Monday, June 17, 2013

പ്രതിഷേധം ശക്തം; രാജിക്ക് സമ്മര്‍ദം

സൗരോര്‍ജതട്ടിപ്പ് കേസില്‍ സരിത എസ് നായരെയും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനെയും വഴിവിട്ട് സഹായിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധം ആളിപ്പടരുന്നു. സൗരോര്‍ജ പാനലും കാറ്റാടി വൈദ്യുതിപ്പാടവും വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സരിതയുമായും ബിജുവുമായി മുഖ്യമന്ത്രിക്കുള്ള ഗാഢബന്ധം പുറത്തുവന്നതോടെ രാജിക്ക് സമ്മര്‍ദമേറി. ക്രിമിനലുകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ യുവാക്കള്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധം ഭയന്ന് ഉമ്മന്‍ചാണ്ടി ഞായറാഴ്ച ഉച്ചക്കുശേഷം പൊതുപരിപാടികള്‍ റദ്ദാക്കി.

ഉമ്മന്‍ചാണ്ടി ഒഴിഞ്ഞേ തീരൂവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. മഹിളാ- യുവജനസംഘടനകള്‍ തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നു കണ്ടാല്‍ ആ നിമിഷം അദ്ദേഹം രാജിവയ്ക്കുമെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ കൊച്ചിയില്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ കാക്കണമെന്നും പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണസംഘത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

 ക്രിമിനലുകള്‍ക്ക് ഭരണത്തിന്റെ എല്ലാ തണലുമേകുന്ന ഉമ്മന്‍ചാണ്ടിക്ക് ഞായറാഴ്ചയും ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്നു. കോട്ടയത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധം ഭയന്ന് സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ ഉച്ചക്കുശേഷമുണ്ടായിരുന്ന മൂന്ന് പൊതുപരിപാടി മുഖ്യമന്ത്രി റദ്ദാക്കി. സരിതയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയുമായി ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ രഹസ്യചര്‍ച്ച നടത്തിയെന്ന ബിജു രാധാകൃഷ്ണന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയെ ഊരാക്കുടുക്കിലാക്കി. ഇതിനിടയില്‍ ടീം സോളാര്‍ കമ്പനിയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് മുഖ്യമന്ത്രി വാങ്ങിയതും ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ടിടപെട്ട് തടഞ്ഞതും പുറത്തുവന്നു. ടീം സോളാര്‍ കമ്പനിയുടെ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ ഞായറാഴ്ച പൊലീസ് റെയ്ഡ് നടത്തി. ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു. സരിതയെ അറസ്റ്റ്ചെയ്ത് രണ്ടാഴ്ച ആകുമ്പോഴുള്ള റെയ്ഡ് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒളിവിലാണെന്ന് പൊലീസ് പറയുന്ന ബിജുവിനെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. ഒളിവിലുള്ള ഇയാള്‍ക്ക് ശനിയാഴ്ച ഏഷ്യാനെറ്റ് ചാനലില്‍ ഒരു മണിക്കൂറോളം ഫോണ്‍ അഭിമുഖം നടത്താന്‍ ഒരു തടസ്സവുമുണ്ടായില്ല. ഇയാളെ എങ്ങിനെ ബന്ധപ്പെട്ടെന്ന് അഭിമുഖക്കാരോട് പൊലീസ് ആരാഞ്ഞുമില്ല. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ലക്ഷ്യമിട്ടായിരുന്നു ഫോണ്‍ അഭിമുഖം. അതിനിടെ സരിതയുടെ തിരുവനന്തപുരത്തെ ഓഫീസിനോടനുബന്ധിച്ചുള്ള ബെഡ്റൂമില്‍ ഘടിപ്പിച്ച വെബ് ക്യാമറയും അടുത്ത മുറിയില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന കംപ്യൂട്ടറും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തതായി സൂചനയുണ്ട്. എന്നാല്‍, ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു. ദൃശ്യങ്ങളില്‍ മന്ത്രിമാരടക്കമുള്ള യുഡിഎഫ് ഉന്നതരും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും ഉണ്ടെന്നാണ് പ്രചാരണം. ഇത് ഒരുകാരണവശാലും പുറത്തുപോകരുതെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചു. ചില ഘടകകക്ഷി നേതാക്കള്‍ മുഖ്യമന്ത്രിക്കുവേണ്ടി ദുര്‍ബലമായ വാദമുന്നയിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ ഐ വിഭാഗം പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയിട്ടില്ല. തിങ്കളാഴ്ച യുഡിഎഫ് നേതാക്കളുടെ അടിയന്തരയോഗം ചേരുന്നുണ്ട്.

deshabhimani

No comments:

Post a Comment