Saturday, June 15, 2013

ക്ലീന്‍ മുഖം മൂടി അഴിഞ്ഞുവീണു

ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ക്ലീന്‍ മുഖംമൂടി അഴിഞ്ഞുവീഴുന്നു. കേരളത്തിലും വിദേശങ്ങളില്‍ പോലും കോടികളുടെ തട്ടിപ്പുനടത്തി അകത്തായ സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിതബന്ധമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രവഹിച്ചതോടെ മുഖ്യമന്ത്രി തന്റെ രാഷ്ട്രീയ ചരിത്രത്തിലുമുണ്ടാകാത്ത പ്രതിസന്ധിയുടെ ആഴക്കയങ്ങളിലേയ്ക്ക്.

തന്റെ പി എ ടെന്നി ജോപ്പനേയും ഗണ്‍മാന്‍ സലിം രാജിനേയും ജോലിയില്‍ നിന്നും പിരിച്ചുവിട്ട് മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടയിലും മുഖ്യമന്ത്രിയുടെ മുഖത്ത് കൂടുതല്‍ കരിപൂശപ്പെടുന്ന രാഷ്ട്രീയ ദുരന്തം. സരിതയുമായി ഫോണില്‍ ബന്ധപ്പെട്ട മറ്റൊരു പി എ യും മുഖ്യമന്ത്രിയുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ സെല്ലിന്റെ ചുമതലക്കാരനുമായ ജിക്കുമോന്‍ ജോസഫിനെയും ഇന്നു പിരിച്ചുവിട്ടേക്കും. ഒന്നുംപ്രതികരിക്കാതെ നില്‍ക്കുന്ന ജോപ്പന്‍ തന്നെ കൂടുതല്‍ പേരുകള്‍ ചോര്‍ത്തിക്കൊടുത്തിത്തുടങ്ങിയെന്നും സൂചനയുണ്ട്.

ഇതെല്ലാം നടക്കുമ്പോള്‍ ഇന്ദിരാഭവനില്‍ നിന്നുയരുന്ന നിര്‍വൃതി നിറഞ്ഞ ചിരിക്ക് ഒരു മധുരമായ പകവീട്ടലിന്റെ പരിവേഷവുമുണ്ട്. എ ഗ്രൂപ്പിലാകട്ടെ ഐ ഗ്രൂപ്പാണ് മുഖ്യമന്ത്രിക്കെതിരായ ഇപ്പോഴത്തെ വെളിപ്പെടുത്തലിനുപിന്നിലെന്ന രോഷം തിളയ്ക്കുന്നു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കാകട്ടെ കോണ്‍ഗ്രസ് നയിക്കുന്ന മന്ത്രിസഭയുടെ അടിത്തറയുലച്ച ആരോപണ സുനാമിക്കിടയിലും രമേശ് പാലിക്കുന്ന വാചാലമായ മൗനവും അര്‍ഥംവെച്ചുള്ള ചിരിയും. രാഷ്ട്രീയ നിരീക്ഷകര്‍ ഇതു പേര്‍ത്തും പേര്‍ത്തും ആസ്വദിക്കുന്നു.

തട്ടിപ്പുരാജ്ഞി സരിത എ ഗ്രൂപ്പുകാരിയാണോ എന്നു തോന്നിക്കുംവിധം തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അമ്പുകൊള്ളുന്നവരെല്ലാം എ ഗ്രൂപ്പുകാരാണെന്നതാണ് അവരെ ഞെട്ടിപ്പിക്കുന്നത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ് എന്നിവരും സരിതയുമായി ഫോണില്‍ സംസാരിച്ചുവെന്ന തെളിവുകള്‍ പുറത്തുവന്നതിന്റെ ഉറവിടവും ഐ ഗ്രൂപ്പാണെന്ന കലിയിലാണ് എ  ഗ്രൂപ്പ്. തീവ്ര എ ഗ്രൂപ്പുകാരനെങ്കിലും സൗമ്യനായ കെ സി ജോസഫ് ഇന്നലെ പൊട്ടിത്തെറിച്ചതും യാദൃശ്ചികമല്ല. മുഖ്യമന്ത്രിയേയും കൂടെയുള്ളവരേയും പൊതുസമൂഹത്തില്‍ കരിവാരിത്തേച്ചു നിര്‍ത്തിയത് ഐ ഗ്രൂപ്പുകാരനാണെന്നു പരസ്യമായി പറയാന്‍ വയ്യാത്തതിനാല്‍ അദ്ദേഹത്തിന്റെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനു നേരെയായിരുന്നു.

മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അദ്ദേഹത്തിന്റെ ഓഫീസിനു നേരെ ആരോപണങ്ങളുടെ വെടിയുതിര്‍ത്ത ജോര്‍ജിന്റെ വെളിപ്പെടുത്തലോടെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാറില്‍ നിന്നു മണിക്കൂറുകള്‍ക്കകം ഇടക്കാല റിപ്പോര്‍ട്ട് വരുത്തി  ജോപ്പനേയും ഗണ്‍മാന്‍ സലിം രാജിനേയും തിരക്കിട്ടു പിരിച്ചുവിട്ട് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി ദയനീയ ശ്രമം നടത്തിയത്. വളരെ നേരത്തേതന്നെ സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള വഴിവിട്ട ബന്ധത്തെകുറിച്ച് മുഖ്യമന്ത്രിക്ക് ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹമതു ചെവിക്കൊണ്ടില്ല. തനിതരികിടയും മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ വെപ്പാട്ടിയുമാണു സരിതയെന്ന് താന്‍ മുഖ്യമന്ത്രിക്കും ജോപ്പനും മുന്നറിയിപ്പു നല്‍കിയകാര്യം ചീഫ് വിപ്പ് ഇന്നലെയും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി കാര്യാലയത്തിലെ ഉന്നതര്‍ പോലും ജോപ്പന്റെയും കൂട്ടാളികളുടെയും കറുത്ത ഇടപാടുകളെ കുറിച്ചു ഉമ്മന്‍ചാണ്ടിക്കു സൂചന നല്‍കിയിരുന്നുവെന്നറിയുന്നു.

എന്നാല്‍ സരിത അറസ്റ്റിലായതിന്റെ പിറ്റേന്നു മാത്രമാണ് ജോര്‍ജ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നു പറഞ്ഞമുഖ്യമന്ത്രി എന്തുകൊണ്ട് കയ്യോടെ അന്വേഷണം നടത്തി ജോപ്പനെയും സലിം രാജിനേയും പിരിച്ചുവിട്ടില്ല എന്ന ചോദ്യവും ഐ ഗ്രൂപ്പില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. ആകെ മുഖ്യമന്ത്രിയുടെ ക്യാമ്പ് അങ്കലാപ്പിലാണ്. പ്രതികാരദാഹവുമായി വരും ദിനങ്ങളില്‍ ഐ ഗ്രൂപ്പ് കേന്ദ്രങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തൊഴുകുമെന്ന ഭീതിയും മുഖ്യമന്ത്രിയേയും കൂട്ടാളികളേയും ചൂഴ്ന്നു നില്‍ക്കുന്നു. ഒപ്പം പുതിയ രാഷ്ട്രീയവെടിക്കെട്ടുകള്‍ക്കു രാഷ്ട്രീയ കേരളം കാതോര്ക്കുകയും ചെയ്യുന്നു.
(കെ രംഗനാഥ്)

25 കോടിയുടെ ഭൂമി നഷ്ടപ്പെടുത്താന്‍ നീക്കം

കോട്ടയം: വൃദ്ധയായ വിധവയുടെയും  മക്കളുടെയും വീടും വസ്തുവും അന്യാധീനപ്പെടുത്തുവാന്‍  മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതായി പരാതി. സോളാര്‍ തട്ടിപ്പ് കേസില്‍ നടപടിക്ക് വിധേയനായ സലിം തന്റെ ബന്ധുക്കള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തത് സംബന്ധിച്ചാണ് എറണാകുളം ഇടപ്പള്ളി  പത്തടിപ്പാലം വി എം ബി റോഡില്‍ പരേതനായ കാദര്‍പിള്ളയുടെ ഭാര്യ 76 വയസുള്ള ഷെരീഫ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഷെരീഫയുടെ മക്കളായ എ കെ നാസറും നൗഷാദും വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിലെത്തി നേരിട്ടാണ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് സോളാര്‍ തട്ടിപ്പില്‍ കൂടി പങ്കുണ്ടെന്ന് കണ്ടെത്തിയ സലീമിനെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി.

86 വര്‍ഷമായി തലമുറകള്‍ കൈമാറി ലഭിച്ച ഷെരീഫയുടെയും മക്കളുടെയും പേരിലുള്ള ഭൂമി അയല്‍വാസിയും ഗണ്‍മാന്‍ സലീമിന്റെ ബന്ധുവുമായ ഇല്ലിക്കല്‍  കെ എച്ച് അബ്ദുല്‍സലാം നല്‍കിയ വ്യാജ പരാതിയില്‍ സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റിയതിനെതിരെയാണ് ഇവര്‍ പരാതിയുമായി എത്തിയത്.

അയല്‍വാസിയുമായി ഷെരീഫയ്ക്കും മക്കള്‍ക്കും വസ്തുസംബന്ധമായ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇവ കോടതിയുടെ പരിഗണനയില്‍ നില്‍ക്കുകയുമാണ്. ഇതിനിടയിലാണ് ലാന്റ് റവന്യു കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം കരം അടക്കുന്നത് തടസപ്പെടുത്തുകയും തീറാധാരമായി ലഭിച്ച വസ്തുവിന്‍മേല്‍  ജന്മാവകാശമോ പട്ടയമോ ലഭിച്ചിട്ടില്ലെന്ന ബാലിശമായ വാദം നിരത്തി കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം 111 സെന്റ് സ്ഥലവും ഇവരുടെ വീടുകളും സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന തെറ്റായ നിഗമനത്തില്‍ 2012 സെപ്തംബറിര്‍ 24 ന് ലാന്റ് റവന്യു കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാകലക്ടര്‍ തഹസില്‍ദാര്‍ വഴി ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെതിരെ ഷെരീഫയും മക്കളും ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു.

ഹൈക്കോടതിയുടെ സ്റ്റേ ലഭിച്ചിട്ടും 1957 മുതല്‍ കരം അടക്കുന്ന ഭൂമിക്ക് കരം അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് ഓഫീസില്‍ ചെന്നാലും അവിടേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിവരുന്നതായും ഉദ്യോഗസ്ഥര്‍ നീതി നടപ്പാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും ഷെരീഫയും മക്കളും പറയുന്നു.

തലമുറകളായി ലഭിച്ച ഭൂമിക്ക്  ജന്മാവകാശവും പട്ടയവും വാങ്ങേണ്ടതില്ലെന്നാണ് നിയമമെന്നും ഷെരീഫയുടെ മകന്‍ എ കെ നാസര്‍ പറയുന്നു.ഇളങ്ങല്ലൂര്‍ സ്വരൂപം വക ഭൂമിയായതിനാലാണ് നടപടിയെന്ന വാദവും ശരിയല്ലെന്നും ഭൂമിയുടെ അവകാശികള്‍ തങ്ങളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും കോടതി വിധികളും തങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ടെന്നാണ് നാസര്‍ പറയുന്നത്. വ്യാജരേഖകള്‍ ചമച്ചും അധികാരം ദുര്‍വിനിയോഗം ചെയ്തു 25 കോടി രൂപ വിലമതിക്കുന്ന ഭൂമി തങ്ങള്‍ക്ക് നഷ്ടപ്പെടുത്തുവാനുള്ള നീക്കമാണ് അയല്‍വാസിയും അയല്‍വാസിയുടെ ബന്ധുവായ ഗണ്‍മാനും ചേര്‍ന്ന് നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.

janayugom

No comments:

Post a Comment