Monday, June 17, 2013

പ്രത്യേകസംഘം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍

ഭരണത്തലവന്‍ മുഖ്യ പ്രതിസ്ഥാനത്തെത്തിയ തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന്റെ ദൗത്യം അന്വേഷണം അട്ടിമറിക്കല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസും ഔദ്യോഗിക വസതിയുംവരെ നീണ്ടുകിടക്കുന്ന വേരുകളാണ് സരിതയും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും തട്ടിക്കൂട്ടിയ ടീം സോളാര്‍ കമ്പനിയുടേത്. മുഖ്യമന്ത്രിക്ക് ഇവരുമായുള്ള ബന്ധം മറനീക്കി പുറത്തുവന്നുകഴിഞ്ഞു. മുഖ്യമന്ത്രിയെ ഏതുവിധേനയും കുറ്റവിമുക്തനാക്കുക എന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രഥമദൗത്യം.

തനിക്കും കൂടെനില്‍ക്കുന്നവര്‍ക്കുമെതിരായ ഏത് അന്വേഷണവും അട്ടിമറിക്കാനുള്ള വൈദഗ്ധ്യം ഉമ്മന്‍ചാണ്ടി എത്രയോ തവണ തെളിയിച്ചതുമാണ്. ഇന്റലിജന്‍സ് മേധാവി എഡിജിപി സെന്‍ കുമാറിനായിരുന്നു ഈ കേസില്‍ ആദ്യം അന്വേഷണച്ചുമതല. പൊടുന്നനെ സെന്‍കുമാറിനു പകരം എഡിജിപി ഹേമചന്ദ്രന് ചുമതല കൈമാറി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറയുന്നതനസരിച്ച് സൗരോര്‍ജ പ്ലാന്റ വാഗ്ദാനംചെയ്ത് പണം തട്ടിയ കേസുകളാണ് അന്വേഷണസംഘത്തിന്റെ പരിധിയില്‍ വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും കേന്ദ്രീകരിച്ച് സരിതയ്ക്കും ബിജുവിനും വേണ്ടി നടന്ന ഇടപെടലുകളും വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച് എങ്ങനെയാണ് ഈ സംഘം അന്വേഷിക്കുകയെന്ന് ഇനിയും വ്യക്തമല്ല. തട്ടിപ്പ് സംഘത്തിന്റെ വേരുകള്‍ മുഖ്യമന്ത്രിയിലേക്ക് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യണം. ഭരണത്തലവനായ മുഖ്യമന്ത്രിയെ എഡിജിപിയും ഡിവൈഎസ്പിമാരും ചോദ്യംചെയ്താല്‍ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എന്ന നിലയില്‍ സരിതയെയും ബിജുവിനെയും കാണുക മാത്രമല്ല, അവരുടെ കുടുംബപ്രശ്നം തീര്‍ക്കാന്‍ ഒരു മണിക്കൂര്‍ ചര്‍ച്ചയും തുടര്‍ സംഭാഷണങ്ങളും നടത്തുകകൂടി ചെയ്തു. സ്റ്റാഫംഗങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ഉടന്‍ നടപടിയെടുത്തെന്നവകാശപ്പെടുന്നവര്‍ മുഖ്യമന്ത്രിയുടെ വഴിവിട്ട പങ്ക് വെളിച്ചത്തുവന്നപ്പോള്‍ അന്വേഷണറിപ്പോര്‍ട്ട് വരട്ടെ എന്നു പറഞ്ഞൊഴിയുകയാണ്. മുഖ്യമന്ത്രിയാകട്ടെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.

പാമൊലിന്‍, ടൈറ്റാനിയം, സൈന്‍ ബോര്‍ഡ് തുടങ്ങി തനിക്കെതിരായ ഒട്ടേറെ അന്വേഷണങ്ങള്‍ തകിടം മറിച്ച ചരിത്രമുണ്ട് ഉമ്മന്‍ ചാണ്ടിക്ക്. ശക്തമായ തെളിവുകള്‍ ഉണ്ടെന്നു കണ്ട് നീതിപീഠങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട കേസുകള്‍വരെ ഒരു തുമ്പുമില്ലാത്ത വിധം അട്ടിമറിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ കേസുപേക്ഷിക്കുന്നിടത്തെത്തിച്ചു. പാമൊലിന്‍ കേസില്‍ കുടുങ്ങുമെന്നുറപ്പായ ഘട്ടത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിക്കെതിരെ പി സി ജോര്‍ജിനെ ഇറക്കിവിട്ടതും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതും. 2005ല്‍ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി 2011 മെയ് 13ന് തന്നെ കുറ്റവിമുക്തനാക്കി വിജിലന്‍സ് ഡയറക്ടറെക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുപ്പിച്ചു. അതേവര്‍ഷം ആഗസ്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. ഒടുവില്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, കേസ് വേറെ കോടതിയിലേക്ക് മാറ്റി, ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടും നല്‍കി.

അഞ്ഞൂറ് കോടിയുടെ അഴിമതി നടന്നതായി അന്തരിച്ച മുന്‍ മന്ത്രി ടി എം ജേക്കബ് ആരോപിച്ച സൈന്‍ ബോര്‍ഡ് അഴിമതിക്കേസും ഉമ്മന്‍ചാണ്ടിയുടെ അട്ടിമറിവൈദഗ്ധ്യത്തിന്റെ തെളിവായുണ്ട്. അധികാരമൊഴിയുംമുമ്പ് 2006 മെയ് ആറിന് കേസ് പിന്‍വലിച്ച് ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. എന്നാല്‍, ഇതിനെതിരായ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. 226 കോടി രൂപയുടെ ടൈറ്റാനിയം അഴിമതിക്കേസിനും ഇതേ ഗതിതന്നെയാണുണ്ടായത്. അന്വേഷണം നീട്ടിക്കൊണ്ടുപോയപ്പോള്‍ വിജിലന്‍സ് കോടതിക്ക് അന്ത്യശാസനം പുറപ്പെടുവിക്കേണ്ടി വന്നു. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെയും മന്ത്രിമാരെയും ഒഴിവാക്കി ഉദ്യോഗസ്ഥരെമാത്രം പ്രതിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ് തടിയൂരി.
(കെ എം മോഹന്‍ദാസ്)

deshabhimani

No comments:

Post a Comment