Sunday, June 16, 2013

മുഖ്യമന്ത്രിക്ക് കരിങ്കൊടി: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മര്‍ദനം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. കോട്ടയം ജില്ലാ പൊലീസിന്റെ ഹൈടെക് ആസ്ഥാനമന്ദിരത്തിന് തറക്കല്ലിടാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ കോട്ടയം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ സ്റ്റേഷന്‍ വളപ്പിലേക്ക് കൊണ്ടുപോകുമ്പോഴും സ്റ്റേഷനിലെത്തിച്ചും പൊലീസുകാര്‍ മര്‍ദിച്ചു. ഡിവൈഎസ്പി പി അജിത്ത് എത്തിയാണ് പൊലീസുകാരെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചത്.

ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി എം സുരേഷ്, വൈസ് പ്രസിഡന്റ് സി ടി രാജേഷ്, എ എസ് പ്രശാന്ത്, കെ കെ ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. എ എസ് പ്രശാന്തിന് കൈയ്ക്ക് പൊലീസ്മര്‍ദനത്തില്‍ പരിക്കേറ്റു. കോട്ടയം ബ്ലോക്ക് എക്സിക്യുട്ടീവംഗങ്ങളായ കെ ആര്‍ അജയ്, പ്രവീണ്‍ തമ്പി, വൈസ് പ്രസിഡന്റ് റെനീഷ് കെ രഘു, കമ്മിറ്റിയംഗങ്ങളായ എം പി പ്രതീഷ്, ഡേവിഡ് കഞ്ഞിക്കുഴി, നാട്ടകം മേഖല പ്രസിഡന്റ് ശ്രീകുമാര്‍, സിജു, നീബു, അനു പി രാജ്, കുമാരനല്ലൂര്‍ വെസ്റ്റ് മേഖല പ്രസിഡന്റ് രാജേഷ് ദേവസ്യ, ടി എസ് രാജേഷ്, മോട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിപിഐ എം കോട്ടയം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍, ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.

deshabhimani

No comments:

Post a Comment