Sunday, June 16, 2013

ഐക്യജനതാദള്‍ എന്‍ഡിഎ വിട്ടു

ഐക്യജനതാദള്‍ എന്‍ഡിഎ സഖ്യം വിട്ടു. എന്‍ഡിഎ കണ്‍വീനറായിരുന്ന ശരദ് യാദവ് സ്ഥാനം രാജിവെച്ചു. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ പ്രചരണകമ്മറ്റി കണ്‍വീനറായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്ത നടപടി പിന്‍വലിക്കണമെന്ന് ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയല്ലെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിക്കണമെന്നും ഐക്യജനതാദള്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ ബിജെപി നേതൃത്വം നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് 17 വര്‍ഷമായി തുടരുന്ന സഖ്യം അവസാനിപ്പിക്കാന്‍ ഐക്യജനതാദള്‍ തീരുമാനിച്ചത്.

ബിഹാര്‍ മന്ത്രിസഭയില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗവര്‍ണറെ അറിയിച്ചു. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്നും നിതീഷ് കുമാര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാണിത്. 122 എംഎല്‍എമാരുടെ പിന്തുണയാണ് ബിഹാര്‍ മന്ത്രിസഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം. ജെഡിയുവിന് 118 എംഎല്‍എമാരാണുള്ളത്. നാല് സ്വതന്ത്രര്‍ സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദമടക്കം 11 മന്ത്രിമാരാണ് ബിജെപിയ്ക്കുള്ളത്.

ഞായറാഴ്ച രാവിലെ ചേര്‍ന്ന ഐക്യജനതാദള്‍ നിര്‍വ്വാഹക സമിതി യോഗം സഖ്യം വേര്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പ്രമേയത്തിന് യോഗം അന്തിമാനുമതി നല്‍കി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയടക്കമുള്ളവര്‍ നിതീഷ് കുമാറുമായി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും അദ്വാനി

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിടുക്കപ്പെട്ട് ഉയര്‍ത്തിയതാണ് ഐക്യജനതാദള്‍ എന്‍ഡിഎ വിടാന്‍ കാരണമായതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഇത് എന്‍ഡിഎയുടെ ശക്തിചോര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിങ്ങിനെ ഫോണില്‍ വിളിച്ചാണ് അദ്വാനി തന്റെ നിലപാട് അറിയിച്ചത്.

മോഡിയെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് അദ്വാനി ബിജെപിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. ആര്‍എസ്എസിന്റെയും ബിജെപി നേതൃത്വത്തിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് പിന്നീട് അദ്ദേഹം രാജി പിന്‍വലിച്ചത്.

deshabhimani

No comments:

Post a Comment