Sunday, June 16, 2013

ആന്റണി പ്രവര്‍ത്തക സമിതിയില്‍ തുടരും; സതീശന്‍ എഐസിസി സെക്രട്ടറി

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി എഐസിസി പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി 21 അംഗ പ്രവര്‍ത്തക സമിതിയില്‍ തുടരും. മുന്‍ മന്ത്രി സി പി ജോഷിയെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് വി ഡി സതീശന്‍ എഐസിസി സെക്രട്ടറിയായി. രാജിവെച്ച കേന്ദ്ര മന്ത്രി അജയ് മാക്കനാണ് എഐസിസിയുടെ പുതിയ മാധ്യമ വിഭാഗം തലവന്‍. എട്ടു വര്‍ഷമായി ജനാര്‍ദ്ദന്‍ ദ്വിവേദിയായിരുന്നു മാധ്യമ വിഭാഗം മേധാവിയായിരുന്നത്.

മധുസൂദന്‍ മിസ്ത്രിയെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്. മുകുള്‍ വാസ്നിക്കിനാണ് കേരളത്തിന്റെ പുതിയ ചുമതല. 12 പുതിയ ജനറല്‍ സെക്രട്ടറിമാര്‍, സ്വതന്ത്ര ചുമതലയുള്ള 42 സെക്രട്ടറിമാര്‍ എന്നിവരാണ് പുന:സംഘടനയിലുള്ളത്. ഓരോ സെക്രട്ടറിക്കും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പോഷക സംഘനടകളുടെ ചുമതല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടര്‍ന്നു വഹിക്കും. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അഹമ്മദ് പട്ടേലും ട്രഷററായി മോത്തിലാല്‍ വോറയും തുടരും.

സി പി ജോഷിയും രാജിവെച്ചു; മന്ത്രിസഭ പുന:സംഘടന നാളെ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘനയുടെ ഭാഗമായി ഉപരിതലഗതാഗത മന്ത്രി സി പി ജോഷിയും രാജിവെച്ചു. അജയ് മാക്കന്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. കൂടുതല്‍ മന്ത്രിമാര്‍ ഇനിയും രാജിവെച്ചേക്കുമെന്ന് സൂചനയുണ്ട്. മന്ത്രിസഭ പുന:സംഘടന തിങ്കളാഴ്ചയുണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ എട്ട് ഒഴിവുകളാണ് മന്ത്രിസഭയിലുള്ളത്. ഇവ നികത്തുന്നതിന് പുറമെ നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. ശശി തരൂരിന് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി രാജിവെച്ച അശ്വിനി കുമാര്‍, പവന്‍കുമാര്‍ ബന്‍സല്‍ എന്നീ രണ്ടുപേര്‍ രാജിവെച്ചതിന് പുറമെ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ചതിനുശേഷമുള്ള ഒഴിവുകളും നികത്തിയിട്ടില്ല. അതോടൊപ്പം എഐസിസിയിലും ചില മാറ്റങ്ങള്‍ ഉടനെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

deshabhimani

No comments:

Post a Comment