തലസ്ഥാന നഗരിയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും പൈപ്പു പൊട്ടലും കുടിവെള്ളനിഷേധവും തുടര്‍ക്കഥയാവുന്നതിനുപിന്നില്‍ കോടികളുടെ പൈപ്പ് കുംഭകോണം. ഇന്നലെ തലസ്ഥാനത്തും മലപ്പുറത്തും നടന്ന പൈപ്പ്‌പൊട്ടലുകള്‍ പൈപ്പിടപാടുകളിലെ കോഴകളുടെ വിസ്‌ഫോടനം.
38 കോടി രൂപ ചെലവഴിച്ച് തലസ്ഥാനത്ത് ഇപ്പോള്‍ പുതുതായിടുന്ന ലൈനിന് വേണ്ടി വാങ്ങിയ പൈപ്പുകളുടെ ഗുണനിലവാരം തീരെ കുറഞ്ഞതാണെന്ന 'ജനയുഗം' റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജലഅതോറിറ്റി എം ഡിയുടെ ഓഫീസില്‍ ഏതാനും ദിവസം മുമ്പു വിജിലന്‍സ് വിഭാഗം റെയിഡുനടത്തുകയും സുപ്രധാന തെളിവുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഇന്നലെ പൊട്ടിയ പൈപ്പിനു സമാന്തരമായി ഇട്ടു വരുന്ന പുതിയ ലൈനിന് ഉപയോഗിക്കുന്ന സ്റ്റീല്‍പൈപ്പുകള്‍ തിരിമറി കാട്ടി ഗുണനിലവാരം കുറച്ചു നിര്‍മ്മിച്ചവയാണെന്ന തെളിവുകളും വിജിലന്‍സ് അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. പൈപ്പിന്റെ വിലയും പൈപ്പിടാനുള്ള ചെലവുമടക്കമാണ് ജലഅതോറിറ്റി ടെന്‍ഡര്‍ വിളിക്കുന്നത്. പൈപ്പു വാങ്ങി ലൈന്‍ ഇടുന്നത് ഒരേ കരാറുകാരനായതിനാല്‍ പൈപ്പിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതും കരാറുകാരന്‍ തന്നെയാണ്.
ഗുണനിലവാരംകുറഞ്ഞ പൈപ്പുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് ഒത്താശ നല്‍കുന്നത് ജല അതോറിറ്റി എം ഡി അടക്കമുള്ള ഒരു ഉപജാപകസംഘമാണെന്ന ഒരു വിഭാഗം ഉന്നതരുടെ ആരോപണം സ്ഥിരീകരിക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലുകളെന്നും അറിയുന്നഇതിനു വേണ്ടി പെന്‍ഷന്‍ പറ്റി പിരിഞ്ഞ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്‌പെഷല്‍ ഓഫീസര്‍മാരായി പുനര്‍നിയമനം നല്‍കി നിലനിര്‍ത്തിയിരിക്കുന്നത് പൈപ്പ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണത്രേ.
ടെക്‌നിക്കല്‍ മെമ്പറായി അതോറിറ്റിയില്‍ നിന്നും റിട്ടയര്‍ ചെയ്ത കെ സുകുമാരനെ എം ഡിയുടെ ഓഫീസിലും ലോകേശന്‍ നായരെ ജപ്പാന്‍ കുടിവെള്ള പദ്ധതിയിലും ഭാരിച്ച ശമ്പളത്തില്‍ സ്‌പെഷല്‍ ഓഫീസര്‍മാരായി പുനര്‍നിയമനം നല്‍കി കുടിയിരുത്തിയിരിക്കുന്നത് പൈപ്പ് ഇടപാടിലൂടെ കോടികളുടെ ചാകരക്കോളിന് പദ്ധതി മെനയാനാണെന്ന ആരോപണവുമുണ്ട്.
ഇപ്പോള്‍ സ്ഥാപിച്ചുവരുന്ന സ്റ്റീല്‍ പൈപ്പുകള്‍ക്ക് 15 മീറ്റര്‍ നീളവും 10 മില്ലീമീറ്റര്‍ കനവുമുണ്ടായിരിക്കണമെന്നാണ് ഗുണനിലവാര മാനദണ്ഡം. എന്നാല്‍ പൈപ്പിന്റെ രണ്ടറ്റത്തും മാത്രമേ 10 മില്ലീമീറ്റര്‍ കനമുണ്ടായിരിക്കുകയുള്ളൂ. അതുകഴിഞ്ഞുള്ള ഭാഗത്ത് കനം 6 മില്ലീമീറ്റര്‍ വരെ മാത്രമേ ഉണ്ടാകൂ. നീളം മിക്ക പൈപ്പുകള്‍ക്കും 15 മീറ്റര്‍ ഉണ്ടായിരിക്കുകയുമില്ല. പൈപ്പിന്റെ അകവും പുറവും സിമന്റ് കോട്ടിംഗ് ഉള്ളതിനാല്‍ കൃത്രിമം പെട്ടെന്നു കണ്ടു പിടിക്കാനുമാവില്ല. ഇതുസംബന്ധിച്ച വ്യക്തമായ സൂചനകള്‍ വിജിലന്‍സ് അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഇതിനിടെ തലസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന പൈപ്പ് പൊട്ടലും കുടിവെള്ള നിഷേധവും സംബന്ധിച്ച് പൊതുജനവേദി ചെയര്‍മാന്‍ മുണ്ടേല പി ബഷീര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജലഅതോറിറ്റിക്ക് വിശദീകരണം ആരാഞ്ഞ് നോട്ടീസയച്ചിട്ടുണ്ട്.
എന്നാല്‍ പൈപ്പുകളുടെ ഗുണനിലവാര നിര്‍ണ്ണയത്തെ കുറിച്ച് ആരാഞ്ഞുകൊണ്ട് വിവരാവകാശനിയമം അനുസരിച്ച് നല്‍കിയ അപേക്ഷയ്ക്ക് വ്യക്തമായ മറുപടി നല്‍കാതെ ജല അതോറിറ്റി നടത്തിയ ഉരുണ്ടുകളിയും അതോറിറ്റിയില്‍ നടന്നുവരുന്ന ഭീമമായ കോഴയിടപാടുകളിലേക്കാണ് വെളിച്ചം വീശുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
( കെ രംഗനാഥ്)
janayugom
No comments:
Post a Comment