Sunday, June 16, 2013

വെനസ്വേല, ഒപ്പമുണ്ട് ഞങ്ങള്‍

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പിലൂടെ തലയുയര്‍ത്തി നില്‍ക്കുന്ന വെനസ്വേലയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യയില്‍ വെനസ്വേലന്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐയുടെ മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍, ജന. സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാക്കളായ ദേവബ്രത ബിശ്വാസ്, ജി ദേവരാജന്‍ തുടങ്ങിയവര്‍ 17 അംഗ സമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുത്തു.

സമൂഹത്തിന്റെ വിവിധ തുറകളിലെ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി വിപുലപ്പെടുത്തും. വെനസ്വേലന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും മീതെ സാമ്രാജ്യത്വ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കന്‍ നീക്കങ്ങളില്‍ യോഗം കടുത്ത പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലെയും ബൊളിവേറിയന്‍ റിപ്പബ്ലിക്കിലെയും ജനതകള്‍ക്കിടയില്‍ ആഴമുള്ള സൗഹൃദം വളര്‍ത്തുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമിതി പ്രസ്താവനയില്‍ പറഞ്ഞു. സ്വതന്ത്രവും സമാധാനപരവും സമത്വപൂര്‍ണവുമായ സമൂഹം സൃഷ്ടിക്കാന്‍ വെനസ്വേലന്‍ സര്‍ക്കാരും ജനങ്ങളും നടത്തുന്ന ശ്രമങ്ങള്‍ക്ക് സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വെനസ്വേലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നിയമസാധുത ചോദ്യംചെയ്യാന്‍ അമേരിക്ക ശ്രമിക്കുന്ന സാഹചര്യത്തില്‍ ഈ പിന്തുണയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര തെരഞ്ഞെടുപ്പു നിരീക്ഷകരുടെ അംഗീകാരത്തോടെയുള്ള തെരഞ്ഞെടുപ്പാണ് വെനസ്വേലയില്‍ നടന്നത്. സ്വന്തം ഭാവി നിശ്ചയിക്കുന്നതില്‍ വെനസ്വേലന്‍ ജനതയ്ക്കുള്ള അവകാശം അട്ടിമറിക്കാനുള്ള അമേരിക്കന്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. അചിന്‍ വിനയ്ക്, രവി റോയ്, നീലോല്‍പ്പല്‍ ബസു, പല്ലബ് സെന്‍ ഗുപ്ത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment