Sunday, June 16, 2013

പെട്രോള്‍വില കൂട്ടി ഇത്തവണ രണ്ടര രൂപ

എണ്ണകമ്പനികള്‍ പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ വീണ്ടും കൂട്ടി. വാറ്റ് ഒഴികെയാണിത്. നികുതി അടക്കം പെട്രോളിന് രണ്ടര രൂപ കൂടും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം കുറഞ്ഞതാണ് വിലവര്‍ധനയ്ക്ക് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇതേ കാരണം കാണിച്ച് മെയ് 31ന് പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പെട്രോളിന് തിരുവനന്തപുരത്ത് 66 രൂപയാണ് വില. വര്‍ധനയോടെ ഇത് 68.50 രൂപയാകും.

ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് ജൂണ്‍ ഒന്നിലെ 55.32ല്‍ നിന്ന് 57.08 ആയി ഇടിഞ്ഞതായി കമ്പനികള്‍ പറയുന്നു. അസംസ്കൃത എണ്ണയുടെ വിലയിലും വര്‍ധനയുണ്ടായി. ഇതിനാല്‍ വരുമാനക്കുറവില്‍ വര്‍ധനയുണ്ടായി എന്നാണ് വിശദീകരണം. ഹൈ സ്പീഡ് ഡീസല്‍ ലിറ്ററിന് 6.31 രൂപയും മണ്ണെണ്ണ ലിറ്ററിന് 27.75 രൂപയും പാചകവാതകം സിലിണ്ടറിന് 335 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് ഐഒസി അവകാശപ്പെട്ടു. എണ്ണക്കമ്പനികള്‍ മാസത്തില്‍ രണ്ട് തവണ വില ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വര്‍ധന. ഇന്ധന സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന്റെ ഭാഗമാണിത്. എല്ലാമാസവും വില കൂട്ടി ഒരുവര്‍ഷത്തിനകം ഡീസല്‍ സബ്സിഡി പൂര്‍ണമായും എടുത്തുകളയാന്‍ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് ശേഷം ഓരോ മാസവും ഡീസല്‍ വില കൂട്ടുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞെന്ന് കാണിച്ച് അടിക്കടി വില കൂട്ടുന്നുണ്ടെങ്കിലും മൂല്യം കൂടുമ്പോള്‍ ആനുപാതികമായി വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറല്ല.

deshabhimani

No comments:

Post a Comment