Sunday, June 16, 2013

മുഖ്യമന്ത്രി പങ്കാളിയായ ഇത്ര വലിയ തട്ടിപ്പ് കേരളം കണ്ടിട്ടില്ല: പിണറായി

ഒരു മുഖ്യമന്ത്രി പങ്കാളിയായ ഇത്ര വിപുലമായ തട്ടിപ്പുകേസ് കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും സോളാര്‍ കുംഭകോണക്കേസ് പ്രതികള്‍ക്ക് കോടികള്‍ തട്ടാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തരമായി അധികാരമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മന്ത്രിമാരുടെയും ഉള്‍പ്പെടെയുള്ള കുറ്റകരമായ പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന പൊലീസ് സേനയിലെ ഒരു എഡിജിപിയുടെ അന്വേഷണം മതിയാകില്ല. ക്രിമിനല്‍ കേസിനെതിരായ പൊലീസ് നടപടികള്‍ ഊര്‍ജ്ജിതമായും ഫലപ്രദമായും തുടരുന്നതിനോടൊപ്പം മുഖ്യമന്ത്രി രാജിവച്ച് ഉന്നത തലത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

ഒരേസമയം സാമ്പത്തിക ക്രമക്കേടും വന്‍ അഴിമതിയുമാണ് ഭരണത്തണലില്‍ നടന്നിരിക്കുന്നത്. കൊലക്കേസ് പ്രതിയായ ഒരാളും അയാളുടെ രണ്ടാം ഭാര്യയും കൊടും ക്രിമിനലുകളായിരുന്നിട്ടും അവരുടെ വ്യവസായ സംരംഭത്തിന് എന്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു എന്നത് നാടറിയേണ്ട കാര്യമാണ്. 2005-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇവര്‍ക്കെതിരെ 37 ലക്ഷം രൂപയുടെ തട്ടിപ്പിന് ചെന്നൈയിലെ മലയാളി വ്യവസായി പരാതി നല്‍കിയിട്ടും പൊലീസ് കേസ് എടുത്തിരുന്നില്ല എന്ന ആക്ഷേപവും പുറത്തുവന്നിട്ടുണ്ട്. എമര്‍ജിംഗ് കേരളയിലെ കൊട്ടിഘോഷിച്ച പദ്ധതികളിലൊന്നായി സോളാര്‍ തട്ടിപ്പ് കമ്പനി മാറിയതും അതിനു മുമ്പായി തട്ടിപ്പുകേസിലെ ഒന്നാം പ്രതിയുമായി മുഖ്യമന്ത്രി കൊച്ചിയില്‍ ഒരു മണിക്കൂര്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയതും തികച്ചും അസ്വാഭാവികമാണ്. ഡല്‍ഹിയില്‍ അതീവ സുരക്ഷാകേന്ദ്രമായ വിജ്ഞാന്‍ ഭവനില്‍ അടുത്തസമയത്ത് കേസിലെ രണ്ടാം പ്രതിയായ വിവാദ യുവതിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതും ഞെട്ടിക്കുന്നതാണ്.

പേഴ്സണല്‍ സ്റ്റാഫിലുള്ളവരും അല്ലാത്തവരുമായ മുഖ്യമന്ത്രിയുടെ സ്വന്തം ആളുകളായ നാലുപേരുടെ മൊബൈല്‍ ഫോണില്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതിയായ യുവതി നിരന്തരം വിളിച്ചിരുന്നു എന്ന വസ്തുതയിലൂടെ പ്രതിക്കൂട്ടിലായിരിക്കുന്നത് മുഖ്യമന്ത്രിയാണ്. ആധുനിക വിവര വിനിമയ ഉപകരണമായ മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്ലാത്ത മുഖ്യമന്ത്രി എന്ന വ്യാജഖ്യാതി നേടാന്‍ നോക്കിയ ഉമ്മന്‍ചാണ്ടിയുടെ കാപട്യത്തിനു പിന്നില്‍ ഒളിഞ്ഞിരുന്നത് സൂത്രശാലിത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സഹായികളുടെ മൊബൈല്‍ ഫോണ്‍ നിയമവിരുദ്ധമായ ഭരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടാകുമെന്ന് കരുതിയ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിക്കേറ്റ പ്രഹരമാണ് സോളാര്‍ തട്ടിപ്പ് കേസ്.

2500 സ്ക്വയര്‍ ഫീറ്റിനു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് സോളാര്‍ പ്ലാന്റ് നിര്‍ബന്ധിതമാക്കിയ സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനത്തില്‍ അസാധാരണത്വമുണ്ടാകേണ്ട കാര്യമില്ല. എന്നാല്‍, ഈ തീരുമാനത്തിനു പിന്നില്‍ തട്ടിപ്പ് കമ്പനിയെ സഹായിക്കാനുള്ള ലാക്കുമുണ്ടായിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. വന്‍ തട്ടിപ്പ് കേസില്‍ പങ്കാളിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടി കക്ഷി രാഷ്ട്രീയഭേദമന്യേ കേരളീയര്‍ ശക്തമായി ശബ്ദമുയര്‍ത്തണമെന്നും അതിനായി രംഗത്തുവരണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment