Sunday, June 16, 2013

നേരിട്ടുള്ള ലൈന്‍

ഇടുക്കി നിലയത്തില്‍നിന്ന് നേരിട്ട് ലൈന്‍ വലിക്കുംപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ രീതി. ഇടയ്ക്ക് ട്രാന്‍സ്ഫോര്‍മറോ പോസ്റ്റോ ഒന്നുമില്ല; ഇടപെടലൊക്കെ നേരിട്ട്-ഇതാണ് യഥാര്‍ഥ സാക്ഷിമൊഴി. പി ടി ചാക്കോയാണ് സാക്ഷി. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. മൊഴി സര്‍ക്കാരിന്റെ വെബ്സൈറ്റില്‍തന്നെയുണ്ട്. കുഞ്ഞൂഞ്ഞു കഥകളായി. ഈ പുസ്തകം കോടതിയില്‍ ഹാജരാക്കിയാല്‍ ജോപ്പനും കുരുവിളയുമൊക്കെ രക്ഷപ്പെടും. അല്ലെങ്കില്‍ കൂട്ടുപ്രതികള്‍ മാത്രമായി മാറും. കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ല എന്നേയുള്ളൂ. പക്ഷേ, ""എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ നേരിട്ട് തന്നെ എടുക്കും. സ്പേഷ്യല്‍ ബ്രാഞ്ചുകാര്‍ പുലര്‍ച്ചേ തന്നെ എല്ലാ മന്ത്രിഭവനങ്ങളിലും വിളിച്ച് സെക്യൂരിറ്റിസ്റ്റാഫില്‍നിന്ന് മന്ത്രിമാരുടെ അന്നത്തെ പരിപാടികള്‍ കുറിച്ചെടുക്കുന്ന പതിവുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ സ്പെഷ്യല്‍ബ്രാഞ്ചിന്റെ പതിവുവിളി. അന്നത്തെ പരിപാടികളെല്ലാം സവിസ്തരം അവര്‍ എഴുതിയെടുക്കും. ഒടുവില്‍ "മുഖ്യമന്ത്രി എഴുന്നേറ്റു കാണുമോ" എന്ന് &മലഹശഴ;കുശലം തിരക്കുന്ന ഉദ്യോഗസ്ഥന് "ഉമ്മന്‍ചാണ്ടിയാണ് സംസാരിക്കുന്നത്" എന്നായിരിക്കും മറുപടി."" ഇത് എഴുതിവച്ചതും പി ടി ചാക്കോ തന്നെ. ജോപ്പനൊപ്പം കൂറുള്ള ചാക്കോ.

സൗരോര്‍ജ തട്ടിപ്പുസുന്ദരിക്ക് ജോപ്പന്റെ ഫോണ്‍ ഒരു മാധ്യമം മാത്രം. ഇടുക്കി നിലയത്തില്‍നിന്ന് നേരിട്ടുതന്നെ അങ്ങോട്ട് ലൈന്‍ വലിച്ചതിന്, മുഖ്യമന്ത്രിയുടെ വസതിയിലെ "എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന ഫോണ്‍" തെളിവ്. അവിടെ ഉമ്മന്‍ചാണ്ടി ഉണ്ടെങ്കില്‍ ഫോണെടുത്തിരിക്കും. അതിന് തടസ്സമായി ജോപ്പന്റെ ട്രാന്‍സ്ഫോര്‍മറുമില്ല, ചാക്കോയുടെ ഫ്യൂസുമില്ല, തോമസ് കുരുവിളയുടെ പോസ്റ്റുമില്ല. ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയപ്പോഴും സൂര്യതാപ സുന്ദരി അവിടെ കയറിച്ചെന്നു. സൂര്യന്റെ താപമേറ്റപ്പോള്‍ സെക്യൂരിറ്റി ഭസ്മമായെന്നും സുന്ദരിക്ക് അതീവ സുരക്ഷാമേഖലയിലേക്ക് വഴിയൊരുങ്ങിയെന്നും മറ്റൊരു കുഞ്ഞുകഥ. ആദ്യം ആന്റണിയെ തുരത്തിയും പിന്നെ രണ്ടു സീറ്റിന്റെ ബലത്തിലും മുഖ്യമന്ത്രിപദത്തിലെത്തിയ പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് ആന്റണിയെപ്പോലെയല്ല. കാര്‍ട്ടൂണുകള്‍ക്ക് എളുപ്പം വഴങ്ങുന്ന മുഖംപോലെതന്നെയാണ് മനസ്സും. ഏതു മാഫിയക്കും എപ്പോഴും വഴങ്ങും-കണക്കുതീര്‍ത്ത് കൂലി വാങ്ങുകയുംചെയ്യും. ഒരണ സമരത്തിലൂടെ ശ്രദ്ധേയനായതുകൊണ്ട് അണ-പൈ കണക്കുപറഞ്ഞ് കാശുവാങ്ങുന്നതില്‍ മിടുക്കന്‍. പിരിവുചാണ്ടി എന്നത്രെ ഐ ഗ്രൂപ്പുകാരുടെ കുശുമ്പുവിളി. ആന്റണി കൊടുത്തതാണ് എന്നും എടുത്തത്. 1967ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം ആന്റണിയില്‍നിന്ന് ഏറ്റെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായതും അതേ വഴിയില്‍. അങ്ങനെ ഗുരുവും ശിഷ്യനുമായി കുറെ വര്‍ഷങ്ങള്‍. അന്ന് ആന്റണിഗ്രൂപ്പ് എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പാണ്. ലീഡറെ ചാരനാക്കി ആന്റണിയെ മുഖ്യനാക്കിയത് "ഓസി"യുടെ കുഞ്ഞുബുദ്ധിയിലുദിച്ച നാടകമായിരുന്നു. അന്നെല്ലാം ആന്റണിയെ മുന്നിലിരുത്തി പിന്നിലിരുന്ന് ഡ്രൈവ്ചെയ്തത് ശിഷ്യനായ ഉമ്മന്‍ചാണ്ടിയാണ്. ഗുരുദക്ഷിണയായി ആന്റണിക്കു കിട്ടിയത്, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഡല്‍ഹിയിലേക്കുള്ള ടിക്കറ്റാണ്. അവിടെയും പകരക്കാരനായി "ഓസി"തന്നെ. ദുരൂഹതയും ഉപജാപവുമാണ് കൂടപ്പിറപ്പുകള്‍. എല്ലാം സുതാര്യമെന്നു പറയും, അതിന്റെ മറവില്‍ വേണ്ടതെല്ലാം നടക്കുകയും ചെയ്യും. മുഖ്യമന്തിയുടെ ഓഫീസില്‍ സദാ കണ്ണുതുറന്ന ക്യാമറയുണ്ട്. അതും നോക്കിയിരിക്കുന്നവര്‍ അവിടെ ഭ്രാന്തന്‍ കയറിയിരിക്കുന്നത് കണ്ട് വാപൊളിക്കുമ്പോള്‍ ഒളിവിലും മറവിലും കൂറ്റന്‍ കരാറും ഇടപാടും സംഭവിക്കും. എല്ലാം അറിയുന്ന കരുണാകരനെ പറ്റിച്ച പാരമ്പര്യമാണ് മൂലധനം. ആരെയും എപ്പോഴും വെട്ടും.

ഉപജാപത്തിന് സിന്‍ഡിക്കറ്റുണ്ട്. പുറമേക്ക് ശത്രുവെന്നു തോന്നുന്ന പലരുമായും "ഓസി"ക്ക് മറവില്‍ അഗാധ ബന്ധമുണ്ടാകും. ആളുകള്‍ കാണ്‍കെ കീരിയും പാമ്പും അഭിനയിച്ച്, ആരും കാണാതെ ചേട്ടനും അനിയനുമായി ഉപജാപം ഭക്ഷിക്കും. എങ്ങനെ വീണാലും ഉമ്മന്‍ചാണ്ടി നാലുകാലിലാകും. പൊതുജനമധ്യത്തില്‍ വിവസ്ത്രനായാലും അതിന് ന്യായം കണ്ടെത്തും. അതിന് സഹായം മാധ്യമ സുഹൃത്തുക്കളാണ്. ആ മാധ്യമ സുഹൃത്തുക്കളിലേക്കുള്ള പാലമാണ് ജോപ്പനും കുരുവിളയും മറ്റും. ജോപ്പനെയും ഉമ്മന്‍ചാണ്ടിയെയും കുറിച്ച് നാലക്ഷരം എഴുതാന്‍ പാടില്ല എന്ന് തീരുമാനിക്കുന്ന മാധ്യമങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാല്‍ പലരും പലതും കണ്ട് ഞെട്ടും. പാതിര നേരത്ത് സൂര്യനുദിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ കോലം എങ്ങനെയിരിക്കുമെന്ന് അവര്‍ക്കാണറിയുക അവരത് മിണ്ടുകയേ ഇല്ല. അതുകൊണ്ട് ജോപ്പന്‍ ഗള്‍ഫിലൊന്നും പോകില്ല. കൊട്ടാരക്കരയിലെ കൊട്ടാരത്തില്‍ സസുഖം വാഴും-ഓസി വാഴിക്കും.

സൂക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment