ തൊട്ട് വില്ലേജ് ഓഫീസറെ വരെ ഉപയോഗിച്ചു. പരാതികള്‍ അവിടെ കിടക്കും- സലിംരാജും കോടികളുടെ സമ്പാദ്യവും സെഡ് കാറ്റഗറി സുരക്ഷയ്ക്കുകീഴിലാണ്. മാസവരുമാനക്കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ കോടീശ്വരനായത് ഉമ്മന്‍ചാണ്ടിയുടെ ചിറകിന്കീഴിലായതുകൊണ്ടുമാത്രം. കൊട്ടാരക്കരയിലെ ഒരു കടയിലെ സെയില്സ്മാനായിരുന്നു ടെന്നി ജോപ്പന്. മാനം മുട്ടുന്ന ഉയര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലായിരുന്നു. പ്രീഡിഗ്രി പഠിക്കാന്‍ മാര്‍ ഇവാനിയോസ് കോളേജിലെത്തിയപോള് എംഎല്‍എ ഹോസ്റ്റലിലെ നിത്യ സന്ദര്ശകന്. അടുത്തടുത്ത് ഉമ്മന്‍ചാണ്ടിയുടെ നിഴലായി. ഇതുവരെ കൈവിട്ടിട്ടില്ല. ഇപ്പോഴും പേഴ്സണല്‍ സ്റ്റാഫില്നിന്ന്ം ഒഴിവാക്കിയിട്ടില്ല. ജോപ്പന്റെ കൈയില്‍ എപ്പോഴും രണ്ട് ഫോണ്‍. ഒരു നമ്പര്‍ ഇപ്പോഴും അധികമാര്‍ക്കുമറിയില്ല. ആ നമ്പരുകളില്‍നിന്നുള്ള വിളികളുടെ കണക്ക് വരാനിരിക്കുന്നു. അതും ഉമ്മന്‍ചാണ്ടിക്കുവേണ്ടിയുള്ള ഫോണ്‍ തന്നെ. ഇതില്‍നിന്ന് സരിതയെയും തിരിച്ചും മറ്റ് മാഫിയകളെയും എത്രവട്ടം ബന്ധപ്പെട്ടുവെന്നുകൂടി അറിയുമ്പോള്‍ നാം ഇനിയും ഞെട്ടും.
"പാവം പയ്യന്" തോമസ് കുരുവിള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവകാശപ്പെട്ടു. ഇയാള്‍ക്ക് കോണ്‍ഗ്രസുമായി ബന്ധവുമില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് സ്വദേശമായ കോട്ടയം കുമാരനെല്ലൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തമ്പാന് തോമസ്. സോളാര്‍ തട്ടിപ്പ് കേസ് ഹൈക്കോടതിയിലും എത്തിക്കഴിഞ്ഞു. കരുണാകരനെതിരെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ച പേരായിരുന്നു പാവം പയ്യന്. അന്ന് കരുണാകരന്റെ വിശ്വസ്തനായിരുന്ന സി എല്‍ ആന്റോ എന്ന പാവം പയ്യനാണ് ഉമ്മന്‍ചാണ്ടിയുടെ കൂട്ടുകൃഷിയായ ടീം സോളാറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. താന്‍ സമര്‍പ്പിച്ച മാലിന്യ സംസ്കരണ-ഊര്‍ജ പദ്ധതികളെ തഴഞ്ഞ് ടീം സോളാര്‍ എന്ന തട്ടിപ്പ് സ്ഥാപനത്തിന് അവസരം നല്‍കിയെന്ന് കാണിച്ചാണ് ആന്റോ കോടതിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പാവം പയ്യനും കൂട്ടാളികള്‍ക്കുമെതിരെ പരാതിയുമായി കരുണാകരന്റെ പാവം പയ്യന്. അന്നത്തെ മറിയം റഷീദയ്ക്ക് പകരം നാടന്‍ സുന്ദരി- സരിത എസ് നായര്‍. സ്ത്രീവേഷങ്ങള് ഒന്നല്ല. സീരിയല്‍ നടി ശാലുമേനോന് ഈ തട്ടിപ്പ് സംഘത്തിലെ മുറിയാത്ത മറ്റൊരു കണ്ണി. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒന്നര മണിക്കൂറാണ് ചങ്ങനാശ്ശേരിയില്‍ ശാലുമേനോന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ ചെലവിട്ടത്. മന്ത്രിയെ സ്വീകരിച്ചാനയിച്ചതുള്പ്പെടെ എല്ലാറ്റിനും ഓടിച്ചാടി നടന്നത് ബിജു രാധാകൃഷ്ണണ്‍. അപ്പോഴും ബിജു തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളിയായിരുന്നു. ഭാര്യയെ ചാരായത്തില്‍ വിഷം കൊടുത്ത ശേഷം കുളിമുറിയിലിട്ട് ചവിട്ടിക്കൊന്ന കേസിലെ പ്രതി. ആഭ്യന്തരമന്ത്രി "ഒന്നുമറിഞ്ഞതേ"യില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിയുമായിരിക്കെയാണ് ബിജുവിന്റെ ഭാര്യ രശ്മി കൊല്ലപ്പെട്ടത്. ഇതിനും ഏതാനും മാസങ്ങള്‍ക്കുമുമ്പ് രശ്മി കരമന പൊലീസില്‍ പരാതി നല്‍കിയിരുന്നു. സരിതയുമായുള്ള (സരിത അന്ന് ലക്ഷ്മി നായര്‍ ആയിരുന്നു) ബന്ധം എതിര്‍ത്തതിന്റെ പേരില്‍ മര്‍ദിച്ചുവെന്നും തന്റെ ജീവന് ഭീഷണി ഉണ്ടെന്നും.
2006 ഫെബ്രുവരി നാലിനാണ് ബിജുവിന്റെ വീട്ടില്‍ രശ്മി കൊല്ലപ്പെട്ടത്. അന്ന് ഉച്ചയ്ക്ക് ആ വീട്ടില്‍ സരിതയെത്തി. രശ്മിയെ വകവരുത്തിയപോലെ, ശാലുമേനോനൊപ്പം കഴിയാന്‍ തന്നെ വകവരുത്തുമെന്ന് സരിത കരുതിയോ? അതല്ല, സരിതയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം തനിക്ക് വിനയാകുമെന്ന് ബിജു കരുതിയോ? അതോ തട്ടിപ്പു മൂടിവയ്ക്കാന്‍ പരസ്പരം ശത്രുക്കളാണെന്ന് അഭിനയിക്കുകയോ? ഉമ്മന്‍ചാണ്ടി അധികാരത്തില്‍ ഇരുന്നാല്‍ ഈ ചോദ്യങ്ങള്‍ വായുവില്‍ ലയിക്കും; തട്ടിപ്പുകാരുടെ സംഘം മുന്നോട്ടുപോകും. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം അറിയാം. പലരും ഉമ്മന്‍ചാണ്ടിക്കെതിരെ പറയില്ല-നശിപ്പിച്ചു കളയും എന്നോര്‍ത്ത്. ജോപ്പനും ജിക്കുവും പരല്മീനുകള് മാത്രം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനിയുമുണ്ട് ദിവ്യന്മാര്. പ്രതിമാസം വെറും ഒരു രൂപമാത്രം പ്രതിഫലത്തില്‍ നാടിനെ സേവിക്കുന്ന ഉപദേഷ്ടാവുള്പ്പെടെ. അതിനു പുറമെ ഉമ്മന്‍ചാണ്ടിയുടെ സ്പെഷ്യല്‍ മന്ത്രിസഭാഗ്രൂപ്പും. (അവസാനിക്കുന്നില്ല)
എം രഘുനാഥ് deshabhimani
നാലാം ഭാഗം : ഒരു രൂപ ശമ്പളം, ഉലകം ചുറ്റും വാലിബന്
No comments:
Post a Comment